ഹര്‍ത്താല്‍ പൂര്‍ണ്ണം

Thursday 18 September 2014 12:35 pm IST

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ധനകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കും ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരേ സിപിഎം-പോലീസ്- എന്‍ഡിഎഫ് ആക്രമണങ്ങള്‍ ഉണ്ടായി. എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും വിഎച്ച്പി ജില്ലാ പ്രസിഡന്റുമായ കെ.ഒ. ജയകൃഷ്ണന്റെ പെരളശ്ശേരി ചോരക്കളത്തിലെ വീട്ടിലേക്ക് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. ജനല്‍ച്ചില്ലുകളും വീട്ടുമുറ്റത്ത് വച്ചിരുന്ന സ്‌കൂട്ടറും തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ആക്രമണമുണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സിപിഎം സംഘമാണ് ബോംബേറ് നടത്തിയത്. ഇതേസംഘം പെരളശ്ശേരി, ആഡൂര്‍, മൂന്നുപെരിയ തുടങ്ങിയ സ്ഥലങ്ങളിലും കടകള്‍ക്കുനേരെ ബോംബെറിഞ്ഞു. എറണാകുളത്ത് ആര്‍എസ്എസ് ജില്ലാകാര്യാലയത്തിനു നേരെ ഇന്നലെ രാവിലെ ഒരു സംഘം ആക്രമണം നടത്തി. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് അക്രമികള്‍ എത്തിയ ഓട്ടോയുടെ ഡ്രൈവറെ പിടികൂടി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പനയപ്പിള്ളി സ്വദേശി റിയാസിനെയാണ് പിടികൂടിയത്. ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സമാധാനാന്തരീക്ഷ തകര്‍ക്കാന്‍ എന്‍ഡിഎഫ്-സിപിഎം ഗൂഢാലോചനയാണെന്ന് സൂചനയുണ്ട്. ഹരിപ്പാട് നഗരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരുള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൂമുള്ളിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ബിജെപി ബൂത്ത് സെക്രട്ടറി ലജീഷിന് പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന വാഹനങ്ങളും നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളും ആരും തടഞ്ഞില്ല.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ ക്ഷേത്രസംഘടനാ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.