പകലും പവര്‍കട്ട്‌

Sunday 2 October 2011 2:33 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. കേന്ദ്രപൂളില്‍നിന്ന്‌ ലഭിക്കുന്ന വൈദ്യുതിയില്‍ ഇന്നലെ മാത്രം 400 മെഗാവാട്ടിന്റെ കുറവ്‌ ഉണ്ടായതിനെ തുടര്‍ന്നാണ്‌ പ്രതിസന്ധി രൂക്ഷമായത്‌. പ്രതിസന്ധി മറികടക്കാന്‍ പത്തുവര്‍ഷത്തിനുശേഷം വീണ്ടും സംസ്ഥാനത്ത്‌ പകല്‍ സമയത്തും പവര്‍കട്ട്‌ ഏര്‍പ്പെടുത്തി. സന്ധ്യയ്ക്ക്‌ ആറരമുതല്‍ രാത്രി പത്തരവരെയുള്ള അരമണിക്കൂര്‍ ലോഡ്ഷെഡിങ്‌ തുടരും. ഇതുകൂടാതെയാണ്‌ പകല്‍ നേരത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.
രാമഗുണ്ടം, താല്‍ച്ചര്‍ താപനിലയങ്ങളിലുണ്ടായ വാര്‍ഷിക അറ്റകുറ്റപ്പണിയും നെയ്‌വേലി താപനിലയത്തിലെ അറ്റകുറ്റപ്പണിയുമാണ്‌ പെട്ടെന്നുള്ള വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം. കേരളത്തിലെ താപവൈദ്യുതി നിലയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാത്തത്‌ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ വൈകുന്നേരം ഏഴിനും രാത്രി 11നുമിടയില്‍ അര മണിക്കൂര്‍ ലോഡ്‌ ഷെഡിങ്‌ വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം വൈദ്യുതി ബോര്‍ഡ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. കേന്ദ്ര വിഹിതം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്നു പറയാനാവാത്തതിനാല്‍ ലോഡ്‌ ഷെഡിങ്‌ എത്രകാലം വേണ്ടിവരുമെന്ന്‌ തീരുമാനിച്ചിട്ടില്ല.
കേന്ദ്രപൂളില്‍ നിന്ന്‌ വൈദ്യുതി ലഭിക്കുന്നില്ലെന്ന്‌ സംസ്ഥാനം പറയുന്നെങ്കിലും കേന്ദ്രം അതു സമ്മതിക്കുന്നില്ല. നാനൂറ്‌ മെഗാവാട്ട്‌ കിട്ടുന്നില്ലെന്നാണ്‌ സംസ്ഥാനത്തിന്റെ പക്ഷം. കേന്ദ്ര ഊര്‍ജസഹമന്ത്രി മന്ത്രി കെ.സി. വേണുഗോപാല്‍ പറയുന്നത്‌ കുറവ്‌ 150 മെഗാവാട്ട്‌ മാത്രമാണെന്നാണ്‌. കണക്കുകള്‍ പരിശോധിച്ചാല്‍ കേന്ദ്രവിഹിതം കുറഞ്ഞത്‌ മാത്രമല്ല പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ വ്യക്തമാകും. ഇടുക്കിയിലെയും മൂഴിയാറിലെയും വൈദ്യുതി ഉല്‍പാദനത്തില്‍ കുറവു വന്നിട്ടുണ്ട്‌. കായംകുളം, ബ്രഹ്മപുരം നിലയങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിയിട്ടുമുണ്ട്‌. കോഴിക്കോട്‌ താപനിലയത്തിന്റെ പ്രവര്‍ത്തനം ഭാഗികം മാത്രമാണ്‌.
ഈ സാഹചര്യത്തില്‍ കേന്ദ്രം പൂര്‍ണ്ണ വിഹിതം നല്‍കിയാലും പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്‌. മുമ്പ്‌ പലപ്പോഴും കേന്ദ്രപൂളില്‍ നിന്ന്‌ കുറവു വന്നപ്പോള്‍ കുറവു പരിഹരിച്ചിരുന്നത്‌ സംസ്ഥാനത്തിനകത്തുള്ള വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ചാണ്‌. ഭാരിച്ച ഇന്ധന വില വര്‍ദ്ധനയും വൈദ്യുതി ബോര്‍ഡിനെ കുഴയ്ക്കുന്നുണ്ട്‌. താപ വൈദ്യുതി നിലയങ്ങളില്‍ നിന്ന്‌ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ ഭാരം ഇറക്കിവയ്ക്കുന്നതിനാണ്‌ ഇപ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന്‌ സര്‍ച്ചാര്‍ജ്ജ്‌ പിരിക്കുന്നത്‌.
ലോഡ്ഷെഡിങ്ങ്‌ എപ്പോള്‍ പിന്‍വിലിക്കാനാകുമെന്ന്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞത്‌. കേന്ദ്രവിഹിതത്തില്‍ വന്‍ കുറവാണ്‌ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. താപവൈദ്യുത നിലയങ്ങളായ രാമഗുണ്ടത്തും നെയ്‌വേലിയിലും സമരം തുടരുന്നത്‌ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്‌. രണ്ടു നിലയങ്ങളിലും സമരം തുടര്‍ന്നാല്‍ ലോഡ്ഷെഡിങ്ങും തുടരേണ്ടി വരുമെന്ന്‌ ആര്യാടന്‍ കോട്ടയത്ത്‌ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം എത്രയും വേഗം പിന്‍വലിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായതാണ്‌ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന്‌ മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
ഇപ്പോഴത്തെ നിലയില്‍ രാത്രിയിലുള്ള വൈദ്യുതി നിയന്ത്രണം അനന്തമായി നീളാനാണ്‌ സാധ്യത. കേരളത്തിന്‌ നേരത്തേ പ്രതിദിനം 950 മെഗാവാട്ട്‌ കേന്ദ്ര വൈദ്യുതിയാണ്‌ ലഭിച്ചിരുന്നത്‌. വ്യാഴാഴ്ച മുതല്‍ കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 250 മെഗാവാട്ടിന്റെ കുറവ്‌ വന്നിരുന്നു. കുറവ്‌ ഇനിയുമുണ്ടായാല്‍ പകല്‍നേരത്തും പവര്‍കട്ട്‌ ഏര്‍പ്പെടുത്തേണ്ടിവരും. ആവശ്യത്തിലധികം മഴയുണ്ടായിട്ടും വൈദ്യുതി രംഗത്ത്‌ പ്രതിസന്ധിയുണ്ടാക്കിയത്‌ ബോര്‍ഡിന്റെ ആസൂത്രണത്തിലെ പിഴവായി വിലയിരുത്തപ്പെടുന്നു.
സ്വന്തം ലേഖകന്‍