ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

Sunday 3 August 2014 11:08 pm IST

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 11 അധിക ഭേദഗതികളോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിന് പ്രതിപക്ഷമായ കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കാനുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി യിരുന്നു. പി. ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബില്ലിന് അനുകൂല നിലപാടിലാണ്.
എന്‍ഡിഎയ്ക്ക് പുറമേ ബിജു ജനതാദളും ഇന്‍ഷുറന്‍സ് ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളോടെ ഇന്‍ഷുറന്‍സ് ബില്ലിനെ അനുകൂലിക്കുന്നതായി ബിജെഡി നേതാവ് ഭര്‍തൃഹരി മഗ്താബ് പറഞ്ഞു. എഐഎഡിഎംകെ, എസ്പി, ബിഎസ്പി എന്നിവരും ബില്ലിനോട് അനുകൂല സമീപനത്തിലാണ്. ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും മാത്രമാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുള്ളത്.
242 അംഗ രാജ്യസഭയില്‍ 122 പേരുടെ പിന്തുണയുണ്ടെങ്കില്‍ ബില്‍ പാസാക്കാം. രാജ്യസഭയില്‍ ബില്ല് പാസാകുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തും ബില്ലവതരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.
68 ഭേദഗതികളോടെ 2008ല്‍ ധനമന്ത്രി പി.ചിദംബരം കൊണ്ടുവന്ന ഇന്‍ഷുറന്‍സ് ബില്ല് പാസാക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിദേശനിക്ഷേപ അനുപാതം 26ല്‍ നിന്നും 49 ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലിനെതിരെ വലിയ പ്രക്ഷോഭം തൊഴിലാളി സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.