ദശാവതാരങ്ങള്‍-4; നരസിംഹാവതാരം

Wednesday 3 September 2014 9:45 pm IST

വിഷ്ണു ഭഗവാന്റെ ഭക്തവാത്സല്യത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമായി പ്രകീര്‍ത്തിക്കപ്പെടുന്നത് നരസിംഹമൂര്‍ത്തിയെയാണ്. ഹിരണ്യാക്ഷന്‍ വധിക്കപ്പെട്ടതോടുകൂടി ഹിരണ്യകശിപു പൂര്‍വാധികം ക്രൂരനായിത്തീര്‍ന്നു. അവന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് അതിവിശേഷത്തോടുകൂടിയ വരത്തെ നേടിയെടുത്തു. ആകാശത്തിലോ, ഭൂമിയിലോ, രാത്രിയിലോ, പകലോ, മനുഷ്യനോ, മൃഗമോ തന്നെ വധിക്കാന്‍ പാടില്ലെന്നായിരുന്നു ഹിരണ്യകശിപു നേടിയെടുത്ത വരം. അനന്തരം അവന്‍ ഇന്ദ്രാദിദേവന്മാരെയെല്ലാം ജയിച്ച് ത്രിലോകാധിപനായിത്തീര്‍ന്നു. ആരുംതന്നെ വിഷ്ണുവിനെയോ, ദേവന്മാരെയോ, പൂജിക്കരുതെന്ന ഒരു കല്പനയും അവന്‍ പുറപ്പെടുവിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. ഗുരുകുലവാസം കഴിഞ്ഞെത്തിയ പ്രഹ്ലാദനോട് ഹിരണ്യകശിപു പഠിച്ചതിന്റെയെല്ലാം സാരത്തെ പറയുവാന്‍ പറഞ്ഞു. അപ്പോള്‍ പ്രഹ്ലാദന്‍ പറഞ്ഞു, ''സര്‍വലോകത്തിന്റെയും അധിപതിയും പരമാത്മാവും, സര്‍വഭൂതങ്ങളുടെയും ഹൃദയത്തില്‍ വസിക്കുകയും ചെയ്യുന്നത് സാക്ഷാല്‍ വിഷ്ണു ഭഗവാന്‍ തന്നെയാണ്. അദ്ദേഹത്തെ ഭക്തിയോടുകൂടി സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുക എന്നുള്ളതാണ് മര്‍ത്ത്യന്റെ പരമമായ കര്‍ത്തവ്യം''. പുത്രന്റെ ഈ വാക്കുകള്‍ കേട്ട് ഹിരണ്യകശിപു അത്യധികം കുപിതനായിത്തീര്‍ന്നു. അദ്ദേഹം പ്രഹ്ലാദന്റെ മനസ്സ് മാറ്റിയെടുക്കുവാന്‍ വളരെയധികം പരിശ്രമിക്കുകയുണ്ടായി. അതുകൊണ്ടൊന്നും തന്നെ യാതൊരു പ്രയോജനവുമുണ്ടായില്ല. മാത്രവുമല്ല, പ്രഹ്ലാദന്റെ വിഷ്ണുഭക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. അവസാനം ഹിരണ്യകശിപു പുത്രനെ വധിച്ചു കളയുവാന്‍ തീരുമാനിച്ചു. അദ്ദേഹം പുത്രനെ മദയാനകളുടെ മുമ്പിലേക്ക് തള്ളി. കൊലവിളിയോടെ പാഞ്ഞടുത്ത മദഗജങ്ങളുടെ കൊമ്പുകള്‍ പ്രഹ്ലാദനെ കുത്തിയതോടെ ഒടിഞ്ഞുപോയി. പിന്നെ അദ്ദേഹം വിഷസര്‍പ്പങ്ങളെ നിയോഗിച്ചു. അവ പ്രഹ്ലാദനെ ദംശിച്ച മാത്രയില്‍ത്തന്നെ വിഷപ്പല്ലുകള്‍ നശിച്ചവയായിത്തീര്‍ന്നു. പിന്നെ അദ്ദേഹം പുത്രനെ കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു. ആ അഗ്നിയാകട്ടെ പ്രഹ്ലാദന് അത്യധികം കുളിര്‍മയുള്ളതായാണ് അനുഭവപ്പെട്ടത്. ഹിരണ്യകശിപു ഓരോ തവണയും പ്രഹ്ലാദനെ വധിക്കാന്‍ ശ്രമിക്കുമ്പോഴും വിഷ്ണുഭഗവാന്‍ അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് വല്ലാതെ വര്‍ദ്ധിച്ച ഹിരണ്യകശിപു ഒരുനാള്‍ നാരായണനാമവും ജപിച്ചുകൊണ്ടിരിക്കുകയായിരുന്ന പുത്രനോട് അലറിക്കൊണ്ട് ചോദിച്ചു. നിന്റെ നാരായണന്‍ എവിടെയാണ്. ഞാന്‍ നിന്നെ വധിക്കുവാന്‍ പോകുകയാണ്. നിന്റെ നാരായണന്‍ നിന്നെ രക്ഷിക്കുന്നതൊന്ന് കാണട്ടെ. ഇതുകേട്ട പ്രഹ്ലാദന്‍ മന്ദസ്മിതത്തോടെ അരുളിചെയ്തു. സര്‍വേശ്വരനായ വിഷ്ണു ഭഗവാന്‍ സകലചരാചരങ്ങളിലും അധിവസിക്കുന്നു. അപ്പോള്‍ ഹിരണ്യകശിപു '' എങ്കില്‍ ഈ കാണുന്ന തൂണില്‍ നിന്റെ വിഷ്ണുവുണ്ടോ'' എന്ന് ചോദിച്ചുകൊണ്ട് തന്റെ വാള്‍കൊണ്ട് അതിനെ ആഞ്ഞുവെട്ടി. തല്‍ക്ഷണം തന്നെ ആ തുണു പിളര്‍ന്ന് സംഹാരരുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പത്തു ദിക്കും മുഴങ്ങുന്ന വിധത്തില്‍ അലറിക്കൊണ്ട് പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ സമയം രാത്രിയോ, പകലോ അല്ലാത്ത സന്ധ്യാസമയമായിരുന്നു. നരസിംഹമൂര്‍ത്തി ഹിരണ്യകശിപുവിനെ കടന്നുപിടിച്ച് തന്റെ മടിയില്‍ കിടത്തി കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ മാറിടം പിളര്‍ന്ന് വധിച്ചുകളഞ്ഞു. പിന്നെ നരസിംഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി. നരസിംഹമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് നരസിംഹപുരാണം. ശത്രുദോഷം, ബാധദോഷം തുടങ്ങിയവ അകലുന്നതിന് നരസിംഹമൂര്‍ത്തിയെ ഉപാസിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. .... തുടരും - രാജേഷ് പുല്ലാട്ടില്‍  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.