സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടി

Thursday 11 September 2014 9:28 pm IST

ബാറുകള്‍ ഇന്നലെ രാത്രി മുതല്‍ അടച്ചുപൂട്ടണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയായി ഈ മാസം 30-ാം തീയതിവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ബാറുകള്‍ക്ക് സുപ്രീംകോടതി നല്‍കിയ അനുമതി. ഇത് സ്ത്രീകളില്‍ കണ്ണീരിനും ബാര്‍ ഉടമ-തൊഴിലാളികള്‍ക്കും മദ്യപര്‍ക്കും ആഹ്ലാദത്തിനും കാരണമായി. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നും മദ്യപാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ കുറ്റകൃത്യങ്ങളും ഗാര്‍ഹിക-സ്ത്രീപീഡനങ്ങളും റോഡപകട മരണങ്ങളും കൂടുന്നത് വര്‍ധിച്ചുവരുന്ന മദ്യോപയോഗമാണെന്നും ഉള്ളത് വസ്തുതയാണ്. പക്ഷേ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനിരോധനം ഒരു രാഷ്ട്രീയ നാടകം മാത്രമല്ല സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ മുഗ്ദ്ധനായ കെപിസിസി പ്രസിഡന്റും തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നു ഭയപ്പെടുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള ദ്വന്ദയുദ്ധത്തോടുകൂടിയാണ്. സര്‍ക്കാര്‍ മദ്യവര്‍ജനമല്ലേ, മദ്യനിരോധനമാണോ ഏര്‍പ്പെടുത്തേണ്ടിയിരുന്നത് എന്ന ചോദ്യവും ഉയരുന്നു. മദ്യനിരോധനമായിരുന്നു ലക്ഷ്യമെങ്കില്‍ എന്തിന് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി? ധനവാന്മാര്‍ മദ്യപിക്കട്ടെ എന്നുള്ള മൗനാനുവാദമാണോ അതിന് പിന്നില്‍? ബാറുകള്‍ അടച്ചുപൂട്ടി ബിവറേജസ് കോര്‍പ്പറേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ മദ്യവ്യവസായിയുമായിത്തീരുന്നു. മദ്യക്കച്ചവടം ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന നികുതി എന്നിവ ഖജനാവിന്റെ വരുമാന സ്രോതസ്സായിരുന്നു. ഈ ഓണക്കാലത്തും മദ്യവില്‍പ്പന വര്‍ധന 31 ശതമാനമായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ വഴി വിറ്റത് 216.62 കോടിയുടെ മദ്യം. റെക്കോര്‍ഡ് വര്‍ധനയായിരുന്നു; 29 ശതമാനം വര്‍ധന. ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ തൊഴിലാളികള്‍ തൊഴില്‍രഹിതരുമാകും. ഈ പ്രതിച്ഛായാ യുദ്ധം കാലിയാക്കുന്നത് സര്‍ക്കാര്‍ ഖജനാവിനെയാണ്. ഇപ്പോള്‍ കടപ്പത്രമിറക്കി ഖജനാവിന്റെ അവസ്ഥ ഏറെക്കുറെ സുരക്ഷിതമാക്കി എങ്കിലും വേറെ വരുമാന സ്രോതസ്സ് കണ്ടുപിടിക്കുകയോ ജനങ്ങളുടെ നികുതി ഭാരം വര്‍ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. മദ്യനിരോധനം ആത്മാര്‍ത്ഥമായി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു എങ്കില്‍ ഗുജറാത്ത് മോഡല്‍ ആകാമായിരുന്നില്ലേ എന്നു സുപ്രീംകോടതി ചോദിക്കുന്നു. ബാറുകള്‍ അടച്ചുപൂട്ടിയാല്‍ മദ്യപര്‍ വാറ്റില്‍ അഭയം തേടുമെന്നും ക്യാമറയ്ക്ക് മുന്‍പില്‍ സമ്മതിക്കുന്നു. പണ്ടത്തെ ചാരായ നിരോധനം വരുത്തിവച്ച മദ്യദുരന്തങ്ങളിലേക്ക് അവര്‍ ശ്രദ്ധ ക്ഷണിക്കുന്നു. പ്രതിപക്ഷ നേതാവും പറയുന്നത് പാറ്റയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന വാറ്റുചാരായമായിരിക്കും ഇവരുടെ ആശ്വാസം എന്നാണ്. എന്നാല്‍ മദ്യലഭ്യത കുറയുമ്പോള്‍ വ്യാജമദ്യ ലഭ്യത വര്‍ധിക്കും. കേരളത്തിലെ മദ്യനിരോധന വാര്‍ത്തയില്‍ ആഹ്ലാദഭരിതരായ തമിഴ്‌നാട് കേരള മദ്യപരുടെ രക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്നുള്ളത് നേരത്തെ അറിഞ്ഞ വസ്തുതയാണ്. ബജറ്റില്‍ പ്രതീക്ഷിച്ച 30 ശതമാനം അധിക നികുതി പിരിവ് പ്രാവര്‍ത്തികമായില്ല. ഏകദേശം പത്ത് ശതമാനമാണ് നികുതിയിനത്തില്‍ പിരിഞ്ഞത്. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും മറ്റും വരുത്തിവയ്ക്കുന്ന ബാധ്യതയും കുറവല്ല. സര്‍ക്കാര്‍ ധൂര്‍ത്തിന്റെ പ്രതീകമാണ്. വിരമിച്ച  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ തന്നെ ഖജനാവില്‍ പൈസയില്ല. ഇതെല്ലാം സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നിരിക്കെ പ്രതിച്ഛായാ മുഗ്ദ്ധനായ കെപിസിസി പ്രസിഡന്റിനെ മറികടക്കാന്‍ മുന്‍പില്‍ നോക്കാതെ പ്രഖ്യാപിച്ച മദ്യനിരോധനം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പില്‍ തന്നെ അപസ്വരങ്ങള്‍ സൃഷ്ടിക്കുകയാണ്. 712 ബാറുകളുടെ ലൈസന്‍സാണ് പുതിയ മദ്യനയം റദ്ദാക്കുന്നത്. 292 ബാറുകള്‍ കൂടി മുദ്രവെക്കാനുണ്ട്. ഇവിടുത്തെ മദ്യം ബിവറേജസ് കോര്‍പറേഷനിലേയ്ക്ക് മാറ്റുമത്രെ. സുപ്രീംകോടതി 30-ാം തീയതി വരെ തല്‍സ്ഥിതി നിലനില്‍ത്താനും കേരള ഹൈക്കോടതിയോട് ഈ വിഷയത്തില്‍ തീരുമാനമാക്കാനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം അനുമതി നല്‍കിയതിലെ യുക്തിയും സുപ്രീംകോടതി ആരായുന്നു. സര്‍ക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ എന്നും വിമര്‍ശന വിധേയമായിരുന്നു. പ്രത്യേകിച്ച് ക്വാറി മാഫിയയുമായുള്ള ബന്ധം. ഇതെല്ലാം സര്‍ക്കാരിന്  വരുമാന നഷ്ടം ഉണ്ടാക്കുന്നതായിരുന്നു. പാറമട ലോബിയില്‍ നിന്നുള്ള നികുതി ഈടാക്കിയാല്‍ തന്നെ ട്രഷറി വരുമാനം കൂടും. പക്ഷേ മദ്യനയം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. ബാര്‍ ജീവനക്കാരുടെ പുനരധിവാസത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. ബിയര്‍  വൈന്‍ പാര്‍ലറുകള്‍ പൂട്ടേണ്ട എന്നാണ് യുഡിഎഫ് നയം എന്ന് മന്ത്രി ബാബു വിശദീകരിക്കുന്നു. ഏതായാലും സുപ്രീംകോടതി വിധി ബാറുടമകള്‍ക്ക് താത്ക്കാലിക ആശ്വാസം നല്‍കിയിരിക്കുകയാണ്. ഇനി ഹൈക്കോടതി വിധി എന്തായിരിക്കും എന്ന ആകാംക്ഷ ബാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.