എസ്ഡിപിഐ ആക്രമണം: കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ സ്തംഭിച്ചു; ഒരാള്‍ക്ക് പരിക്ക്

Saturday 2 August 2014 11:21 pm IST

മട്ടാഞ്ചേരി: തൊഴില്‍ പിടിച്ചെടുക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ നടന്ന ഇസ്ലാമിക സംഘടനയുടെ ആക്രമണം കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എസ്ഡിപിഐയുടെ തൊഴില്‍ സംഘടനയുടെ പേരിലാണ് ഹാര്‍ബറിലെ തൊഴില്‍ തര്‍ക്കമുണ്ടായത്. ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ കയറ്റിറക്ക് ജോലി, നോട്ടപ്പണിക്കാര്‍ എന്നീ വിഭാഗങ്ങളിലാണ് എസ്ഡിപിഐ യൂണിയന്‍ കടന്നാക്രമണം നടത്തിയത്.
സിഐടിയു നേതൃത്വത്തിലുള്ള സിപിഎല്‍യുവില്‍പ്പെട്ടവര്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലാണ് പുറമേനിന്നുമെത്തിയ എസ്ഡിപിഐ സംഘം തൊഴില്‍ തര്‍ക്കം സൃഷ്ടിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കാപ്പിനിറത്തിലുള്ള വേഷമണിഞ്ഞെത്തിയ 60അംഗ സംഘമാണ് നീലവേഷമണിഞ്ഞ് തൊഴിലെടുക്കുന്ന സിപിഎല്‍യുക്കാര്‍ക്കിടയില്‍ കയറി തര്‍ക്കം സൃഷ്ടിച്ച് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് നാല് തൊഴിലാളികളെ ബിപിഎല്‍യു പുറത്താക്കിയതിന്റെ മറ പിടിച്ചാണ് എസ്ഡിപിഐ സംഘം കൊച്ചി ഹാര്‍ബറില്‍ ആധിപത്യത്തിന് ശ്രമം തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകളിലെ മത്സ്യ ഇറക്കുമതിയാണ് പുറമേനിന്നുമെത്തിയവര്‍ കയ്യടക്കാന്‍ ശ്രമിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ ഹാര്‍ബറിന് പുറത്തേക്കുള്ള കവാടത്തില്‍ തടിച്ചുകൂടിയവര്‍ പുറമേ നിന്നെത്തിയ കാപ്പിനിറത്തിലുള്ള വസ്ത്രധാരികളെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഹാര്‍ബറിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ബിഐഎസ്എഫ്-പോലീസ് സംഘം പ്രധാന കവാടം അടച്ചു. എന്നാല്‍ ആക്രമണം നടത്തിയ സംഘം രക്ഷപ്പെടുവാനിടയാക്കിയത് ഏറെ വിവാദത്തിനും പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.