ജില്ലാതല ഓണാഘോഷം മൂന്നു മുതല്‍ കോട്ടയത്ത്

Monday 1 September 2014 9:36 pm IST

കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും സംയുക്തമായി ജില്ലാ പഞ്ചായത്ത്, പ്രസ് ക്ലബ്, ജവഹര്‍ ബാലഭവന്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, കേരള കൗമുദി, ജില്ലാ പോലീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം മൂന്നു മുതല്‍ 10 വരെ വിവിധ കലാപരിപാടികളോടെ കോട്ടയത്ത് സംഘടിപ്പിക്കും. മൂന്നിന് വൈകിട്ട് 6.30ന് കോട്ടയം തിരുനക്കര മൈതാനിയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഘോഷപരിപാടികള്‍ക്ക് തിരി തെളിയിക്കും. ജോസ് കെ. മാണി എംപി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി വൈകിട്ട് നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന വിവിധ കലാരൂപങ്ങളോടുകൂടിയ ഓണസന്ദേശ യാത്ര തിരുനക്കര മൈതാനിയില്‍ അവസാനിക്കും. ഘോഷയാത്രയില്‍ റോളര്‍ സ്‌കേറ്റിംഗ്, പഞ്ചവാദ്യം, മയൂരനൃത്തം, പടയണി, അര്‍ജ്ജുന നൃത്തം, ഗരുഡന്‍ പറവ, തുള്ളല്‍, ത്രേയം, കളരിപ്പയറ്റ്, ശിങ്കാരിമേളം, മാര്‍ഗ്ഗംകളി, ദഫ്മുട്ട്, പുലികളി, ഫ്‌ളോട്ട് എന്നിവയുണ്ടാകും. വൈകുന്നേരം ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ വിധു പ്രതാപ് അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും. നാലിന് കോട്ടയം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് അത്തപ്പൂക്കള മത്സരവും മറ്റ് കലാമത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആനയുമായുള്ള വടംവലി മത്സരവും വനിതാ ഗ്രൂപ്പുകളുടെ വടംവലി മത്സരവും ഉണ്ടാകും. വൈകിട്ട് ആറിന് കോട്ടയം ബേര്‍ഡ്‌സ് അവതരിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യസന്ധ്യ അരങ്ങേറും. അഞ്ചിന് കോട്ടയം ജവഹര്‍ ബാലഭവനില്‍ രാവിലെ 9.30 മുതല്‍ അത്തപ്പൂക്കള മത്സവും മറ്റു കലാപരിപാടികളും നടക്കും. വൈകുന്നേരം ആറു മുതല്‍ തിരുനക്കര മൈതാനിയില്‍ സുവര്‍ണ്ണ അവതരിപ്പിക്കുന്ന ഗാനമാധുരിയും 7.30 മുതല്‍ പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും അരങ്ങേറും. ആറിന് വൈകുന്നേരം ആറു മുതല്‍ ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ ആഭിമുഖ്യത്തില്‍ 'കലാസന്ധ്യ,' ഏഴിന് വൈകുന്നേരം ആറിന് നീണ്ടൂര്‍ വത്സല ഹരിദാസ് അവതരിപ്പിക്കുന്ന സംഗീതസദസ് എട്ടിന് വൈകുന്നേരം ഏഴു മുതല്‍ ജില്ലാ പോലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും. ഒന്‍പതിന് വൈകുന്നേരം ആറു മുതല്‍ കേരള കൗമുദി ആഭിമുഖ്യത്തിലുള്ള ഓണനിലാവില്‍ ഡോ. പത്മിനി, ഡോ. ദ്രൗപതി എന്നിവര്‍ അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ കൃതികളുടെ നൃത്താവിഷ്‌കാരമായ 'സ്വാതി സമന്വയം' അരങ്ങേറും. 10ന് വൈകുന്നേരം ആറു മുതല്‍ 'നിറള്‍സ്' ഓര്‍ക്കസ്ട്രയുടെ പ്രതേ്യക സംഗീത പരിപാടി 'നൊസ്റ്റാള്‍ജിയ' അരങ്ങേറും. പരിപാടിയില്‍ വൈക്കം വിജയലക്ഷ്മി, ജിന്‍സ് നാരായണ്‍ കൃഷ്ണ, ഭരത്, സംക്രാന്തി രാജന്‍, ഡോ. ജയപ്രകാശ്, സുവര്‍ണ്ണ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.