സിബിഐയുടെ അധഃപതനം

Friday 30 September 2011 10:33 pm IST

രാജ്യത്തെ അംഗീകൃത കുറ്റാന്വേഷണ ഏജന്‍സിയായി കേരളത്തില്‍ ജനപിന്തുണ നേടിയ സിബിഐ ഇന്ന്‌ വിശ്വാസ്യത നഷ്ടപ്പെട്ട പരിഹാസ്യമായ മുഖം പേറുന്ന സംവിധാനമായി ജനശ്രദ്ധയില്‍ വന്നത്‌ 2 ജി സ്പെക്ട്രം കേസിലാണ്‌. അധികാരസ്ഥാനങ്ങങ്ങള്‍ നിയന്ത്രിക്കുന്ന വെറും പാവയായി ഇപ്പോള്‍ സിബിഐ ചിത്രീകരിക്കപ്പെടുന്നു. വിവാദ വിഷയമായ 2 ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ റോള്‍ തെളിയിക്കുന്ന പല രേഖകളും പരിശോധിച്ച്‌ ധനമന്ത്രാലയം ചിദംബരം യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ 2 ജി അഴിമതി ഒഴിവാക്കാമായിരുന്നു എന്ന്‌ പ്രധാനമന്ത്രിക്കെഴുതിയ നോട്ട്‌ വിവരാവകാശ കമ്മീഷന്‍ രേഖയുടെ ഭാഗമായി ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട ശേഷവും അധികാരഗര്‍വുപയോഗിച്ച്‌ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പ്രണാബ്മുഖര്‍ജിയെക്കൊണ്ട്‌ സോണിയാഗാന്ധി നിലപാട്‌ തിരുത്തിച്ച്‌ പ്രധാനമന്ത്രിയും ചിദംബരവും കുറ്റവിമുക്തരാണെന്ന്‌ മാധ്യമങ്ങള്‍ മുമ്പാകെ പറയിപ്പിച്ചു.
പ്രണബിന്റെ ദയനീയ ചുറ്റുപാട്‌ മനസിലാക്കാവുന്നതാണ്‌. പക്ഷെ നിഷ്പക്ഷ അന്വേഷണം നടത്തേണ്ട സിബിഐ അന്ന്‌ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്‌ 2 ജി ഇടപാടില്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നു. ലേലം ഒഴിവാക്കി ആദ്യം വന്നവര്‍ ആദ്യം എന്ന നിലയില്‍ 2ജി സ്പെക്ട്രം വിറ്റത്‌ രാജയുടെ സ്വേഛാ തീരുമാനമാണെന്നും ചിദംബരം പരിശുദ്ധനാണെന്നും റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നു.
സിബിഐ ഒരുപടികൂടി കടന്ന്‌ 2 ജി ഇടപാടിലെ പരോക്ഷ ഗുണഭോക്താക്കളായ വീഡിയോകോണിനെയും ഡാറ്റ ഡോട്ട്‌ കോമിനെയും കൂടാതെ ടാറ്റ ടെലിസര്‍വീസസിനെക്കൂടി 2 ജി കുരുക്കില്‍നിന്ന്‌ രക്ഷപ്പെടുത്താനാണ്‌. ഈ മഹാമനസ്കര്‍ കനിമൊഴിക്കും മറ്റും നല്‍കിയത്‌ സേവന ഡൊണേഷന്‍ ആണെന്നും സിബിഐ കണ്ടുപിടിച്ചിരിക്കുന്നു. 2 ജി തീരുമാനം മേജര്‍ പോളിസി തീരുമാനമായിരിക്കെ ചിദംബരത്തിന്‌ ഒറ്റക്ക്‌ ഈ തീരുമാനം എടുക്കാന്‍ കഴിയില്ല എന്ന്‌ സിബിഐ പറയുന്നു! മാധ്യമങ്ങളെയും സിബിഐ കുരിശിലേറ്റുന്നു. മാധ്യമങ്ങള്‍ തലക്കെട്ടുണ്ടാക്കാന്‍ വേണ്ടിയാണത്രേ ഈ തെറ്റ്‌ ചൂണ്ടിക്കാണിച്ചത്‌. ഈ കേസില്‍ സ്വതന്ത്ര അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിക്കാനുള്ള സാധ്യത സിബിഐയെ പരിഭ്രാന്തരാക്കുന്നു. എസ്‌എടി വന്നാല്‍ തങ്ങളുടെ തനിനിറം പുറത്താകുമെന്ന്‌ ഭയപ്പെടുന്ന സിബിഐ ട്രായ്‌, നിയമ-കമ്പനികാര്യ മന്ത്രാലയമോ ഇതില്‍ ഇടപെടരുതെന്നും വിലക്കുന്നു. സിബിഐ വിശ്വാസ്യത നഷ്ടപ്പെട്ട്‌ അപഹാസ്യമായ ഏജന്‍സിയായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.