മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അധ്യാപകരാകുന്നു

Wednesday 10 September 2014 10:48 am IST

കൊച്ചി: വിദ്യാര്‍ഥികളില്‍ അധ്യാപന പരിചയം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നൂതനവും സംവാദാത്മകവുമായ പാഠ്യപദ്ധതിയുടെ ഭാഗമായി ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ടിസ്റ്റ്) മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നവാഗതര്‍ക്ക് ആമുഖപാഠങ്ങളും അനുഭവങ്ങളും പകര്‍ന്നു നല്‍കുന്ന അധ്യാപകരാകുന്നു. കുട്ടികളില്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും കോളജില്‍ നിന്നിറങ്ങുമ്പോള്‍തന്നെ തൊഴില്‍ നേടാന്‍ സജ്ജരാക്കുകയും വേണം. പുതിയ സംവാദാത്മക പരിപാടി ഈ ലക്ഷ്യത്തോടെയുള്ളതാണെന്ന് ടിസ്റ്റ് പ്രിന്‍സിപ്പല്‍ ഡി വിന്‍സന്റ് എച്ച് വില്‍സണ്‍ പറഞ്ഞു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക്പഠിച്ച വിഷയങ്ങള്‍ ഒന്നുകൂടി ഓര്‍മിച്ചെടുക്കാന്‍ അവസരം നല്‍കും വിധത്തിലാണ് പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രൊഫസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന പരിപാടി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍ ലാഘവമുണ്ടാക്കുന്നതിനൊപ്പം അനൗപചാരികരീതിയില്‍ അറിവു പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്. പ്രയോജനകരമായ അറിവുകൈമാറ്റത്തിന്റെ രീതികള്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും ഈ പരിപാടി ബി.ടെക് ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.