ഗുരുദേവ ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കം

Saturday 2 August 2014 10:57 pm IST

കോട്ടയം: നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ 9 വരെ ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം നടക്കും. ശിവഗിരി മഠത്തിലെ ബ്രഹ്മസ്വരൂപാനന്ദ മുഖ്യ ആചാര്യനായിരിക്കും. യജ്ഞത്തിന്റെ മുന്നോടിയായി എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ യജ്ഞവേദിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക കാണക്കാരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ഗ്രന്ഥം കുറിച്ചി അദ്വൈതവിദ്യാശ്രമത്തില്‍ നിന്നും വിഗ്രഹം എലിക്കുളം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ദീപം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ നിന്നും പ്രത്യേക തയ്യാറാക്കിയ വാഹനങ്ങളില്‍ ഘോഷയാത്രയായി നാഗമ്പടത്തുള്ള 1338 കോട്ടയം ടൗണ്‍ (ബി) ശാഖ മന്ദിരത്തില്‍ എത്തിച്ചേര്‍ന്നു. നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എത്തിയ ഘോഷയാത്രയെ യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ച് നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ സജ്ജീകരിച്ചിട്ടുള്ള യജ്ഞവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് യജ്ഞവേദിയില്‍ യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ പതാക ഉയര്‍ത്തി. യജ്ഞചാര്യന്‍ ബ്രഹ്മസ്വരൂപാനന്ദസ്വാമികള്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ ധര്‍മ്മചൈതന്യ സ്വാമി ദീപാര്‍പ്പണം നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യാതിഥി ആയിരുന്നു. 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വര്‍ണ്ണാഭമായി തയ്യാറാക്കിയിട്ടുള്ള യജ്ഞശാലയുടെ രൂപകല്പന ആര്‍ടിസ്റ്റ് സുജാതന്റേതാണ്. യജ്ഞത്തിന്റെ ആദ്യദിനമായ ഇന്ന് ഗണപതിഹോമം, ഗുരുപൂജ, ഗ്രന്ഥനമസ്‌കാരം എന്നീ ചടങ്ങുകള്‍ക്കുശേഷം ഗുരുദേവന്റെ മാതാപിതാക്കളെ കുറിച്ചുള്ള വര്‍ണ്ണന, ജനനവും വിദ്യാഭ്യാസവും, പരിവ്രാജകവൃത്തി എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും. വൈകിട്ട് 6ന് ദീപാരാധനയും ഭജനയും നടക്കും. രണ്ടാം ദിവസം ഗുരുദേവന് അമ്മാവന്‍ നല്‍കുന്ന ഉപദേശം, തീര്‍ത്ഥയാത്രയും കന്യാകുമാരിയിലും മരുത്വാമലയിലുമുള്ള വാസം, അയ്യാവു സ്വാമികളെ കണ്ടെത്തുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും സുബ്രഹ്മണ്യോപാസനയും എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും. മൂന്നാം ദിവസം സുബ്രഹ്മണ്യഭഗവാന്റെ പ്രത്യക്ഷപ്പെടല്‍, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി മഠത്തിന്റെ സ്ഥാപനവും ശാരദാപ്രതിഷ്ഠയും എന്നീ ഭാഗങ്ങളും നാലാം ദിവസം ശാസ്ത്ര തത്ത്വകഥനം, ക്രൈസ്തവാചാര്യന്മാരുമായുള്ള സംവാദം, അദ്വൈതാശ്രമ സ്ഥാപനം, അഞ്ചാംദിവസം ആത്മോപദേശം, സര്‍വ്വമത സമ്മേളനം, എസ്എന്‍ഡിപി യോഗോരംഭം, ആറാം ദിവസം മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സന്ദര്‍ശനം, വൈക്കം സത്യഗ്രഹ സമരം, മഹാത്മാഗാന്ധിയുടെ ശിവഗിരി സന്ദര്‍ശനം, ഏഴാം ദിവസം ഏകമത സിദ്ധാന്ത വ്യാഖ്യാനം, ശ്രീനാരായണ ധര്‍മ്മ സംഘം സ്ഥാപനം, മഹാസമാധി എന്നീഭാഗങ്ങള്‍ വായിച്ച് സമര്‍പ്പിക്കും. തുടര്‍ന്ന് അവഭൃഥസ്‌നാനം, സര്‍വ്വൈശ്വര്യപൂജ എന്നിവയും നടക്കും. യജ്ഞമണ്ഡപത്തിലെ ദീപം ക്ഷേത്രചൈനത്യത്തില്‍ ലയിപ്പിക്കുന്നതോടെ ഈവര്‍ഷത്തെ ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.