കലിയുഗാന്ത്യത്തോടുകൂടി ലോകത്ത് സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, മ്ലേചാരത്തോടുകൂടിയവരും ആയിത്തീരും. ദേവന്മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണുഭഗവാന് ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും. കല്‍ക്കി ഭഗവാന് പരശുരാമനെ ഗുരുവായി വരിച്ച് സര്‍വവിദ്യകളും അഭ്യസിക്കും. സിംഹളരാജാവായ ബൃഹദശ്വന്റെ പുത്രിയായ പത്മാവതിയെയും ശശിധ്വജന്റെ പുത്രിയായ രമയെയും കല്ക്കിദേവന് വിവാഹം കഴിക്കും. പിന്നെ കല്ക്കിദേവന് ഭൂലോകത്തിലെ സകലദുഷ്ടജനങ്ങളെയും നിഗ്രഹിച്ച് സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും. അങ്ങനെ കലിയുഗത്തിനുശേഷം സത്യയുഗം സമാഗതമാകും. അന്ന് സര്‍വജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കുന്നവരായിത്തീരും. ഇപ്രകാരം തന്റെ അവതാരലക്ഷ്യത്തെ പൂര്‍ത്തിയാക്കിയതിനുശേഷം കല്ക്കിദേവന് സ്വധാമത്തെ പ്രാപിക്കും.
കല്ക്കിദേവന്റെ അവതാരം തുടങ്ങിയ സകലവസ്തുതകളും കല്‍ക്കി പുരാണത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ മറ്റ് പുരാണങ്ങളിലും കല്ക്കിദേവന്റെ ചരിത്രത്തെ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതത്തില്‍ കല്ക്കിദേവന്റെ കുതിരയുടെ പേര് ദേവദത്തം എന്നാണ്. കല്ക്കിദേവന്റെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം ഭൂമണ്ഡലംമുഴുവന് ചുറ്റി നൃപന്മാരുടെ വേഷത്തില്‍ ഒളിഞ്ഞിരിക്കുന്ന ചോരന്മാരെയെല്ലാം നിഗ്രഹിക്കും. കല്‍ക്കി അവതാരം എടുക്കുന്നതോടുകൂടിത്തന്നെ സത്യയുഗത്തിന്റെ ആരംഭവും ഉണ്ടാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിനു സമാനമായ ചരിതം തന്നെ വിഷ്ണു പുരാണത്തിലും പറഞ്ഞിരിക്കുന്നു.
ബ്രഹ്മവൈവര്‍ത്തപുരാണത്തിലെ പരാമര്‍ശം കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യോളവും വലിപ്പമുള്ളതായിതീരുമത്രേ. അക്കാലത്താണ് കല്ക്കിഭഗവാന് അവതരിക്കുക. അദ്ദേഹം അതിവേഗതയോടുകൂടിയ കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍കൊണ്ട് ഭൂമിയെ മ്ലേച്ഛശൂന്യമാക്കിത്തീര്‍ക്കും. പിന്നെ ആറുദിവസം തുടര്‍ച്ചയായി മഴപെയ്യും. അതോടുകൂടി ഭൂമി മുഴുവന്‍ ജലത്തിന്റെ അടിയിലായിത്തീരും. പിന്നെ ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച് ഉദിച്ച് ജലത്തെയെല്ലാം വറ്റിച്ചുക്കളഞ്ഞ് പൂര്‍വ്വസ്ഥിതിയിലാക്കും.
ഭവിഷ്യ പുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ്. കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക് യോഗ്യരായിതീരും. അധര്‍മ്മം വര്‍ദ്ധിച്ചിരിക്കുന്ന അക്കാലത്ത് യമധര്മന് ബ്രഹ്മാവിനെ ചെന്നുകണ്ട് സങ്കടമുണര്‍ത്തിക്കും. ബ്രഹ്മാവ് യമനെയുംകൂട്ടി വൈകുണ്ഠത്തിലേക്ക് പോയി വിഷ്ണുഭഗവാനോട് എല്ലാ കാര്യങ്ങളും ഉണര്‍ത്തിക്കും പിന്നെ ഭഗവാന് ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും. മാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളില്‍ അര്‍ദ്ധരാത്രിയിലായിരിക്കും ഭഗവാന്റെ തിരുവവതാരം സംഭവിക്കുകയെന്ന് പറഞ്ഞിരിക്കുന്നു. വിഷ്ണുയശസ്സ് കശ്യപ പ്രജാപതിയുടെ പുനര്ജന്മമാണത്രേ. കല്ക്കിദേവന്റെ മാതാവിന്റെ പേര് വിഷ്ണു കീര്‍ത്തി എന്നായിരിക്കുമത്രേ. അവര്‍ ഭഗവാന്റെ ചരിത്രങ്ങളെ ലീലാചരിതത്തെ ജനങ്ങളെ വായിച്ചു കേള്‍പ്പിക്കും. ഇതുകേട്ട് മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടക്കും. ഇതിനുശേഷം അവതരിക്കുന്ന കല്‍ക്കി ഭഗവാന്റെ ദ്വിഗ്ജയം 16000 സംവത്സരം പൂര്ത്തിയാക്കുവമ്പോഴേക്കും ഭൂമി മനുഷ്യശൂന്യമാകുകയും കലിയുഗം അവസാനിക്കുകയും ചെയ്യും.
– രാജേഷ് പുല്ലാട്ടില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: