അവസാന തീയതി അടുത്ത മാസം 12; ബാറുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിത്തുടങ്ങി

Friday 29 August 2014 10:39 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം സംബന്ധിച്ച് എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറങ്ങി. മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്. സംസ്ഥാനത്തെ ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടുന്നതിന് ഇന്നലെ നോട്ടീസ് നല്‍കിത്തുടങ്ങി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നേരിട്ടെത്തിയാണ് നോട്ടീസുകള്‍ കൈമാറിയത്. ബാറുകള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് മുമ്പ് നിയമപ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ മദ്യനയത്തിന് നിയമത്തിന്റെ പിന്‍ബലമുണ്ടാക്കേണ്ടത് ആവശ്യമായിരുന്നു. ഇതിനാണ് എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി മദ്യനയം അബ്കാരി നിയമമാക്കി വിജ്ഞാപനമിറക്കിയത്. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം മദ്യനയത്തിന് അംഗീകാരം നല്‍കിയിരുന്നു. ബാറുകള്‍ അടച്ചുപൂട്ടുന്നതിനെയും മറ്റും ചോദ്യം ചെയ്തുവരുന്ന കേസുകളിലെ സര്‍ക്കാര്‍ നിലപാട് കുറ്റമറ്റതാക്കാന്‍ മദ്യനയം നിയമമാക്കേണ്ടത് അനിവാര്യമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെയും വിലയിരുത്തല്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പൂട്ടിക്കിടക്കുന്ന 418 ബാറുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 294 ഉള്‍പ്പടെ 712 ബാറുകള്‍ക്കുമാണ് ഇന്നലെ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. 15 ദിവസത്തെ സാവകാശം നല്‍കിയാണ് അടച്ചുപൂട്ടല്‍ നോട്ടീസ്. കൈപ്പറ്റാത്തവരുടെ നോട്ടീസ് ബാറുകളുടെ ചുമരില്‍ പതിപ്പിച്ച് മടങ്ങും. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണ് ഇതിനുള്ള ഉത്തരവാദിത്വം. ലൈസന്‍സ് ഫീ ഇനത്തില്‍ ബാറുകള്‍ അടച്ച തുകയുടെ ബാക്കി മടക്കി നല്‍കുമെന്നും ബാക്കിയുളള മദ്യം തിരിച്ചെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസിന്റെ സമയപരിധി പ്രകാരം അടുത്തമാസം 12 ഓടെ ഫോര്‍സ്റ്റാര്‍ വരെയുള്ള ബാറുകള്‍ പൂട്ടും. സ്‌റ്റോക്കുള്ള മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ തിരിച്ചെടുക്കും. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്. പൂട്ടുന്ന ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്ന കാര്യവും ക്ലബ്ബുകളുടെ കാര്യവും അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരും. 292 ബാറുകള്‍ക്ക് ലൈസന്‍സ് ഫീസ് തിരികെ നല്‍കേണ്ടതുണ്ട്. ഏകദേശം 40 കോടിയിലേറെ രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ തിരികെ നല്‍കണം. ഇതുസംബന്ധിച്ചുള്ള അന്തിമതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ കൈക്കൊള്ളും. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പുതിയമദ്യനയത്തിന്റെ പരിരക്ഷ ഉളളതിനാല്‍ അവ അടച്ചുപൂട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.