വിചാരണ ബഹിഷ്കരിക്കും: രാജ

Friday 30 September 2011 11:17 pm IST

ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ നേതാവും മുന്‍ ടെലികോം മന്ത്രിയുമായ എ. രാജ കോടതിയുമായി പോരിനിറങ്ങുന്നു. തനിക്കെതിരെയുള്ള അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ വിചാരണയുമായി സഹകരിക്കില്ലെന്ന്‌ രാജ വ്യക്തമാക്കി.
രാജക്കെതിരെ ചുമത്തിയ ക്രിമിനല്‍ വിശ്വാസവഞ്ചനക്കേസില്‍ മറുപടി ഫയല്‍ ചെയ്യാന്‍ അഭിഭാഷകനായ സുശീല്‍കുമാര്‍ വിസമ്മതിച്ചു. രാജക്കെതിരെയുള്ള അന്വേഷണത്തിന്റെ സ്ഥിതി സിബിഐ വ്യക്തമാക്കുന്നതുവരെ അദ്ദേഹം വിചാരണ ബഹിഷ്കരിക്കുകയാണെന്ന്‌ പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ സുശീല്‍കുമാര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായതായി സിബിഐ പ്രഖ്യാപിക്കുന്നതുവരെ താന്‍ പ്രത്യേക കോടതി മുമ്പാകെ വാദിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ ഉള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചനക്കുറ്റം കൂടി ചുമത്താന്‍ കഴിഞ്ഞ 26നാണ്‌ പ്രത്യേക കോടതിയെ സിബിഐ സമീപിച്ചത്‌. ജാമ്യം കിട്ടാത്തതും 10 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ്‌ ഇത്‌. രാജക്ക്‌ പുറമെ അദ്ദേഹത്തിന്റെ പഴയ കൂട്ടായ ആര്‍.കെ. ചന്ദോളിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്‌.
അധികമായി ചുമത്തിയ കുറ്റത്തിന്‌ മറുപടി സമര്‍പ്പിക്കാന്‍ ഈ മാസം 7 വരെ എല്ലാ പ്രവര്‍ത്തികള്‍ക്കും കോടതി സമയം നല്‍കിയിട്ടുണ്ട്‌. സ്പെക്ട്രം തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഡിഎംകെ എംപി കനിമൊഴിയെയും ഒട്ടേറെ ടെലികോം കമ്പനി മേധാവികളെയും സിബിഐ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.