പാചകവാതകം: നിയന്ത്രണങ്ങളെല്ലാം നീക്കി

Friday 29 August 2014 11:00 am IST

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടര്‍ വിതരണത്തിലെ എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രാലയം നീക്കി. ഇനിമുതല്‍ വര്‍ഷം 12 സബ്‌സിഡി സിലിണ്ടര്‍ കിട്ടുമെന്നു മാത്രമല്ല, അതു മാസത്തിലൊന്നെന്ന വ്യവസ്ഥയില്ലാതെയുമായിരിക്കും. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ തെറ്റായ തീരുമാനം തിരുത്തുകയായിരുന്നു മോദി സര്‍ക്കാര്‍. മുന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ 12 സിലിണ്ടര്‍ എന്നത് ആദ്യം ആറാക്കി ചുരുക്കി. പിന്നീട് ഒമ്പതാക്കി ഉയര്‍ത്തി. എന്നാല്‍ പാചക വാതകത്തിലെ നിയന്ത്രണങ്ങള്‍ വീട്ടമ്മമാര്‍ക്ക് ആധിയും ആവലാതിയുമാകുന്നുവെന്ന് മനസിലാക്കിയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. ഒരുമാസം ഒരു സിലിണ്ടര്‍ എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍ സബ്‌സിഡി സിലിണ്ടറിന്റെ എണ്ണം 12 ആയി തുടരുകയും ചെയ്യും. ഇപ്പോള്‍ ഒരു ഗാര്‍ഹിക ഉപഭോക്താവിന് ഒരു മാസം ഒരു എല്‍പിജി സബ്‌സിഡി സിലിണ്ടര്‍ എന്ന നിബന്ധനക്ക് വിധേയമായിട്ടാണ് സിലിണ്ടറുകള്‍ നല്‍കിയിരുന്നത്. ഇനി ഒരുവര്‍ഷത്തെ സബ്‌സിഡി സിലിണ്ടര്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങുവാനാകും. ജനങ്ങള്‍ അഭിമുഖീകരിച്ചിരുന്ന വലിയ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഗ്യാസ് ഏജന്‍സികളില്‍ ഇന്ററാക്ടീവ് ഫോണ്‍ ബുക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ ബുക്കിംഗിലെ കൃത്രിമം എന്ന പരാതികള്‍ ഇല്ലാതായി. സിലിണ്ടര്‍ ബുക്കിംഗിന് ഒരു മാസം മുതല്‍ 45 ദിവസം വരെ കാലപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതും മാറ്റിയിട്ടുണ്ട്. പുതിയ സിലിണ്ടര്‍ കിട്ടിയാല്‍ തൊട്ടടുത്ത ദിവസംതന്നെ പുതിയബുക്കിംഗ് നടത്താം. ഗ്യാസ് ഏജന്‍സികള്‍ക്കു പകരം ഗ്യാസ് കമ്പനിയാണ് ബുക്കിംഗ് നേരിട്ടു നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.