മനോജ് വധം: വിഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി ചാനല്‍

Friday 5 September 2014 10:15 pm IST

കോഴിക്കോട്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ട സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകനെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിന്റെ പീപ്പിള്‍ ചാനലിന് കലിയിളക്കം. മനോജ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൊലയാളികള്‍ക്ക് അഭിനന്ദനമറിയിച്ച് ജയരാജന്റെ മകന്‍ ജയ്ന്‍രാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കതിരൂര്‍ പോലീസ് ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജയ്ന്‍രാജിനെതിരെ കേസെടുത്തിരിക്കുന്നത്. ജയ്ന്‍രാജിനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്നും ആരോപണം ഉയര്‍ന്നാല്‍ ആര്‍ക്കെതിരെയും അന്വേഷിക്കാമെന്നുമാണ് തിരുവനന്തപുരത്ത് പത്രലേഖകരോട് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. 'കൊലപാതകം എവിടെ നടന്നാലും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും' അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.  ഇതിനെതിരെയാണ് ഇന്നലെ സിപിഎം പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പീപ്പിള്‍ ചാനലിന് വേണ്ടി പത്രവാര്‍ത്താവലോകന പരിപാടിയില്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ അരുമയായ ഭാസുരേന്ദ്ര ബാബുവിന്റെ രൂക്ഷവിമര്‍ശനവും പരിഹാസവും. ജയ്ന്‍ രാജിനെതിരെ കേസെടുത്തത് സ്വാഭാവികമെന്ന് പറഞ്ഞ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവെന്ന കാര്യമെങ്കിലും ഓര്‍ക്കണമെന്നും ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് ഭാസുരേന്ദ്രന്‍ ഉപദേശിക്കുന്നത്. ഇത്തരമൊരു അഭിപ്രായം നടത്തിയതിന് മലയാളികളോട് വി.എസ്. മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ വി.എസിനെ പരിഹസിക്കാനും ഭാസുരേന്ദ്രന്‍ തയ്യാറാകുന്നുണ്ട്. മനോജിന്റെ കൊലപാതകത്തെക്കുറിച്ച് ജയ്ന്‍ രാജിന്റെ പ്രതികരണം സ്വാഭാവികമാണെന്നും ഇതിന്റെ പേരില്‍ കേസെടുക്കരുതെന്നുമാണ് ഭാസുരേന്ദ്രന്‍ പറയുന്നത്. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നും ടി.പി. ചന്ദ്രശേഖരന്റെ അമ്മയും ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളതെന്നും പറയുന്ന ഭാസുരേന്ദ്രന്‍, കൊലയാളികള്‍ക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ ജയ്ന്‍ രാജിനെയും ഇതേരീതിയില്‍ കാണണമെന്നാണ് ഉപദേശിക്കുന്നത്. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെയും ടി.പി. ചന്ദ്രശേഖരന്റെയും അമ്മമാര്‍ക്കെതിരെ കേസെടുക്കാത്ത നിലയ്ക്ക് പി. ജയരാജന്റെ മകനെതിരെ എന്തിന് കേസെടുക്കണമെന്നാണ് പീപ്പിള്‍ ചാനല്‍ വി.എസിനോട് ചോദിക്കുന്നത്. പി.പി. ദിനേശ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.