കണ്ണൂരിലെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം ആര്‍എസ്എസ്

Wednesday 3 September 2014 9:42 am IST

ന്യൂദല്‍ഹി: കണ്ണൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എം.മനോജിനെ സിപിഎം ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിനെ കണ്ട് ചര്‍ച്ച നടത്തിയ ആര്‍എസ്എസ് അഖില ഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. അരുംകൊല സിപിഎമ്മിന്റെ നിരാശയാണ് കാണിക്കുന്നത്. ഭീരുത്വം നിറഞ്ഞ ഈ നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുകയാണ്. അടുത്ത കാലത്തായി അവിടെ ധാരാളം സിപിഎമ്മുകാര്‍ പാര്‍ട്ടിവിട്ട് ആര്‍എസ്എസില്‍ ചേരുന്നുണ്ട്. ഇതിലുള്ള നിരാശയാണ് ഇത്തരം ക്രൂരതയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത്. സിപിഎം ദേശീയ നേതാക്കള്‍ പോലും കണ്ണൂര്‍ പര്യടനത്തിനിടെ ആര്‍എസ്എസിനും മറ്റ് പരിവാര്‍ സംഘടനകള്‍ക്കും എതിരെ പ്രകോപനപരമായി പ്രസംഗിക്കുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമാണ്. മറ്റുള്ള സ്ഥലങ്ങളിലും കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനാണ് അവരുടെ ആഹ്വാനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സിപിഎമ്മുകാരുമായി രഹസ്യധാരണയുണ്ട്. അതിനാല്‍ സംസ്ഥാനത്തു നടത്തുന്ന അന്വേഷണം കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്‍കാന്‍ സഹായിക്കില്ല. സ്വതന്ത്രമായ കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ ഇത്തരം അരും കൊലകളുടെ രാഷ്ട്രീയബന്ധവും ഇവയ്ക്ക് ആരാണ് സമ്പത്തിക സഹായം നല്‍കുന്നതെന്നും പുറത്തുവരൂ. അതിനാല്‍ അനുയോജ്യമായ നടപടി ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളണം, കൃഷ്ണഗോപാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.