കേന്ദ്രവിഹിതം ചെലവഴിക്കുന്നതില്‍ സ്വാതന്ത്ര്യം വേണം: ഉമ്മന്‍ചാണ്ടി

Saturday 1 October 2011 10:53 pm IST

കൊച്ചി: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ പണം ചെലവഴിക്കുന്നത്‌ സംബന്ധിച്ച്‌ സംസ്ഥാനത്തിന്‌ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യവും ആവശ്യങ്ങളും വ്യത്യസ്തമാണ്‌. അതനുസരിച്ചുള്ള പദ്ധതികള്‍ക്കാണ്‌ പണം ചെലവഴിക്കേണ്ടത്‌. കാക്കനാട്ട്‌ എറണാകുളം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്‌ മന്ദിരം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകായിരുന്നു അദ്ദേഹം.പ്രാദേശികമായ ആവശ്യങ്ങള്‍ക്ക്‌ കേന്ദ്രപദ്ധതിയില്‍ പ്രാധാന്യം കൊടുക്കുന്നില്ല. അതുകൊണ്ട്‌ കേന്ദ്രഫണ്ട്‌ 'ചെലവഴിക്കാന്‍'വേണ്ടി മാത്രം ചെലവഴിക്കുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്‌. കേന്ദ്രഫണ്ട്‌ ഏറ്റവും കുറവ്‌ ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണ്‌.അതിന്‌ കാരണം കേരളത്തിന്റെ സാഹചര്യത്തിന്‌ പണം ചെലവഴിക്കുന്നതിന്‌ ചില തടസങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ മുഖ്യ ആവശ്യം സാക്ഷരതയും അനുബന്ധ സൗകര്യങ്ങളുമാണ്‌.എന്നാല്‍ രണ്ടാം തലമുറ ആവശ്യങ്ങളാണ്‌ കേരളത്തിന്റേത്‌. ആയുര്‍ദൈര്‍ഘ്യം കൂടിയ സംസ്ഥാനമെന്ന നിലയില്‍ പ്രായമായവരുടെ സംരക്ഷണത്തിന്‌ സംസ്ഥാനം കൂടുതല്‍ കേന്ദ്രവിഹിതം ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ തൊഴില്‍ ഉറപ്പ്‌ പദ്ധതി ഉല്‍പാദനരംഗത്തേക്ക്‌ കൂടി മാറ്റിയാല്‍ സംസ്ഥാനത്തിന്‌ കൂടുതല്‍ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ്‌ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്‌, ടി.എം. ജേക്കബ്‌, എംപിമാരായ കെ.പി. ധനപാലന്‍, പി. രാജീവ്‌, ചാള്‍സ്‌ ഡയസ്‌, എംഎല്‍എമാരായ ബെന്നി ബഹനാന്‍, എസ്‌. ശര്‍മ്മ, ഡൊമിനിക്‌ പ്രസന്റേഷന്‍, ടി.യു. കുരുവിള, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, വി.പി. സജീന്ദ്രന്‍, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക്പരീത്‌, ചീഫ്‌ എഞ്ചിനീയര്‍ പി.കെ. സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ പി. കുന്നപ്പിള്ളില്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍. ഗിരിജ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.