തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബിജെപി ആഹ്വാനം

Saturday 1 October 2011 10:41 pm IST

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ ആത്മഹത്യയുടെ പാതയിലായതിനാല്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പിന്‌ ഒരുങ്ങിക്കൊള്ളാന്‍ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു.
ആത്മഹത്യയുടെ പാതയിലൂടെ ചരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭാവി പ്രവചനാതീതമാണെന്ന്‌ ദേശീയ നിര്‍വാഹകസമിതിയുടെ സമാപനയോഗത്തില്‍ അദ്വാനി ചൂണ്ടിക്കാട്ടി. അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഇത്തരമൊരു സ്ഥിതിവിശേഷം ഇതാദ്യമാണ്‌. പ്രവര്‍ത്തനം നിലച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ മടുത്തുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും പാര്‍ട്ടി നടത്തുമെന്നും അദ്വാനി പറഞ്ഞു.
ജനങ്ങളുടെ എല്ലാ പ്രതീക്ഷയും ഇനി ബിജെപിയിലാണെന്ന്‌ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാസ്വരാജ്‌ യോഗത്തില്‍ ചൂണ്ടിക്കാട്ടി. അതിനൊത്ത്‌ ഉയരാന്‍ പാര്‍ട്ടിക്ക്‌ കഴിയണം. അടിസ്ഥാനതലം മുതലേ ജനങ്ങളിലേക്കെത്താന്‍ അവര്‍ പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു.
ഇതിനിടെ, സ്പെക്ട്രം കുറിപ്പ്‌ സംബന്ധിച്ച വിവാദത്തില്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയും ആഭ്യന്തരമന്ത്രി പി. ചിദംബരവും അസുഖകരമായ വെടിനിര്‍ത്തലാണ്‌ നിലനില്‍ക്കുന്നതെന്ന്‌ രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെറ്റ്ലി വാര്‍ത്താലേഖകരോട്‌ പറഞ്ഞു. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. വിവാദക്കുറിപ്പിന്റെ ഉള്ളടക്കം ആരും ചോദ്യംചെയ്യാത്തത്‌ പരാമര്‍ശിക്കവെ സത്യത്തിന്‌ ഒരു മുഖം മാത്രമാണുള്ളതെന്ന്‌ ജെറ്റ്ലി പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നേരിടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.