ട്രബിള്‍ മേയ്ക്കര്‍

Saturday 1 October 2011 9:33 pm IST

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ മിറാടി എന്ന ഗ്രാമത്തിലാണ്‌ 1935 ഡിസംബര്‍ 12ന്‌ പ്രണബ്കുമാര്‍ മുഖര്‍ജി ഭൂജാതനായത്‌. അദ്ദേഹത്തിന്റെ പിതാവ്‌ കമാഡകിന്‍കര്‍മുഖര്‍ജി പത്തിലേറെ വര്‍ഷം ജയില്‍വാസം അനുഭവിച്ച സ്വാതന്ത്ര്യസമരഭടനും, പഞ്ചിമബംഗാളിലെ നിയമസഭാ സാമാജികനുമായിരുന്നു. സൂര്യവിദ്യാസാഗര്‍ കോളേജില്‍ നിന്ന്‌ പൊളിറ്റിക്സിലും ഹിസ്റ്ററിയിലും മാസ്റ്റര്‍ ബിരുദങ്ങളും, കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന്‌ നിയമബിരുദവും കരസ്ഥമാക്കിയ പ്രണബ്കുമാര്‍ ഒരു കോളേജ്‌ അദ്ധ്യാപകനായിട്ടാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌.
എഐസിസി അംഗമായിരുന്ന അദ്ദേഹം 1952 മുതല്‍ 1964 വരെ പശ്ചിമബംഗാള്‍ നിയമസഭാംഗമായിരുന്നു. 1969-ല്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1975, 1981, 1993, 1999 എന്നീ വര്‍ഷങ്ങളില്‍ രാജ്യസഭാംഗം. 1973-ല്‍ വ്യവസായ വികസന വകുപ്പില്‍ ഡെപ്യൂട്ടി മന്ത്രിയായിട്ടായിരുന്നു തുടക്കം. പിന്നീട്‌ ഷിപ്പിംഗ്‌, ഫൈനാന്‍സ്‌, റെവന്യൂ, ബാങ്കിങ്ങ്‌, വ്യവസായം, ഉരുക്ക്‌, ഖാനി എന്നീ വകുപ്പുകളില്‍ മന്ത്രി. റവന്യൂ, ബാങ്കിങ്ങ്‌ മന്ത്രിയായിരുന്നപ്പോള്‍ കുപ്രസിദ്ധ അധോലോകരാജാവ്‌ ഹാജിമസ്താനെ അറസ്റ്റു ചെയ്യാന്‍ ചങ്കൂറ്റം കാട്ടി. 1982 മുതല്‍ 1984 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരിക്കെ യൂറോമഞ്ഞി എന്ന മാസികലോകത്തെ ഏറ്റവും നല്ല ധനകാര്യമന്ത്രിയായി പ്രണബിനെ തെരഞ്ഞെടുത്തു. ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര നാണയനിധിയുടെ അവസാന ഗഡു വായ്പയായ 1.1 ബില്യന്‍ ഡോളര്‍ തിരിച്ചയച്ചുകൊണ്ട്‌ ഇന്ത്യ സ്വയംപര്യാപ്തത ആര്‍ജ്ജിക്കുന്നു എന്ന സന്ദേശത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തി. രാജ്യസഭയില്‍ പാക്കിസ്ഥാനെ കുറിച്ചുള്ള ഒരു പ്രസംഗത്തിനുശേഷം ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയാകര്‍ഷിക്കുകയും പിന്നീട്‌ അവരുടെ വിശ്വസ്തനായി പടിപടിയായി ഉയരുകയുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന്‌ രാജീവ്‌ മന്ത്രിസഭയില്‍ അംഗമാക്കാഞ്ഞതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന്‌ കുറച്ചു കാലത്തേക്ക്‌ അകന്നു നില്‍ക്കുകയും 'രാഷ്ട്രീയ സാമാജ്‌ വാദി കോണ്‍ഗ്രസ്‌' എന്ന സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ 1989ല്‍ രാജീവ്ഗാന്ധിയുമായി പിണക്കം തീര്‍ക്കുകയും കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെ 1991-1996 വരെ പ്ലാനിംഗ്‌ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍, 1995-1996 വിദേശകാര്യ മന്ത്രി, 2004-06 പ്രതിരോധ മന്ത്രി, 2006-2009 വരെ വിദേശകാര്യമന്ത്രി, 2009 മുതല്‍ ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുന്നു.
പാര്‍ട്ടിയിലും സജീവ സാന്നിധ്യമായിരുന്ന മുഖര്‍ജി 1978 മുതല്‍ 1986 വരെയും 1997 ലും കോണ്‍ഗ്രസ്‌ വര്‍ക്കിങ്ങ്‌ കമ്മറ്റി അംഗവും, 1985ലും 2009ലും പശ്ചിമബംഗാള്‍ പിസിസി പ്രിസിഡന്റ്‌, 1978 മുതല്‍ 1986 വരെ എഐസിസി സെന്‍ട്രല്‍ പാര്‍ലമെന്ററി ബോര്‍ഡ്‌ അംഗം, 1998-99ല്‍ എഐസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കൂടാതെ 1982 മുതല്‍ 1985 വരെ അന്തര്‍ദേശീയ നാണയ നിധിയില്‍ അംഗം, ലോകബാങ്ക്‌ അംഗം, ഏഷ്യന്‍ ഡെവലപ്മെന്റ്‌ ബാങ്ക്‌ അംഗം എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളിലൂടെ സമവായത്തിലെത്താനുള്ള മുഖര്‍ജിയുടെ കഴിവിന്റെ മകുടോദാഹരണമാണ്‌ പേറ്റന്റ്‌ അമന്റ്മെന്റ്‌ ബില്‍ -2005. ഈ ബില്‍ പാസ്സാക്കുവാന്‍ കോണ്‍ഗ്രസ്‌ ആഗ്രഹിച്ചുവെങ്കിലും യുപിഎയിലെ ഇടതു കക്ഷികള്‍ ബൗദ്ധികസ്വത്തവകാശം എന്ന വ്യവസ്ഥയെ എതിര്‍ത്തു. സിപിഐ (എം)ലെ ജ്യോതിബാസുവുമായി മുഖര്‍ജി വിഷയം ചര്‍ച്ചചെയ്യുകയും പ്രോഡക്റ്റ്‌ പേറ്റന്റ്‌ എന്ന ഒരു പുതിയ വകുപ്പുചേര്‍ത്ത്‌ 2005 മാര്‍ച്ച്‌ 23-ാ‍ം തിയതി ബില്‍ പാസ്സാക്കുകയും ചെയ്തു.
ഇന്‍ഡോ അമേരിക്കന്‍ സിവില്‍ ന്യൂക്ലിയര്‍ എഗ്രമന്റ്‌ ഒപ്പുവച്ചതു പ്രകാരം ഇന്ത്യക്ക്‌ സിവില്‍ ആണവ വ്യാപാരത്തില്‍ പങ്കെടുക്കാനാകും. 2009 ജൂലായ്‌ 6ന്‌ അദ്ദേഹം ധനകാര്യമന്ത്രിയെന്ന നിലയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ഫ്രിഞ്ഞ്‌ ബനഫിറ്റ്‌ നികുതിയും ചരക്ക്‌ കടത്തുകൂലി നികുതിയും എടുത്തുകളഞ്ഞു. ഗുഡ്സ്‌ ആന്റ്‌ സെര്‍വീസസ്‌ ടാക്സ്‌ ഏര്‍പ്പെടുത്തിയതിനെ സാമ്പത്തിക വിദഗ്ധരും കോര്‍പ്പറേറ്റുകളും പ്രശംസിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തിക്ക്‌ 100 ദിവസത്തെ വേതനം ലഭിക്കുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി, പെണ്‍കുട്ടികളുടെ സാക്ഷരത, ദേശീയപാതകളുടെ വികസനം, പൊതുകടം കുറക്കാനുള്ള നീക്കങ്ങള്‍ ഇവയുണ്ടായിരുന്നു. ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ പല വിവാദങ്ങളേയും അദ്ദേഹത്തിന്‌ അഭിമുഖീകരിക്കേണ്ടിവന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍ നടത്തിയ പല അക്രമങ്ങള്‍ക്കും പിന്നില്‍ ഇദ്ദേഹത്തിന്‌ വ്യക്തിപരമായ പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെടുന്നു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഷാകമ്മീഷന്‌ മുമ്പാകെ ഇദ്ദേഹത്തോട്‌ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ഇതോടനുബന്ധിച്ച്‌ മുഖര്‍ജിക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇന്ദിര അധികാരത്തിലെത്തിയതോടെ അത്‌ പിന്‍വലിക്കപ്പെടുകയായിരുന്നു.
ബംഗ്ലാദേശ്‌ എഴുത്തുകാരിയായ തസ്ലീമ നസ്‌റീനെ കൊല്‍ക്കത്തയില്‍നിന്ന്‌ ദല്‍ഹിയില്‍ കൊണ്ടുവന്ന്‌ സുരക്ഷിതമായി താമസിപ്പിച്ചതിന്‌ മുഖര്‍ജിക്ക്‌ എതിര്‍പ്പ്‌ നേരിടേണ്ടിവന്നു. 2008-ല്‍ അവര്‍ ഇന്ത്യവിട്ടു.
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ മൂലധനം മുടക്കരുതെന്ന്‌ അദ്ദേഹം ബാങ്കുകളെ വിലക്കിയത്‌ വിവാദമായിരുന്നു. 2007-ല്‍ പ്രസിഡന്റ്‌ പദത്തിന്‌ ഇടതുപക്ഷപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ക്യാബിനറ്റില്‍ മുഖര്‍ജിയുടെ സേവനം അത്യന്താപേക്ഷിതമാണെന്ന കാരണത്താല്‍ പാര്‍ട്ടി അത്‌ നിഷേധിക്കുകയായിരുന്നു.
അണ്ണാഹസാരെയുടേയും രാംദേവിന്റെയും നേതൃത്വത്തില്‍ പ്രക്ഷോഭമുണ്ടായതോടെ രാജ്യത്തിന്‌ പുറത്ത്‌ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം കൊണ്ടുവരുവാനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും അത്‌ ഫലപ്രദമാക്കാന്‍ മുഖര്‍ജി ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്‌. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ആസൂത്രണത്തിന്റെ അഭാവം മറ്റു കോണ്‍ഗ്രസ്‌ ബജറ്റുകളെപ്പോലെതന്നെ മുഖര്‍ജിയുടെ ബജറ്റുകളുടേയും പൊതു ന്യൂനതയാണ്‌.
രാഷ്ട്രീയ രംഗത്തെ കക്ഷിഭേദമന്യേയുള്ള സുഹൃദ്ബന്ധം മുഖര്‍ജിയുടെ വ്യക്തിത്വത്തിന്റെ സവിശേഷ ഘടകമാണ്‌. അവരില്‍ ജ്യോതിബാസുവും അദ്വാന്‍ജിയും മുതല്‍ മിക്കനേതാക്കളും ഉള്‍പ്പെടുന്നു. മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി കോണ്‍ഗ്രസ്‌ സഖ്യമുണ്ടാക്കിയതുപോലും വ്യക്തിപരമായ മുഖര്‍ജിയുടെ സൗഹൃദത്തിന്റ അടിസ്ഥാനത്തില്‍ ആണെന്ന്‌ കരുതപ്പെടുന്നു.
2004-ലെ മുഖര്‍ജിയുടെ പ്രധാനമന്ത്രി മോഹത്തിന്‌ കീഴുദ്യോഗസ്ഥനായ മുന്‍ റിസര്‍വ്്‌ ബാങ്ക്‌ ഗവര്‍ണര്‍, ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്‌ തടയിട്ടു. അന്ന്‌ പ്രത്യേക കഴിവുകളോ, ഭരണപരിചയമോ ഇല്ലാത്തതിനാല്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്‌ നീങ്ങുന്ന ആളെയാണ്‌ സോണിയ പ്രധാനമന്ത്രി ആക്കിയത്‌.
ഇപ്പോള്‍ 2 ജി സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെ പിടിവാശി മൂലമാണ്‌ സ്പെക്ട്രം ലേലത്തിന്‌ വക്കാതെ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്ന്‌ പ്രധാനമന്ത്രിക്ക്‌ എഴുതിയകത്തിലൂടെ മുഖര്‍ജി വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്‌. ആദ്യം കത്തില്‍ ഉറച്ചു നിന്ന ആദ്ദേഹം വസ്തുതാപരമായ വിവരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കത്തിലെ ചില അഭിപ്രായങ്ങള്‍ തന്റെ കാഴ്ചപ്പാടല്ലെന്നു പറഞ്ഞ്‌ ചിദംബരത്തിന്റെയും പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റേയും മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ സ്വന്തം വിശ്വാസ്യതക്ക്‌ മങ്ങലേല്‍പിക്കുകയും ഒരു കോമാളിയായി അധഃപതിക്കുകയും ചെയ്യുകയാണ്‌. മുഖര്‍ജിയുടെ കത്ത്‌ ഭാവിയില്‍ പ്രധാനമന്ത്രി പദത്തിലെത്താന്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായി വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍ ഉപായത്തിലെ അപായം പോലെ ഈതന്ത്രം ആയിരം മടങ്ങ്‌ ശക്തിയില്‍ തിരിച്ചടിക്കുമ്പോള്‍ മുഖര്‍ജിയുടെ വിശ്വാസ്യതയാണ്‌ തകര്‍ന്ന്‌ തരിപ്പണമാകുന്നത്‌.
മാടപ്പാടന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.