ആര്‍എസ്എസ് മതസംഘടനയല്ല: സര്‍സംഘചാലക്

Monday 1 September 2014 11:07 pm IST

തിരുവനന്തപുരം: ആര്‍എസ്എസ് സങ്കുചിതമായ മതസംഘടനയല്ലെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഹിന്ദുത്വം മതത്തെ ധ്വനിപ്പിക്കുന്നതല്ല. സാംസ്‌കാരിക ധാരയാണത്.

ആര്‍എസ്എസിനെ പലരും വീക്ഷിക്കുന്നത് പലവിധത്തിലാണ്. കരുടന്‍ആനയെ കണ്ടതു പോലെയാണത്. എട്ടുപതിറ്റാണ്ടോളമായി സമാജത്തെ സമുദ്ധരിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തെ അടുത്തറിയാന്‍ സജ്ജനങ്ങള്‍ തയ്യാറാകണം. സംഘത്തെക്കുറിച്ച് ഇന്ന് അറിയാത്തവരുണ്ടാകില്ല. പലതും പ്രതിയോഗികളുടെ ദുഷ്പ്രചാരണങ്ങളിലൂടെയായിരിക്കും. സംഘത്തെ ശരിയായി മനസ്സിലാക്കാന്‍ സംഘത്തോടടുത്തു വന്നാലേ സാധിക്കൂ പത്രമാധ്യമങ്ങളില്‍ വരുന്ന സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അപ്പടിവിശ്വസിക്കരുത്. സംഘസാഹിത്യങ്ങളെ അതിനായി ആശ്രയിക്കാം. സംഘശാഖകള്‍ വഴിയും പ്രവര്‍ത്തകര്‍ വഴിയുമേ സംഘത്തെ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കൂ. തലസ്ഥാനത്തെ പ്രമുഖ വ്യക്തികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ ആര്‍എസ്എസ് അധ്യക്ഷന്‍ പറഞ്ഞു.

ഒന്നാം സ്ഥാനത്തോടെ വൈദ്യബിരുദം നേടിയ ഡോ ഹെഗ്‌ഡെവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കാളിയായി. ഗാന്ധിജി, ബാലഗംഗാധര തിലകന്‍, വി.ഡി. സവര്‍ക്കര്‍, അംബേദ്കര്‍ തുടങ്ങി നിരവധി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തിയ ഡോക്ടര്‍ജി സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അനഭിലഷണീയമായ പ്രവണതകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് 1925 ല്‍ സംഘത്തിന് രൂപം നല്‍കുന്നത്. വ്യക്തി നിര്‍മാണത്തിലൂടെ സമൂഹത്തെ സജ്ജമാക്കി രാഷ്ട്രപുനര്‍നിര്‍മാണത്തിനാണ് ലക്ഷ്യം വച്ചത്.

ഇന്ന് സംഘം സര്‍വവ്യാപിയാണ്. തൊഴില്‍, വിദ്യാഭ്യാസ, രാഷ്ട്രീയ, കാര്‍ഷിക മേഖലകളിലെല്ലാം സംഘത്തിന്റെ പ്രവര്‍ത്തനമുണ്ട്. ഗോരക്ഷ, ഗ്രാമരക്ഷ തുടങ്ങി നിരവധി പദ്ധതികള്‍. മിസോറാം ഒഴികെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമായി ഒരു ലക്ഷത്തി മുപ്പതിനായിരം സേവാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. സര്‍ക്കാരിന്റെ ഒരു രൂപ പോലും ഗ്രാന്റ് കൈപ്പറ്റാതെയാണിത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകരാരും തൊഴില്‍രഹിതരല്ല. അദ്ദേഹം വിശദീകരിച്ചു. ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ സംഘചാലക് പ്രൊഫ രമേശന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.