കണ്ണൂര്‍ കൊലപാതകം ലീഗ് സിബിഐ അന്വേഷണം എതിര്‍ക്കുന്നത് ഭയംമൂലം: വി.മുരളീധരന്‍

Thursday 11 September 2014 12:55 am IST

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സംബന്ധിച്ച സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുസ്ലിം ലീഗ് രംഗത്തു വന്നത് തങ്ങളുടെ തീവ്രവാദമുഖം വെളിപ്പെടുമോ എന്ന് ഭയപ്പെട്ടിട്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കണ്ണൂര്‍ കൊലപാതകം മാത്രമല്ല മാറാട് കൂട്ടക്കൊലയ്ക്ക് പുറകിലെ ഗൂഢാലോചനയെക്കുറിച്ചും സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് സംസ്ഥാന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കണ്ണൂരിലെ കൊലപാതകം സംബന്ധിച്ച സിബിഐ അന്വേഷണത്തിനെതിരെ രംഗത്തു വരാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നതെന്ന് മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാറാട് കൂട്ടക്കൊലയ്ക്ക് പുറകിലെ ഗൂഢാലോചനയില്‍ നിരവധി മുസ്ലിംലീഗ്-യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ട്. സിബിഐ അന്വേഷണം ഉണ്ടായാല്‍ മുസ്ലിംലീഗിന്റെ തീവ്രവാദമുഖം കേരള ജനതയുടെ മുന്നില്‍ വെളിപ്പെടുമെന്ന് തീര്‍ച്ചയാണ്. ഈ ആശങ്ക നിമിത്തമാണ് ലീഗ് സിബിഐ അന്വേഷണങ്ങളെയെല്ലാം എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറാട് കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎമ്മും എതിര്‍ത്തിരുന്നു. പല ഘട്ടത്തിലും മുസ്ലിംലീഗിന്റെ തീവ്രവാദ നിലപാടുകളോട് സിപിഎം യോജിച്ചിരുന്നു. തീവ്രവാദ വിഷയത്തില്‍ സിപിഎം-ലീഗ് നേതൃത്വങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളുടെ തുടര്‍ച്ചയായാണ് ഇതിനെ കാണേണ്ടത്. മാറാട് സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യത്തെ അട്ടിമറിച്ചത് മുസ്ലിംലീഗാണ്. അതേ മുസ്ലിംലീഗ് ഇപ്പോള്‍ മനോജിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുകയാണ്. ഇത് സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് തെളിവാണ്. മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്ന മുസ്ലിംലീഗ് നടപടിയെ സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി നേതൃത്വവും തയ്യാറാകണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.