വാരാവസാനം വന്‍നേട്ടം

Sunday 26 June 2011 10:48 pm IST

മൗറീഷ്യസ്‌ വഴി ഇന്ത്യയിലെത്തുന്ന മൂലധന നേട്ടത്തിന്‌ ആദായനികുതി ചുമത്തുന്നതിനുള്ള മൗറീഷ്യസ്‌ നീക്കം ആഭ്യന്തര ഓഹരി വിപണിയില്‍ 20-ാ‍ം തീയതി ഇക്കഴിഞ്ഞ നാലു മാസക്കാലത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കു വഴിയൊരുക്കി. ഫെബ്രുവരി 10-ാ‍ം തീയതിക്കു ശേഷം ആദ്യമായാണ്‌ വിപണി ഇത്ര വലിയ ഗര്‍ത്തത്തില്‍ പതിക്കുന്നത്‌. 17925.17ല്‍ ആണ്‌ 20-ാ‍ം തീയതി സെന്‍സെക്സ്‌ ആരംഭിച്ചത്‌. 363.90 പോയിന്റ്‌ വീഴ്ചയോടുകൂടി അത്‌ 17506.63ല്‍ ക്ലോസ്‌ ചെയ്തു. 5372.20ല്‍ ആരംഭിച്ച നിഫ്റ്റി 108.50 പോയിന്റ്‌ നഷ്ടത്തോടുകൂടി 5257.90ല്‍ ക്ലോസ്‌ ചെയ്തു. ഗ്രീസിനെ സഹായിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ അല്‍പം വൈകുമെന്നും ആഭ്യന്തരമായി മുന്‍കൂര്‍ നികുതിയുടെ തോത്‌ കുറഞ്ഞുവെന്നും മറ്റുമുള്ള വാര്‍ത്തകളും 20-ാ‍ം തീയതി വിപണി നിലവാരം ഇടിയുന്നതിനു കാരണമായി. 11064കോടി രൂപയുടെ മൂല്യച്യുതിയാണ്‌ 20-ാ‍ം തീയതി മാത്രം റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ഓഹരികള്‍ക്കുണ്ടായത്‌. ടിസിഎസ്‌ - 8015 കോടി, ഒഎന്‍ഡിസി - 7700കോടി, ഐടിസി - 4101 കോടി, എന്‍ടിപിസി - 3504 കോടി ഈ വിധത്തിലാണ്‌ ഇതര ഒന്നാം നിര ഓഹരികളിലുണ്ടായ 20-ാ‍ം തീയതിയിലെ നഷ്ടം. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോഹോണ്ട ഓഹരികള്‍ അന്ന്‌ നേട്ടമുണ്ടാക്കി. മൗറീഷ്യസ്‌ എഫക്ട്‌ വിപണിയെ വിട്ടുകഴിഞ്ഞിട്ടില്ല. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 563.36 കോടി രൂപ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു. എങ്കിലും മുന്‍നിര ഓഹരികളിലുണ്ടായ വാങ്ങല്‍ താത്പര്യം 21-ാ‍ം തീയതി വിപണിയില്‍ നേരിയ ചലനം സൃഷ്ടിച്ചു. ഒരാഴ്ചയായി വിലക്കുറവ്‌ അനുഭവപ്പെട്ടുകൊണ്ടിരുന്ന റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ഓഹരിവിലകള്‍ 1.67 ശതമാനം ഉയര്‍ന്ന്‌ 848.50 രൂപയിലെത്തി. ഇന്‍ഫോസിസ്‌, ടിസിഎസ്‌, എച്ച്ഡിഎഫ്സി ഓഹരി വിലകളും അന്ന്‌ ഉയര്‍ന്നു. 17574.37ല്‍ ആണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. ഒരവസരത്തിലത്‌ 17714.88 വരെ ഉയര്‍ന്നു. അതിനുശേഷം 17560.30ല്‍ ക്ലോസ്‌ ചെയ്തു. നേട്ടം 53.67 പോയിന്റ്‌. 5280.80ല്‍ ആരംഭിച്ച നിഫ്റ്റി 17.95 പോയിന്റ്‌ ഉയര്‍ന്ന്‌ 5275.85ല്‍ ക്ലോസ്‌ ചെയ്തു. ആഗോള വിപണികളും അന്ന്‌ നേട്ടത്തിലായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മണ്‍സൂണ്‍ പൊതുവെ കുറഞ്ഞിരിക്കുമെന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌. ഇത്‌ കാര്‍ഷിക ഉത്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തും. ഈ വാര്‍ത്ത 22-ാ‍ംതീയതി വിപണിയില്‍ മ്ലാനത പരത്തി. 17659.37ലാണ്‌ അന്ന്‌ വിപണി ആരംഭിച്ചത്‌. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്തു നിന്നു വിട്ടു നിന്നു. സെന്‍സെക്സ്‌ ഒരവസരത്തില്‍ 17492.19 വരെ താഴുകയും 17678.86 വരെ ഉയരുകയും ചെയ്തിരുന്നു. അതിനുശേഷം 17550.63ല്‍ ക്ലോസ്‌ ചെയ്തു. നഷ്ടം 9.67 പോയിന്റ്‌. 5304.65ല്‍ ആരംഭിച്ച നിഫ്റ്റി 2.45 പോയിന്റ്‌ നേട്ടത്തോടുകൂടി 5278.30ല്‍ ക്ലോസ്‌ ചെയ്തു. മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, ഒഎന്‍ജിസി, സിപ്ല, ബജാജ്‌ ഓട്ടോ, ടാറ്റാ പവര്‍, ഇന്‍ഫോസിസ്‌ ഓഹരികള്‍ നേട്ടത്തില്‍ അന്ന്‌ വ്യാപാരം അവസാനിപ്പിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസൂകി, ഭാരതി എയര്‍ടെല്‍, ടിസിഎസ്‌, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ ഹോണ്ട, ജെപി അസോസിയേറ്റ്സ്‌, ഡിഎല്‍എഫ്‌ ഓഹരികള്‍ക്ക്‌ നഷ്ടം സംഭവിച്ചു. ആഗോളതലത്തില്‍ ഉത്പാദനരംഗം ശിഥിലമാവുകയാണ്‌ എന്ന ഫെഡറല്‍ റിസര്‍വ്‌ കണ്ടെത്തല്‍ 23-ാ‍ം തീയതി പ്രാഥമികമായി ആഗോള തലത്തില്‍ ഓഹരി വിലകള്‍ താഴ്ത്തി. എന്നാല്‍ കെജി ബേസിനില്‍ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്‌ ആഭ്യന്തര ഓഹരി വിപണിയില്‍ ഉന്മേഷം സൃഷ്ടിച്ചു. ജൂണ്‍ 11ന്‌ അവസാനിച്ച ആഴ്ചയില്‍ റഷ്യ വിലസൂചിക 9.13 ശതമാനമായി ഉയര്‍ന്നു. അതിനു മുന്‍ അവലോകനവാരം അത്‌ 8.96 ശതമാനം ആയിരുന്നു. എങ്കിലും ഇത്‌ ആഭ്യന്തരവിപണിയെ അത്രകണ്ടു ബാധിച്ചില്ല. 17526.92ല്‍ ആണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. ജൂണ്‍ അവധി ഇടപാടുകള്‍ അവസാനിപ്പിക്കേണ്ട ദിനം ആഗതമായതുമൂലം കൊടുക്കല്‍ വാങ്ങലുകള്‍ അധികരിച്ചിരുന്നു. 176.86 പോയിന്റ്‌ നേട്ടത്തോടുകൂടി സെന്‍സെക്സ്‌ 17727.49പോയിന്റിലും 41.70 പോയിന്റ്‌ നേട്ടത്തോടുകൂടി നിഫ്റ്റി 5320ലും 23-ാ‍ം തീയതി ക്ലോസ്‌ ചെയ്തു. വാരാവസാന വ്യാപാരദിവസം വിപണി നിലവാരം കുതിച്ചു കയറി. ക്രൂഡോയില്‍ വിലക്കുറവായിരുന്നു കാരണം. വില്‍പനക്കാരായി ചില ദിവസങ്ങള്‍ തുടര്‍ന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങലുകാരായി മാറിയത്‌ മറ്റൊരു കാരണമായിരുന്നു. 890.44 കോടി രൂപ അവര്‍ 24-ാ‍ം തീയതി വിപണിയില്‍ നിക്ഷേപിച്ചു. 17804.94 പോയിന്റിലാണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. 513.19 പോയിന്റ്‌ നേട്ടത്തോടുകൂടി അത്‌ 18240.68 പോയിന്റില്‍ ക്ലോസ്‌ ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ്‌ സെന്‍സെക്സ്‌ ഒറ്റ ദിവസം കൊണ്ട്‌ ഇത്ര ഉയരത്തിലെത്തുന്നത്‌. 5343.40ലാരംഭിച്ച നിഫ്റ്റി 151.25 പോയിന്റ്‌ ഉയര്‍ന്ന്‌ 5471.25ല്‍ ക്ലോസ്ചെയ്തു. 157357 കോടി രൂപയാണ്‌ ഒറ്റ ദിവസംകൊണ്ട്‌ വിപണിക്കുണ്ടായ മൂല്യ വര്‍ദ്ധനവ്‌.