കര്‍ലാട് തടാക പരിസരത്ത് 36.5 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍

Monday 8 September 2014 11:43 pm IST

കല്‍പ്പറ്റ : വയനാട്ടിലെ തരിയോട് പഞ്ചായത്തിലുള്ള കര്‍ലാട് തടാക പരിസരത്ത് സാഹസിക വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി 36.5 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടത്തുന്നു. സിപ്പ് ലൈന്‍, റോക്ക് ക്ലൈംബിംഗ്, കനോയിംഗ്, പെയ്ന്റ് ബാള്‍ ഗണ്‍ ഗെയിം, അമ്പെയ്ത്ത്, ലാന്‍ഡ് സോര്‍ബിംഗ് സൗകര്യങ്ങളാണ് പുതുതായി ഒരുക്കുന്നത്. എല്ലാ കാലാവസ്ഥയ്ക്കും യോജിച്ച 12 ടെന്റുകളും നിര്‍മിക്കും. ദല്‍ഹിയിലെ ടെക്‌സോള്‍ എനര്‍ജി എന്ന സ്ഥാപനത്തിനാണ് നിര്‍മാണച്ചുമതല. പ്രവൃത്തികള്‍ ഒക്‌ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഡിടിപിസി  മാനേജര്‍ ബിജു ജോസഫ് പറഞ്ഞു. തരിയോട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലാണ് പ്രകൃതിദത്ത കര്‍ലാട് തടാകം. 10.5 ഏക്കറാണ് ഈ ജലാശയത്തിന്റെ വിസ്തൃതി. തടാകത്തോട് ചേര്‍ന്ന് മൂന്നര ഏക്കര്‍ കരയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കൈവശത്തിലുണ്ട്. 1999ല്‍ തരിയോട് പഞ്ചായത്ത് വിലയ്ക്കുവാങ്ങി കൈമാറിയതാണ് ഈ ഭൂമി. കല്‍പറ്റയില്‍ നിന്ന് 18 കിലോ മീറ്ററാണ് കര്‍ലാടേക്ക് ദൂരം. തരിയോട് അങ്ങാടിയില്‍നിന്ന് തടാകപരിസരത്തേക്ക് ടാര്‍ചെയ്ത പാതയുണ്ട്.  ടൂറിസം വകുപ്പ് അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ചതാണ് 1.9 കിലോമീറ്റര്‍ വരുന്ന റോഡ്. 2010 ആഗസ്റ്റ് 15ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതാണ്  കര്‍ലാട് ടൂറിസം സെന്റര്‍. പ്രകൃതിരമണീയമായ പ്രദേശമായിട്ടും ഇവിടെ സന്ദര്‍ശകരുടെ തിരക്കില്ല. കോണ്‍ഫറന്‍സ് ഹാളും നാല് കോട്ടേജുകളും കുട്ടികളുടെ ഉദ്യാനവും ഏതാനും തുഴ, ചവിട്ട് ബോട്ടുകളുമാണ് നിലവില്‍ കര്‍ലാട് ഉള്ളത്. പുതിയ പ്രവൃത്തികള്‍  പൂര്‍ത്തിയാകുന്നതോടെ കര്‍ലാട് തിരക്കേറിയ പരിസ്ഥിതി സൗഹൃദ-സാഹസിക വിനോദ സഞ്ചാര കേന്ദ്രമായി  മാറുമെന്ന പ്രതീക്ഷയിലാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.