വനഭൂമി: കെഎസ്ഇബി ലിമിറ്റഡും വനംവകുപ്പും തമ്മില്‍ തര്‍ക്കം

Saturday 2 August 2014 11:45 pm IST

തിരുവനന്തപുരം: കെഎസ്ഇബി ലിമിറ്റഡിന്റെ കൈവശമുള്ള വനഭൂമിയെച്ചൊല്ലി വനംവകുപ്പും കമ്പനിയും തമ്മില്‍ തര്‍ക്കം. കെഎസ്ഇബി കമ്പനിയായപ്പോള്‍ പുതിയ കമ്പനിക്ക് വനഭൂമി കൈമാറിയത് അറിയിച്ചില്ലെന്നുകാട്ടി വനംവകുപ്പ് കത്തുനല്‍കി. വനസംരക്ഷണത്തിന്റെ ചുമതലയുള്ള അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് വനം,വന്യജീവി വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. കൈമാറ്റം നിയമപരമാകണമെങ്കില്‍ വനംവകുപ്പിന് അവകാശപ്പെട്ട വനഭൂമിയുടെ മതിപ്പ് വില ഈടാക്കി നിശ്ചിത തുക കൈമാറണണെന്നാണ് വനംവകുപ്പിന്റെ ആവശ്യം.
കെഎസ്ഇബി ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിക്ക് ഹെക്ടറിന് ശരാശരി 10.70 ലക്ഷം രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയിരിക്കുന്നത്. ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ 1400 കോടിയില്‍പരം രൂപ വനം വകുപ്പിന് കെഎസ്ഇബി ലിമിറ്റഡ് നല്‍കണം. വെള്ളിയാഴ്ച്ചയാണ് കെഎസ്ഇബി പൂര്‍ണമായി കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി മാറിയത്. 1961 മുതലുള്ള കണക്കു പ്രകാരം കെഎസ്ഇബി ലിമിറ്റഡിന്റെ കൈവശം ഇപ്പോള്‍ 13841.7985 ഹെക്ടര്‍ വനഭൂമിയുണ്ട്. വനംവകുപ്പ് പല കാലയളവുകളില്‍ കെഎസ്ഇബിക്ക് കൈമാറിയതാണ് ഭൂമി. കെഎസ്ഇബിയുടെ കൈവശമുണ്ടായിരുന്ന വനഭൂമി പുതിയ കമ്പനിയിലേക്കു കൈമാറുന്നത് ചട്ടപ്രകാരമല്ലെന്ന് വനം വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
ഈ ഭൂമിക്കുമേലുണ്ടായിരുന്ന അവകാശം വൈദ്യുതി ബോര്‍ഡ് കമ്പനിയായതോടെ നഷ്ടമായി. വനഭൂമി പാട്ടത്തിന് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായതിനാല്‍ ഇത് പുതിയൊരു സ്ഥാപനത്തിനു കൈമാറണമെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് കണ്‍സര്‍വേറ്ററുടെ കത്തില്‍ പറയുന്നു. എന്നാല്‍ ബോര്‍ഡ് ഇത്തരം അനുമതികള്‍ വാങ്ങിയിട്ടില്ല. അനുമതിയില്ലാതെയുള്ള വനഭൂമി കൈമാറ്റം ചട്ടവിരുദ്ധമാണെന്ന് 1980ലെ വനസംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2014 മാര്‍ച്ച് 12ലെ സുപ്രീം കോടതി വിധിയും കത്തില്‍ സൂചിപ്പിക്കുന്നു. എപ്പോഴെങ്കിലും കൈവശാവകാശത്തില്‍ മാറ്റമുണ്ടായാല്‍ പുതിയ ഏജന്‍സിയില്‍ നിന്ന് വനഭൂമിയുടെ നിലവിലുള്ള മൂല്യം ഈടാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അടുത്തിടെ റാന്നി ഡിവിഷനില്‍ വനഭൂമി അവകാശമാറ്റം നടന്നതിനെത്തുടര്‍ന്ന് അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ലിമിറ്റഡില്‍ നിന്ന് മൂല്യം ഈടാക്കാന്‍ നടപടി ആരംഭിച്ച കാര്യവും കത്തില്‍ വ്യക്തമാക്കുന്നു. ഇതും കെഎസ്ഇബി ലിമിറ്റഡ് എന്ന പുതിയ കമ്പനിക്ക് തിരിച്ചടിയാണ്.
1956ലെ കമ്പനി നിയമപ്രകാരമാണ് വൈദ്യുതി ബോര്‍ഡ് കമ്പനിയായി മാറിയതെങ്കിലും രൂപമാറ്റം സംബന്ധിച്ചോ ആസ്തി ബാദ്ധ്യതകളുടെ കൈമാറ്റത്തെക്കുറിച്ചോ ബോര്‍ഡോ പുതിയതായി വന്ന കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു.
കെഎസ്ഇബി വെബ്‌സൈറ്റില്‍ നിന്നാണ് കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനി നിലവിലുണ്ടെന്ന് മനസ്സിലായതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ കത്തിന് യുക്തമായ മറുപടി നല്‍കുമെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും കെഎസ്ഇബി ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. 2008 ലെ മന്ത്രിസഭാ തീരുമാനപ്രകാരണമാണ് കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കെഎസ്ഇബിയുടെ ആസ്തി ബാധ്യതകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. 2013ല്‍ കമ്പനിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ ആസ്തി ബാധ്യതകള്‍ പുതിയ കമ്പനിയിലേക്ക് പുനര്‍നിക്ഷേപിച്ചു. എന്നാല്‍ ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകി. വെള്ളിയാഴ്ച്ച ത്രികക്ഷി കരാറില്‍ ജീവനക്കാരും കെഎസ്ഇബി ലിമിറ്റഡും ഊര്‍ജവകുപ്പും ഒപ്പിട്ടതോടെയാണ് കമ്പനിവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.