വിഴിഞ്ഞം: ഒ. രാജഗോപാല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Friday 1 August 2014 4:34 pm IST

തിരുവനന്തപുരം: 2025-ല്‍ പൂര്‍ത്തിയാക്കപ്പെടാന്‍പോകുന്ന ആറു മദര്‍പോര്‍ട്ടുകളില്‍ ഒന്നായി വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കണമെന്ന് ബിജെപി നേതാവും അനന്തപുരി സമഗ്ര വികസന സമിതി ചെയര്‍മാനുമായ ഒ. രാജഗോപാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖം കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ രാവിലെ സന്ദര്‍ശിച്ച് മെമ്മോറാണ്ടം നല്‍കിയശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കാനിരിക്കുന്ന 17 ഇന പരിപാടികളില്‍ ഒന്നായ കിഴക്കന്‍-പടിഞ്ഞാറന്‍ തീരങ്ങളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് രേഖാമുലം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി ഓ.രാജഗോപാലിന് ഉറപ്പ് നല്‍കി. രാജ്യാന്തര കണ്ടയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് മദര്‍പോര്‍ട്ട് എന്നനിലയില്‍ വിഴിഞ്ഞത്തെ ലോകോത്തരനിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനെതിരായി ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആശങ്ക അദ്ദേഹം ഒ. രാജഗോപാലുമായി പങ്കുവച്ചു. സമിതി രക്ഷാധികാരി അഡ്വ അയ്യപ്പന്‍പിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. അശോക്കുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് എന്നിവരും ഒ. രാജഗോപാലിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.