ശ്രീരാമാവതാരം

Saturday 6 September 2014 7:56 pm IST

ദശാവതാരങ്ങള്‍-7 വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ആദര്‍ശത്തിന്റെ മൂര്‍ത്തിമത്ഭാവമായി പ്രകീര്‍ത്തിക്കുന്നു.  സൂര്യവംശരാജാവായ ദശരഥന്റെ പുത്രനായാണ് ശ്രീരാമന്‍ അവതരിക്കുന്നത്. രാവണവധമാണ് ശ്രീരാമാവതാരത്തിന്റെ മുഖ്യലക്ഷ്യം. രാവണനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കാതായപ്പോള്‍ ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവര്‍ പാലാഴിയില്‍ചെന്ന് ഭഗവാന്‍ വിഷ്ണുവിനെ സ്തുതിച്ചു. അപ്പോള്‍ വിഷ്ണു ഭഗവാന്‍ താന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ നിഗ്രഹിക്കുന്നതാണെന്ന് അരുളിചെയ്തു. അങ്ങനെ വിഷ്ണുഭഗവാന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ വധിച്ച് സജ്ജനങ്ങളെ രക്ഷിച്ചു. ശ്രീരാമന്റെ ചരിത്രം പ്രകീര്‍ത്തിക്കുന്ന പുണ്യഗ്രന്ഥമാണ് രാമായണം. രാമന്റെ അയനത്തെ വിവരിക്കുന്നതുകൊണ്ടാണ് ഇതിന് രാമായണം എന്ന പേരുണ്ടായത്. വാല്മീകി രചിച്ചതുകൊണ്ട് വാല്മീകിരാമായണം എന്ന നാമധേയത്തിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. രാമായണം ആദികാവ്യം എന്ന പേരിലും വാല്മീകി ആദികവി എന്നപേരിലും പ്രസിദ്ധമാണ്. 24000 ശ്ലോകങ്ങളും 7 കാണ്ഡങ്ങളുമാണ് വാല്മീകി രാമായണത്തിലുള്ളത്. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴ് കാണ്ഡങ്ങള്‍. വാല്മീകിരാമായണത്തിനുശേഷം അനേകം രാമായണങ്ങള്‍ ഉണ്ടായിവന്നിട്ടുണ്ട്. മഹാഭാരതത്തിലും പുരാണങ്ങളിലും രാമായണകഥ പ്രതിപാദിച്ചിട്ടുണ്ട്. ഭാരതീയസംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങളുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ജീവിതമണ്ഡലത്തെയും പുഷ്ടിപ്പെടുത്തുന്നതില്‍ രാമായണം വഹിച്ച പങ്ക് വളരെ വലുതാണ്. ലോകം ഉള്ളിടത്തോളംകാലം ഈ രാമകഥ ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലിരിക്കുമെന്ന് വാല്മീകി മഹര്‍ഷി തന്നെ പ്രതിപാദിക്കുന്നത് വളരെ അര്‍ത്ഥവത്താണെന്ന് കാണുവാന്‍ സാധിക്കും. ശ്രീരാമഭരതലക്ഷ്മണശത്രുഘ്‌നന്മാര്‍ക്ക് സമീപപ്രദേശങ്ങളിലായി ക്ഷേത്രം പണിതിരിക്കുന്നത് തൃശൂര്‍ ജില്ലയില്‍ ദര്‍ശിക്കാവുന്നതാണ്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പാറമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവയാണവ. ഇവ നാലമ്പലങ്ങള്‍ എന്നും അറിയപ്പെടുന്നു. കര്‍ക്കടകത്തില്‍ ഒരേദിവസം തന്നെ ഈ നാലു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതപ്പെടുന്നു. ഇതുപോലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപത്തുള്ള രാമപുരത്തും കോട്ടയം ജില്ലയിലെ രാമപുരത്തും നാലമ്പലങ്ങളുണ്ട്. - രാജേഷ് പുല്ലാട്ടില്‍ .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.