കൈലാസ്, മാനസരോവര്‍ യാത്രയ്ക്ക് ചൈന പുതിയ പാത നിര്‍മ്മിക്കുന്നു

Thursday 18 September 2014 12:35 pm IST

ബെയ്ജിങ്: ഇന്ത്യയിലെ കൈലാസ്, മാനസരോവര്‍ യാത്രയ്ക്ക് ചൈന പുതിയ പാത നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് ക്സി ജിന്‍പിങ് അറിയിച്ചു. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരമാണ് ചൈന പുതിയ പാത നിര്‍മ്മിക്കുന്നത്. സിക്കിമിലൂടെയാണ് പുതിയ പാത കടന്നുപോകുന്നത്. ഇതിലൂടെ അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ചൈന പ്രതീക്ഷിക്കുന്നുവെന്നും ക്സി ജിന്‍പിങ് വ്യക്തമാക്കി. ഈ മാസം അവസാനം ക്സി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. ജൂലൈയില്‍ ബ്രസീലില്‍ നടന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ചൈനീസ് പ്രസിഡന്റിനോട് പ്രധാമന്ത്രി നരേന്ദ്ര മോദി ‘കൈലാസ യാത്രയ്ക്കായുള്ള പുതിയ പാത’ എന്ന ആശയം മുന്നോട്ടു വച്ചത്. ഈ നിര്‍ദ്ദേശം ഇപ്പോള്‍ ഗൗരവമായ പരിഗണനയിലാണെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നു. ചൈന ഇന്ത്യയില്‍ നടത്താനിരിക്കുന്ന ഒട്ടേറെ വികസന നിക്ഷേപ പദ്ധതികള്‍ക്കൊപ്പം നാഥുലാ ബോര്‍ഡര്‍ പോയിന്റിലൂടെയുള്ള പുതിയ പാതയുടെ പ്രഖ്യാപനവും ഉണ്ടാകും. നിലവില്‍ ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലൂടെയാണ് കൈലാസ യാത്ര. ഈ രണ്ടു പാതകളിലൂടെയുമുള്ള യാത്ര കഠിനവും അപകട സാധ്യത ഏറിയതുമാണ്. ലിപു പാസ്, ഹിമാലയന്‍ പാസ് എന്നിവ കടന്ന് ടിബറ്റിലെ പ്രാചീന കച്ചവട നഗരമായ തക്ലാക്കോട്ടിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. വിനോദ സഞ്ചാര കമ്പനികള്‍ നേപ്പാളില്‍ നിന്ന്, ഇതേപോലെ പ്രയാസകരമായ മറ്റൊരു പാതയിലൂടെ തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ പ്രായമായവര്‍ക്കും മറ്റും ഈ രണ്ടു പാതകളും തരണംചെയ്യുക, വളരെ ബുദ്ധിമുട്ടാണ്. 18 ബാച്ചുകളിലായി 22 ദിവസമെടുക്കുന്ന യാത്രയ്ക്ക് പ്രതിവര്‍ഷം ആയിരം തീര്‍ത്ഥാടകരെ മാത്രമാണ് അനുവദിക്കുക. ചൈന നാഥു ലാ പാസ് തുറക്കുകയാണെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് മാനസരോറിലേക്കും കൈലാസഗിരിയിലേക്കും നേരിട്ട് വാനുകളിലോ ബസുകളിലോ എത്താന്‍ സാധിക്കും. കാല്‍നടയാത്രയോ കഴുതകളുടെ സഹായമോ കൂടാതെ കൈലാസഗിരിയുടെ ചുവട്ടില്‍ വരെ എത്താന്‍ ഈ വഴി പര്യാപ്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.