പുതിയ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും: സദാനന്ദ ഗൗഡ

Friday 29 August 2014 12:44 pm IST

കൊച്ചി: സംസ്ഥാനത്തിന് അനുവദിച്ച പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വെമന്ത്രി സദാനന്ദ ഗൗഡ. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും ബംഗളൂര്‍-തിരുവനന്തപുരം പ്രീമിയം ട്രെയിനും അടുത്തമാസം തുടങ്ങും. രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളും ഉടന്‍ ഒാടിത്തുടങ്ങും. എല്ലാ ചൊവ്വാഴ്ചകളിലും എറണാകുളം-സാന്ദ്രഗാച്ചി ട്രെയിനും ഞായറാഴ്ചകളില്‍ കൊച്ചുവേളി-ഗുവാഹതി ട്രെയിനുമാണ് ഉടന്‍ സര്‍വീസ് തുടങ്ങുന്നത്. ഓണം പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടും. തിരുവനന്തപുരം-ബംഗളൂര്‍ റൂട്ടില്‍ എട്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകും. ചെന്നൈ-മംഗലാപുരം, ചെന്നൈ-എറണാകുളം റൂട്ടുകളില്‍ നാല് ട്രെയിനുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. മംഗലാപുരം-നാഗര്‍കോവില്‍, മംഗലാപുരം-ട്രിച്ചി റൂട്ടുകളില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളും ഓണക്കാലത്ത് സര്‍വീസ് നടത്തും. എറണാകുളം മേഖലയിലെ ആധുനികവല്‍ക്കരണം പൂര്‍ത്തിയാകുന്നു. എറണാകുളം-കോട്ടയം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ ഉടന്‍ പൂര്‍ത്തിയാകും. കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ പൂര്‍ണമായും ജോലിക്കാരെ നിയോഗിച്ചുകഴിഞ്ഞു. ലെവല്‍ക്രോസുകള്‍ ഒഴിവാക്കാന്‍ ഒാവര്‍ബ്രിഡ്ജുകളും സബ്‌വേകളും നിര്‍മിക്കുന്ന കാര്യത്തില്‍ സംസ്ഥാനം താല്‍പര്യം കാണിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.