പ്ലസ് ടു: അതൃപ്തി വ്യക്തമാക്കി വെള്ളാപ്പള്ളി

Saturday 2 August 2014 11:37 pm IST

തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ അതൃപ്തിയറിയിച്ച് വെള്ളാപ്പള്ളി നടേശന്‍. പ്ലസ് വണ്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സമുദായം ചോദിച്ചതെല്ലാം സര്‍ക്കാര്‍ തന്നു. ഈഴവ സമുദായത്തിന് കൂടുതല്‍ ചോദിക്കാനും കഴിയില്ലായിരുന്നു. നിയമവും ചട്ടക്കൂടും അങ്ങനെയാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ ഉള്ളവര്‍ക്കേ ഹയര്‍ സെക്കന്ററി ലഭിക്കൂ. ഹയര്‍ സെക്കന്ററി ഉള്ളവര്‍ക്കേ അധികബാച്ച് ലഭിക്കൂ.
ഹൈസ്‌കൂളുകള്‍ നാമമാത്രമാണ്. അതുകൊണ്ടു തന്നെ ചോദിക്കാനും കുറച്ചു മാത്രമെ കാണുകയുള്ളൂ. മറ്റുള്ളവര്‍ക്ക് ഹൈസ്‌കൂളുകളും ഹയര്‍സെക്കന്ററി സ്‌കൂളുകളും ധാരാളം ഉണ്ട്. അതുകൊണ്ട് അവരൊക്കെ ഇഷ്ടം പോലെ നേടി. 200 ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ ഏറ്റവും വലിയ സമുദായമായ ഈഴവ സമുദായത്തിന് ലഭിച്ചത് 22 എണ്ണം മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി തിരുവനന്തപുരം യൂണിയന്റെ വാര്‍ഷിക പൊതുയോഗവും മൈക്രോഫിനാന്‍സ് വായ്പാവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
വിദ്യാഭ്യാസ രംഗത്ത് പി.ജെ. ജോസഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച അനീതി ഇപ്പോഴും തുടരുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരത്തിന് തുനിയുമ്പോള്‍ അത് ഇല്ലാത്തവര്‍ക്കു കൂടി കൊടുക്കുന്ന പരിഷ്‌കാരാണ് നടപ്പിലാക്കേണ്ടത്. ഉള്ളവര്‍ക്കു വീണ്ടും വീണ്ടും കൊടുക്കുന്ന സാമൂഹ്യ അനീതിയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് ടു അനുവദിക്കുന്നതിന് ആരും കോഴ കൊടുത്തിട്ടില്ല. ആരും ചോദിച്ചിട്ടുമില്ല. പി.ജെ. ജോസഫ് മന്ത്രിയായിരുന്ന കാലം മുതല്‍ ഇത്തരത്തില്‍ കോഴ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് ഇപ്പോള്‍ കിട്ടാത്തതിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അവര്‍ പണ്ട് കിട്ടിയതിന്റെ കണക്കു കൂടി നോക്കണം. അപ്പോള്‍ അറിയാം ഈഴവ സമുദായത്തോടു എത്രമാത്രം അനീതിയാണ് കാട്ടിയിട്ടുള്ളതെന്ന്. കിട്ടിയവര്‍ക്ക് തന്നെ പിന്നേയും കിട്ടുകയും അവര്‍ വീണ്ടും പരാതി പറഞ്ഞ് വീണ്ടും നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അരവിന്ദ് വിജയന്‍, ജൂനിയര്‍ ഇന്റര്‍നാഷണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ജേതാവ് നാരായണന്‍, രാജ്യാന്തര പുരസ്‌കാരം നേടിയ ഡോ. ഹരിദാസ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. യോഗം ഡയറക്ടര്‍ കുമാരപുരം രാജേഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് ജി.വി. ദാസ്, അഡ്വ. ബിമല്‍, ധന്യാബാബു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.