ജനിമൃതി

Saturday 13 September 2014 6:16 am IST

ചിന്താരത്‌നം അന്നന്നു ജനിക്കയുമന്നന്നു മരിക്കയു- മിങ്ങനെ പലജന്മം കഴിഞ്ഞു നമുക്കെടോ! അന്നുള്ള ശരീരവുമിന്നുള്ള ശരീരവു- മൊന്നുപോലിരിക്കയില്ലെന്നതുമല്ല പാര്‍ത്താല്‍ അന്നുള്ള സുഖദുഃഖമിന്നവണ്ണമെന്നൊരു സന്ദേഹം പോലുമനുഭൂതമെന്നറിയാമോ? കര്‍മ്മങ്ങള്‍ പോലെയനുഭവിച്ചെന്നല്ലാതൊരു നിര്‍ണ്ണയം വിചാരിച്ചാല്‍ തോന്നുന്നില്ലല്ലോ ചെറ്റും. ഇനിമേല്‍ ജന്‍മമുണ്ടോ ഇല്ലയോയെന്നും പുന- രെങ്ങനെ ജനിക്കുന്നുവെന്നും കാണുന്നില്ലാരും എന്നാലു ഗുരുകൃപ കൊണ്ടിഹ നമുക്കിപ്പോള്‍ വന്നിതു ജനിമൃതിനാശമായിരിപ്പോരു ബ്രഹ്മാനന്ദപ്രാപ്തിക്കു നേര്‍വഴി കാട്ടീടുന്ന നിര്‍മ്മലമായോരാത്മജ്ഞാനമെന്നതു മൂലം രാഗദ്വേഷാദിദേഹാദ്യവസ്ഥാത്രയങ്ങളും മോഹസാധനങ്ങളാം ഗേഹവിത്താദികളും ലോകവും ചരാചരജാതിയും ലൗകീകവും ശോകസന്തോഷസുഖദുഃഖഭോഗാദികളും ഒക്കെയും മിഥ്യാഭൂതം സംസാരോത്ഭവമെന്നു ചിത്തത്തിലുറച്ചു സത്യസ്വരൂപനായീടും ആത്മാവെയറിഞ്ഞുതാനാത്മാവായിരുന്നാലു- മാത്മാവാകുന്നതഖിലാണ്ഡവുമെന്നു നന്നായ് ബുദ്ധിയിലുറച്ചു കണ്ടറിഞ്ഞു സുഷുപ്തൗ ചാ- പ്യുത്ഥായ ശിവതുര്യം പ്രാപിച്ചു ശിവനായി പരജാഗ്രത്തില്‍ പുക്കുപരമാര്‍ത്ഥത്തെക്കണ്ടു പരമാനന്ദമായിട്ടിരിക്ക ശുഭാത്മികേ! ആശയം:- അന്നന്നു ജനിക്കുകയും അന്നന്നു മരിക്കുകയും ചെയ്തുകൊണ്ട് നമുക്ക് പലജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതായത് കര്‍മ്മഫലങ്ങളായ പ്രാരബ്ധം അനുഭവിക്കാനായി പല കാലങ്ങളിലായി ജനനമരണങ്ങള്‍ ആവര്‍ത്തിച്ച് പലജന്മങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഓരോരോ ജന്മത്തിലും ഉണ്ടായിരുന്ന ശരീരങ്ങളും ഒന്നുപോലിരിക്കുന്നില്ല. ആകൃതിയലും പ്രകൃതിയിലും വ്യത്യാസം വരാം. പുരുഷനായിരുന്നത് സ്ത്രീ ശരീരമാകാം, മറിച്ചുമാകാം. അന്നുണ്ടായിരുന്ന സുഖദുഃഖങ്ങള്‍ തന്നെ ഇപ്പോഴുള്ളത് എന്നതും ശരിയല്ല. ഓരോ ജന്മത്തിലും കര്‍മ്മാനുസൃതം ലഭിക്കുന്ന സുഖദുഃഖങ്ങളും വ്യത്യസ്തമാണ്. ആ ശരീരങ്ങളും സുഖദുഃഖങ്ങളും എങ്ങനെയുള്ളതായിരുന്നുവെന്ന് നമുക്ക് അല്പം പോലും ഊഹിക്കാന്‍ സാധിക്കുകയില്ല. അന്നന്നുണ്ടായത് അന്നന്ന് അനുഭവിക്കുന്നുവെന്നു മാത്രം. നമുക്കിനിമേല്‍ ജന്മമുണ്ടോ ഉണ്ടെങ്കില്‍ എങ്ങനെ ജനിക്കും എന്നൊന്നും ആരും ചിന്തിക്കുന്നില്ല. എന്നാലും ഗുരുവിന്റെ അനുഗ്രഹം കൊണ്ട് ജനിമൃതി നാശമായിരിക്കുന്നതായ ബ്രഹ്മാനന്ദം പ്രാപിക്കുന്നതിന് നേരായ വഴി തെളിഞ്ഞിരിക്കുന്നു. നിര്‍മ്മലമായ ആത്മജ്ഞാനം കൊണ്ടാണ് ഇങ്ങനെ വഴിതെളിഞ്ഞത്. രാഗദ്വേഷാദി വൃത്തികളും ദേഹവും അതിന്റെ ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥാത്രയങ്ങളും, മോഹത്തിനു കാരണമായിരിക്കുന്ന ധനം ഗൃഹം തുടങ്ങിയവയും ഈ ലോകവും, ഇതിലെ ചരാചരങ്ങളായ ജീവികളും, ലോകജീവിതവും, അതില്‍ നിന്നുണ്ടാകുന്ന സന്തോഷവും, ശോകവും സുഖവും ദുഃഖവും, ഭോഗങ്ങളുമെല്ലാം മായയില്‍ നിന്നുണ്ടായ സംസാരത്താല്‍ തോന്നുന്നതാണെന്നും മനസ്സുകൊണ്ട് നന്നായി ഉറയ്ക്കണം. സത്യസ്വരൂപനായ ആത്മാവിനെപ്പറ്റി പഠിച്ച് നന്നായി ബോധിക്കണം. താന്‍ തന്നെ ആത്മാവ് എന്നും അത് എങ്ങും അഖിലത്തിലും നിറഞ്ഞിരിക്കുന്നതാണെന്നും ബുദ്ധികൊണ്ട് മനനം ചെയ്തുറപ്പിക്കണം. ഉറക്കത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ നാലാമത്തെ അവസ്ഥയായ തുരീയനിലപ്രാപിച്ച് ശിവനുമായി താദാത്മ്യം പ്രാപിക്കണം. അങ്ങനെ ശിവലോകംപ്രാപിച്ച് ശിവനില്‍ വിലയം പ്രാപിക്കണം. ആ സമയത്ത് പരമാര്‍ത്ഥവസ്തുവിനെ കാണാന്‍ കഴിയും. അതു തന്നെയാണ് സാക്ഷാല്‍ക്കാരം. അതുതന്നെയാണ് പരമാനന്ദപ്രാപ്തി. അതുതന്നെയാണ് മുക്തിയും. പിന്നീട് സംസാര ദുഃഖങ്ങളോ പ്രാരബ്ധമോ ബാധിക്കാതെ എല്ലാം ശിവസ്വരൂപത്തില്‍ വിലയിക്കും. ഹേ ശുഭാത്മികേ, നിനക്ക് അങ്ങനെ നിത്യാനന്ദം അനുഭവിച്ചുകൊണ്ടിരിക്കാം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.