മനോജ് വധം: ചോദ്യം ചെയ്യല്‍ തുടങ്ങി; പാര്‍ട്ടി പഠിപ്പിച്ചത് പറഞ്ഞ് വിക്രമന്‍

Thursday 18 September 2014 12:33 pm IST

കണ്ണൂര്‍/പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.മനോജിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി വിക്രമനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തുതുടങ്ങി. വിക്രമനുമായി അന്വേഷണസംഘം കൊലപാതകം നടന്ന സ്ഥലത്ത് ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിന്റെ പ്രാരംഭഘട്ടം മുതല്‍, പാര്‍ട്ടി നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കി ചൊല്ലിപ്പഠിപ്പിച്ച മൊഴികളാണ് വിക്രമന്‍ പോലീസിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയണമെന്ന് കൃത്യമായി വിക്രമന് പരിശീലനം ലഭിച്ചിട്ടുണ്ട്. കൃത്യം നടത്തിയശേഷം നാട്ടില്‍ത്തന്നെ കഴിയുകയായിരുന്നുവെന്ന് വി്രകമന്‍ നല്‍കിയ മൊഴിയും പിണറായിയിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് പാതിവഴിവരെ കതിരൂര്‍ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് വന്നത് എന്ന വാര്‍ത്തകളും പോലീസ് പരിശോധിക്കുന്നുണ്ട്. താനടക്കമുള്ള ഏഴംഗ സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇയാള്‍ സമ്മതിച്ചതായി അറിയുന്നു. എന്നാല്‍ ചിലരുടെ പേര് വിവരങ്ങള്‍ വിക്രമന്‍ വെളിപ്പെടുത്തിയെങ്കിലും ഇത് കളവാണെന്നാണ് പോലീസ് നിഗമനം. പാര്‍ട്ടി മുന്‍കൂട്ടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിച്ചവരുടെ പേരുകളാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കൂ. കോടതിയില്‍ കീഴടങ്ങാന്‍ ഓട്ടോറിക്ഷയിലാണ് താന്‍ വന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി അറിയുന്നു. എന്നാല്‍ ഓട്ടോ-ടാക്‌സി പണിമുടക്കായിരുന്ന ദിവസം എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് മുന്നില്‍ ഇയാള്‍ മൗനം പാലിക്കുകയായിരുന്നു. മഴു ഉപയോഗിച്ചാണ് മനോജിനെ വെട്ടിക്കൊന്നതെന്ന് മനോജിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രമോദ് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൊടുവാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് വിക്രമന്‍ പോലീസിനോട് പറഞ്ഞത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍. ക്രൈംബ്രാഞ്ച് എസ്പി രാമചന്ദ്രന്‍, ഡിവൈഎസ്പിമാരായ കെ.വി.സന്തോഷ്, എം.ജെ.സോജന്‍, ജോസി ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. സപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം അക്രമിസംഘം വധിച്ചത്. വിക്രമനെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതിനിടയില്‍ ഇയാളുടെ ശരീരത്തില്‍ ബോംബ് ചീളുകള്‍ തെറിച്ചുണ്ടായ ഒമ്പതോളം മുറിവുകള്‍ കണ്ടെത്തി. ഇയാള്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് ഇത് വ്യക്തമായ തെളിവാണ്. ബോംബെറിഞ്ഞ ഉടന്‍ മനോജിനെ വെട്ടിയ സംഘത്തില്‍ വിക്രമന്‍ ഉണ്ടായിരുന്നതായി സാക്ഷിമൊഴിയും ഉണ്ടായിരുന്നു. സിപിഎമ്മും പോലീസും ഒത്തുചേര്‍ന്ന് നടത്തിയ നാടകത്തിലൂടെ വിക്രമന് കോടതിയില്‍ കീഴടങ്ങാന്‍ വഴിതുറക്കുകയായിരുന്നു. ഇതിന് ശേഷവും സിപിഎം നേതൃത്വം കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വിക്രമന്‍ പ്രതികളുടേതായി നല്‍കിയ പേരുവിവരങ്ങളെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.