ജയരാജന്റെ മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രത്യേക സംഘം അന്വേഷിക്കും; നേതാക്കള്‍ പ്രതിയാകും

Thursday 4 September 2014 1:32 am IST

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കിലെ മനോജിനെ വെട്ടിക്കൊന്ന സിപിഎമ്മിന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ഫെയ്‌സ് ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. കേസില്‍ സിപിഎമ്മിന്റെ ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ പങ്ക് ഇതോടെ വ്യക്തമാകും. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലയായതിനാലാണ് കൊലപാതകം നടന്ന് ഏതാനും സമയത്തിനുളളില്‍ ജില്ലാ സെക്രട്ടറിയുടെ മകന്‍ തന്നെ കൊലപാതകത്തെ ന്യായീകരിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിംഗ് നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ മകന്റേതായി വന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് ആഭ്യന്തര വകുപ്പ് ഗൗരവമായാണ് കാണുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അന്വേഷണ സംഘം മേധാവി എഡിജിപി എ. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴീക്കോട് യോഗം ചേരുകയും മനോജ് കുമാറിന്റെ കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഫെയ്‌സ് ബുക്ക് പരാമര്‍ശത്തേക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനമെടുത്തത്. ഫേസ് ബുക്ക് സംബന്ധിച്ച് പ്രത്യേക പരാതി ലഭിക്കുകയാണെങ്കില്‍ കേസ് വെറെത്തന്നെ അന്വേഷിക്കും. 'ഈ സന്തോഷ വാര്‍ത്തക്കായി എത്രകാലമായി കാത്തുനില്‍ക്കുന്നു, അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ' എന്നായിരുന്നു മനോജിന്റെ കൊലപാതകം നടന്ന് ഒരു മണിക്കൂറിനകം ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്തത്. പോസ്റ്റ് പിന്നീട് മണിക്കൂറുകള്‍ക്കുളളില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും ജയിന്‍രാജ് ഫേസ്ബുക്കില്‍ താനിട്ട പോസ്റ്റിന് വിശദീകരണവുമായി രംഗത്തെത്തി. അച്ഛനെ വെട്ടിനുറുക്കിയ ആള്‍ അക്രമിക്കപ്പെട്ടാല്‍ മകന്‍ സന്തോഷിക്കുമെന്ന രീതിയിലായിരുന്നു ഈ പോസ്റ്റ്. കൊലപാതകം നടന്നയുടന്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ദൗര്‍ഭാഗ്യകരമെന്നും പ്രസ്താവനയിറക്കിയ സിപിഎം നേതാക്കള്‍ക്കും ജില്ലാ സെക്രട്ടേറിയറ്റിനും ഫേസ് ബുക്കില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയുടെ മകന്‍ നടത്തിയ അഭിപ്രായ പ്രകടനം കനത്ത തിരിച്ചടിയായി.ഇത് വരുംനാളുകളില്‍ അന്വേഷണ സംഘത്തിന് കൊലപാതകം സംബന്ധിച്ച് സിപിഎം ഉന്നതനേതൃത്വത്തിനുള്ള പങ്കുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിക്കുന്നതിന് വഴിയൊരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.