ആരതിക്ക്‌ വീണ്ടും റാങ്കിന്റെ പൊന്‍തിളക്കം

Saturday 1 October 2011 10:52 pm IST

തൊടുപുഴ : മാതൃഭാഷയോടുള്ള അടക്കാനാവാത്ത അഭിനിവേശത്തിന്‌ ആരതിയെ തേടിയെത്തിയത്‌ റാങ്കിന്റെ പൊന്‍തിളക്കം. കോലാനി പ്രഭാകരമന്ദിരത്തില്‍ റിട്ട. ട്രഷറി ജീവനക്കാരന്‍ പ്രഭാകരന്‍ നായരുടെയും ഭദ്രയുടെയും മകള്‍ ആരതി പി. നായര്‍ക്കാണ്‌ മലയാളം എം.എയില്‍ ഒന്നാം റാങ്ക്‌ ലഭിച്ചത്‌. 2200 ല്‍ 1875 മാര്‍ക്കാണ്‌ ലഭിച്ചത്‌.
മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ വിദ്യാര്‍ത്ഥിനിയായ ആരതിക്ക്‌ മാതൃഭാഷ മാതാവിനെപ്പോലെയാണ്‌. മലയാളം പദ്യം ചൊല്ലല്‍, കവിതാരചന തുടങ്ങിയവയില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
ബി.എം ക്ക്‌ 800 ല്‍ 740 മാര്‍ക്ക്‌ നേടി ഒന്നാം റാങ്ക്‌ നേടിയ ആരതി എം.എയ്ക്കും ഒന്നാം റാങ്ക്‌ നേടിയതിലൂടെ എം.ജി യൂണിവേഴ്സിറ്റിയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്‌.
തൊടുപുഴ സരസ്വതി വിദ്യാഭവനില്‍ പഠനം ആരംഭിച്ച ആരതി 7-ാ‍ം ക്ലാസ്‌ വരെ സരസ്വതിയിലും, കദളിക്കാട്‌ വിമലമാതാ ഹൈസ്കൂളില്‍ നിന്ന്‌ എസ്‌എസ്‌എല്‍സിയും മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന്‌ പ്ലസ്ടൂവും ഡിസ്റ്റിംഗ്ഷനോടെയാണ്‌ പാസായത്‌. ആദ്യ വര്‍ഷം തന്നെ നെറ്റ്‌ വിത്ത്‌ ജെആര്‍എഫും ആരതി കരസ്ഥമാക്കി. സഹോദരി പാര്‍വ്വതി പി. നായര്‍ മൂവാറ്റുപുഴ നിര്‍മ്മലകോളേജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്ചററായി സേവനം അനുഷ്ഠിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.