ആനന്ദം

Tuesday 9 September 2014 8:08 pm IST

ബുദ്ധ്യുപാധികളോടുകൂടിയല്ലെന്നാകിലും തത്ത്വാര്‍ത്ഥ പ്രബോധമില്ലാതവര്‍ക്കെല്ലാനാളും. ഭുക്തിയും സുഷുപ്തിയും മൈഥുനവിഹാരവും വൃത്തികളൊന്നുപോലെ തോന്നീടുമജ്ഞാനത്താല്‍ വൃത്തികളിവ നാലും സകലജീവാക്കള്‍ക്കും നിത്യവൃത്തികളായി വിധിച്ചിട്ടുള്ളൊന്നല്ലോ മനുഷ്യാനന്ദം മുതല്‍ പതിനൊന്നാനന്ദമു- ണ്ടനിത്യമതൊക്കെയും മായാബന്ധനമല്ലോ സംസാരമുണ്ടാക്കുവാനുള്ളോന്നാകയാലതില്‍ കിം സുഖമെന്നു നിനയാതവര്‍ക്കെല്ലാനാളും സുഷുപ്ത്യാനന്ദമനിത്യാനന്ദം മായതങ്കല്‍ ലയിക്കുമതുകൊണ്ടജ്ഞാനവുമനുഭവം. ആശയം:- ബുദ്ധിയുടെ ഉപാധികളില്ലെങ്കിലും തത്ത്വാര്‍ത്ഥ ബോധം കിട്ടാത്തവര്‍ക്ക് എന്നും സുഖമായി ഭക്ഷണം കഴിക്കലും അതു കഴിഞ്ഞ് സുഖമായ ഉറക്കവും പിന്നെ മൈഥുനവും തുടങ്ങിയ വൃത്തികള്‍ ആവര്‍ത്തിച്ച് അതാണു സുഖമെന്ന് അജ്ഞാനം നിമിത്തം കരുതുന്നു. സുഖഭോഗവസ്തുക്കള്‍ സമ്പാദിക്കലും അനുഭവിക്കലും മാത്രം ജീവിതലക്ഷ്യമായി ധരിക്കുന്നു. ആഹാരം- നീഹാരം- നിദ്ര- മൈഥുനം ഇവനാലുമാണ് സകലജീവികള്‍ക്കും ധര്‍മ്മമായി നിശ്ചയിച്ചിട്ടുള്ളത്. മനുഷ്യാനന്ദം മുതല്‍ പതിനൊന്ന് പ്രകാരത്തില്‍ ആനന്ദമുള്ളതൊക്കയും അനിത്യവും മായാബന്ധം കൊണ്ടുണ്ടാകുന്നുവെന്നും മനസ്സിലാക്കുക. മായാബന്ധനം സംസാരത്തെ ഉണ്ടാക്കുന്നാകയാല്‍ അതിലെന്തുസുഖം എന്നു വിചാരിക്കാത്തവര്‍ക്ക് സുഷുപ്ത്യാനന്ദം അനിത്യാനന്ദമായിത്തന്നെയിരിക്കും. അവര്‍ക്ക് ശാശ്വതമായ ആനന്ദപ്രാപ്തി ഉണ്ടാകുന്നില്ല എന്നര്‍ത്ഥം. കാരണം മായയില്‍ നിന്നു ജനിക്കുന്ന ഈ ആനന്ദം മായയില്‍ ലയിക്കുന്നു, ആ മായ നിലനില്‍ക്കുന്നിടത്തോളം കാലം ശാശ്വതമായ മുക്തി ലഭിക്കുകയില്ല. അതിനാല്‍ ആനന്ദാനുഭവമായ സുഷുപ്ത്യാനന്ദം മുക്തി കൊണ്ടു നേടുന്ന ആനന്ദമായി ഭവിക്കുന്നില്ല. സംസാരം എന്നുവരെ നിലനില്‍ക്കുമോ അതുവരെ മായയുമുണ്ട്. മായതന്നെയാണ് സംസാരത്തിനു കാരണം. രോഗകാരണത്തെ നശിപ്പിക്കാതെ രോഗശമനം ഉണ്ടാകുകയില്ല. മായകൊണ്ടു നിര്‍മ്മിതമായ ഈ ശരീരം ആത്മാവല്ലെന്നും ശരീരത്തിന്റെ സുഖദുഃഖാദി അനുഭവങ്ങള്‍ ആത്മാവിന്റേതല്ലെന്നും അറിയുന്നതുവരെ താല്‍ക്കാലികമായ സുഷുപ്ത്യാനന്ദം മാത്രമേ ഉണ്ടാകുന്നുള്ളു. ശാശ്വതമായ മുക്തിയും പരമാനന്ദവും ഉണ്ടാകുന്നില്ല. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.