മനോജ് വധം: വിക്രമന്‍ കീഴടങ്ങി

Thursday 18 September 2014 12:33 pm IST

  കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിപിഎം കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം വേണാടിന്റവിട വിക്രമന്‍ (42) ഇന്നലെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കോടതി ഇയാളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാവിലെ 11.40ന് സ്‌കൂട്ടറിലെത്തിയ വിക്രമന്‍ കോടതിയിലേക്ക് ഓടികയറുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് എത്താന്‍ വൈകിയതിനാല്‍ ഉച്ചക്ക് മൂന്നു മണിക്കേ കോടതി കേസ് പരിഗണിച്ചുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ.വി. സന്തോഷ് കുമാറിന്റെ അപേക്ഷ മാനിച്ച് പ്രതിയെ രണ്ടാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂട്ടര്‍ കാന രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കൃഷ്ണകുമാര്‍ പ്രതിയെ ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം നാലു മണിയോടെ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ ചോദ്യം ചെയ്യാനായി തലശ്ശേരിയിലേക്ക് കൊണ്ടു പോയി. സിപിഎം പ്രവര്‍ത്തകരുടെ നിരവധി കേസുകളില്‍ ഹാജരായിട്ടുളള തലശ്ശേരിയിലെ അഡ്വ. കെ.വിശ്വന്‍ മുഖേനയാണ് ഇയാള്‍ കീഴടങ്ങിയത്. വിക്രമന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാത്രമല്ല വിക്രമനോടൊപ്പം വാനില്‍ സഞ്ചരിച്ച് അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമോദും സംഭവത്തിന് ദൃക്‌സാക്ഷികളായ സ്ത്രീകളടക്കമുളളവരും വിക്രമന്റെ നേതൃത്വത്തിലാണ് മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാനില്‍ നിന്നും വലിച്ചിറക്കി തലയറുത്തു കൊലപ്പെടുത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായ വിക്രമന്‍ പാട്യം സര്‍വ്വീസ് സഹകരണ ബാങ്ക് വാച്ച്മാന്‍ കൂടിയാണ്. കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വിക്രമന്‍. ടി പിവധക്കേസിലെ മുഖ്യ പ്രതിയായ ടി.കെ. രജീഷ് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച സംഭവത്തില്‍ ഉള്‍പ്പെടെ വിക്രമന് പങ്കുളളതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വാഹന ഡ്രൈവര്‍, അംഗരക്ഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള വിക്രമന്‍ സെക്രട്ടറിയുടെ വലം കൈയും സന്തത സഹചാരിയുമാണ്. പാര്‍ട്ടി മെമ്പറായ വിക്രമന്‍ കോടതിയില്‍ കീഴടങ്ങിയതോടെ മനോജിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന പാര്‍ട്ടിയുടെ കണ്ണൂരിലെ നേതാക്കളുടെ വാദം കൂടുതല്‍ പൊളിഞ്ഞിരിക്കുകയാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ സിപിഎം നേതാക്കള്‍ക്കുള്‍പ്പെടെ മനോജ് വധത്തിലുളള പങ്കും ജില്ലയില്‍ പ്രത്യേകിച്ച് പാനൂര്‍,തലശ്ശേരി മേഖലകളില്‍ വര്‍ഷങ്ങളായി സിപിഎം നടത്തുന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും ചുരുളഴിയും. കഴിഞ്ഞ 1 ന് രാവിലെ 11.30 ഓടെയായിരുന്നു ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ മനോജിനെ അദ്ദേഹം സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.