ഫെഡറര്‍ മുന്നോട്ട്

Monday 1 September 2014 10:45 pm IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് റോജര്‍ ഫെഡറര്‍, ആറാം സീഡ് ബര്‍ഡിച്ച്, മൂന്നാം സീഡ് വാവ്‌റിങ്ക തുടങ്ങിയവര്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ വനിതാ വിഭാഗത്തില്‍ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ പുറത്തായി.

അഞ്ചാം സീഡ് ഷറപ്പോവയെ പത്താം സീഡ് കരോലിന വോസ്‌നിയാക്കിയാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വോസ്‌നിയാക്കി ഷറപ്പോവയെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 6-4, 2-6, 6-2.

രണ്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ് വോസ്‌നിയാക്കി ഒരു ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടറില്‍ കടക്കുന്നത്. തന്റെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നാണിതെന്ന് വോന്‍സിയാക്കി പറഞ്ഞു. ഒമ്പതാം സീഡ് സെര്‍ബിയയുടെ ജെലേന ജാന്‍കോവിച്ചും നാലാം റൗണ്ടില്‍ പുറത്തായി. സ്വിറ്റ്‌സര്‍ലന്റിന്റെ സീഡ് ചെയ്യപ്പെടാത്ത താരം ബെലിന്‍ഡ ബെന്‍സിക്കാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജാന്‍കോവിച്ചിനെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6 (8-6), 6-3. 14-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയും നാലാം റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. ചൈനയുടെ സുയി പെംഗാണ് 6-3, 6-4 എന്ന സ്‌കോറിന് സഫറോവയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതേസമയം 13-ാം സീഡ് ഇറ്റലിയുടെ സാറാ ഇറാനി മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ലൂസിക്ക് ബറോനിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്‌കോര്‍: 6-3, 2-6, 6-0.

പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് താരം മാഴ്‌സല്‍ ഗ്രനോലേഴ്‌സിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 4-6, 6-1, 6-1, 6-1. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ഫെഡറര്‍ തുടര്‍ന്നുള്ള മൂന്നു സെറ്റുകളിലും എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് കുതിച്ചത്. 20-ാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല്‍ മോന്‍ഫില്‍സ് 6-4, 6-2, 6-2 എന്ന സ്‌കോറിന് 12-ാം സീഡും നാട്ടുകാരനുമായ റിച്ചാര്‍ഡ് ഗാസ്‌ക്കറ്റിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഏഴാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവും നാലാം റൗണ്ടി ലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.