കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

Tuesday 9 September 2014 11:12 pm IST

തൊടുപുഴ: ഇടുക്കി ബിഷപ്പിനെതിരെ യൂത്ത് ഫ്രണ്ട് പുറത്തിറക്കിയ പ്രസ്താവനയുടെ പേരില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണിക്കും, പി.ജെ ജോസഫിനും പ്രായമായെന്നും രാഷ്ട്രീയത്തിലേക്ക് കത്തോലിക്ക വിഭാഗത്തില്‍ നിന്നും യുവാക്കള്‍ എത്തണമെന്നുമായിരുന്നു ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന. ഇതേത്തുടര്‍ന്നാണ് ആനിക്കുഴിക്കാട്ടിലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇടവെട്ടി പഞ്ചായത്ത് അംഗവുമായ ജയകൃഷ്ണന്‍ പുതിയേടത്ത് രംഗത്തെത്തിയത്. 'മലയോര രൂപതയായ ഇടുക്കിയില്‍ വൃദ്ധപിതാവിന് പകരം പക്വതയുള്ള യുവബിഷപ്പിനെ നിയമിക്കാന്‍ സീറോ മലബാര്‍സഭ തയ്യാറാകണം. പ്രായം പക്വതയും വിവേകം അനുഭവജ്ഞാനവും വര്‍ദ്ധിപ്പിക്കുമെങ്കിലും ഇടുക്കി ബിഷപ്പിന് അതുണ്ടായിട്ടില്ലെന്നാണ് യൂത്ത് ഫ്രണ്ട് പ്രസ്താവിച്ചത്. യൂത്ത് ഫ്രണ്ടിന്റെ പ്രസ്താവന പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ബിഷപ്പിനെതിരെ പ്രസ്താവനയിറക്കിയതില്‍ ഇടുക്കി എംഎല്‍എയ്ക്കാണ് കടുത്ത അതൃപ്തി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റത്തിനും ഇതേ നിലപാടാണ്. ജയകൃഷ്ണന്റെ പ്രസ്താവനയെ അനുകൂലിച്ച് ജോര്‍ജ് മാത്യു, തോമസ് ചെറിയാന്‍, കെ.പി മുജീബ് എന്നിര്‍ രംഗത്തുവന്നത് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. 12ന് തൊടുപുഴയില്‍ കേരള കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമേ ജയകൃഷ്ണനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം അറിയിച്ചു. തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായി ജയകൃഷ്ണനും അറിയിച്ചു. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.