കെപിസിസി യോഗത്തില്‍ സുധീരന് രൂക്ഷ വിമര്‍ശനം

Thursday 11 September 2014 12:56 am IST

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തില്‍ അധ്യക്ഷന്‍ വി.എം.സുധീരനെതിരെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ പാര്‍ട്ടിയും ഭരണവും രണ്ടായെന്നും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും പൊതുസമൂഹത്തില്‍ അത് രണ്ടാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. താനാണ് ശരിയെന്നും മറ്റുള്ളവരൊക്കെ തെറ്റെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുണ്ടായി. മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് നേതാക്കള്‍ സുധീരനെതിരെ ആഞ്ഞടിച്ചത്. പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കന്‍, സുബ്രഹ്മണ്യന്‍  തുടങ്ങിയവരാണ് വിമര്‍ശനമുന്നയിച്ചത്. ഒരാള്‍ മാത്രം ശരിയെന്ന നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ ഉയര്‍ത്തിക്കാട്ടി സിപിഎമ്മിനെ തകര്‍ത്ത ഒരു മാധ്യമക്കെണി ഇവിടെയുണ്ടെന്ന് ഉദാഹരണം പറഞ്ഞാണ് വിഷ്ണുനാഥ് ഒളിയമ്പെയ്തത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയാല്‍ അത് തിരിഞ്ഞടിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. മദ്യനയം യോജിച്ച തീരുമാനമാണെന്ന് പറയുമ്പോഴും ചില നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ സര്‍ക്കാരും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് വരുന്നത് ഒട്ടും ഗുണകരമാവില്ലെന്ന് ജോസഫ് വാഴക്കന്‍ ചൂണ്ടിക്കാട്ടി. സദാചാര പ്രസംഗം കൊണ്ടുമാത്രം എന്നും മുന്നോട്ടുപോകാനാവില്ലെന്നും വാഴക്കന്‍ കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും സര്‍ക്കാരുമായി പല അഭിപ്രായഭിന്നതകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും പുറത്തുകാട്ടാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യോജിപ്പോടെ നീങ്ങിയതുകൊണ്ടാണ് പല വിജയങ്ങളും നേടാന്‍ കഴിഞ്ഞത്. ഇന്ന് ആ സാഹചര്യം മാറി. ഇന്ന് രണ്ടുപേരും രണ്ടുവഴിക്കാണെന്ന് വരുത്തുന്നത് ശരിയല്ലെന്ന് സുബ്രഹ്മണ്യന്‍ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. ഇന്നലത്തെ യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി മേധാവികളെ ക്ഷണിക്കാത്തതിനാലാണ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.