റിവര്‍ അതോറിറ്റി അനിവാര്യം

Monday 3 October 2011 11:23 pm IST

കേരളത്തിലെ പനികളുടെ ഉറവിടം കുടിവെള്ളം മലിനമായതാണന്ന തിരിച്ചറിവ്‌ നമ്മുടെ കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്ന സന്ദേശം നല്‍കുന്നു. കേരളത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ വെള്ളം ലഭിക്കാത്തതുകൊണ്ട്‌ ഉണ്ടായതല്ല. മറിച്ച്‌ ഉള്ള വെള്ളം മലിനമായതാണ്‌. സംസ്ഥാനത്തെ 44 നദികളും കിണറുകളും തടാകങ്ങളും കുളങ്ങളുമാണ്‌ നമ്മുടെ കുടിവെള്ള ആവശ്യം നിറവേറ്റുന്നത്‌. മഞ്ഞുരുകി ജലം ലഭിച്ചിട്ടില്ല നദികള്‍ ഒഴുകുന്നതുകൊണ്ടാണ്‌ കിണറുകളിലും പാടശേഖരങ്ങളിലും മറ്റു കൃഷിയിടങ്ങളിലും ജലം ലഭിക്കുന്നത്‌. നഗരങ്ങളിലെ ജനങ്ങള്‍ കൂടുതലായും നദികളില്‍നിന്നും പമ്പ്‌ ചെയ്ത്‌ ശുദ്ധീകരിക്കുന്ന ജലമാണ്‌ കുടിവെള്ളമായി ഉപയോഗിക്കുന്നത്‌. വേനല്‍ക്കാല നീരൊഴുക്ക്‌ കുറയുന്നതുമൂലവും ജലം മലിനീകരിക്കുന്നതിനാലും കായലില്‍നിന്നും കടലില്‍നിന്നുമുള്ള ഓരുവെള്ള കയറ്റം മൂലവും പലപ്പോഴും നദികളില്‍നിന്നുള്ള വെള്ളം കുടിക്കുവാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാനാകുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ശുദ്ധജല ലഭ്യത കൂടുതലായിരുന്ന സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ അനേകം വര്‍ഷങ്ങളായി നമ്മുടെ നദികളിലെ ജലത്തിന്‌ നാം വരുത്തിയ മാറ്റം അതിഭീകരമാണ്‌. നാം പുറംതള്ളുന്ന, വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഖരദ്രവമാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളും പ്ലാസ്റ്റിക്‌ മാലിന്യങ്ങളും മാരകവിഷമാലിന്യങ്ങളും മഴയത്ത്‌ ഒലിച്ചുചെന്നെത്തുന്നത്‌ നമ്മുടെ ശുദ്ധജലാശയങ്ങളിലാണെന്ന്‌ പലപ്പോഴും നാം മറന്നുപോകുന്നു. ഒരൊറ്റ നഗരമായി വളരുന്ന കേരളത്തിലെ മലനാടും ഇടനാടും തീരപ്രദേശവും ഒരുപോലെ വളരുകയാണ്‌. ഒപ്പം മാലിന്യ കൂമ്പാരങ്ങളും. സുസ്ഥിരമായ മാലിന്യനിര്‍മാര്‍ജന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കാത്തതിനാല്‍ അറവുശാലാ മാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളും കൂടിക്കലര്‍ന്ന്‌ മുനിസിപ്പല്‍ ഖരമാലിന്യമായി പ്രത്യേക്ഷപ്പെടുകയാണ്‌. രോഗാണുക്കളടങ്ങിയ മലിനജലം ഊറിയെത്തുന്നത്‌ നമ്മുടെ നദികളിലാണ്‌. ജലശുദ്ധീകരണമെന്ന പേരില്‍ നടക്കുന്ന പരിപാടി രോഗാണുക്കളെ പൂര്‍ണമായും കൊന്നൊടുക്കുന്നതിനോ ഗോചരമല്ലാത്ത മാലിന്യങ്ങളെ നീക്കുന്നതിനോ പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ്‌. കേരളം പനിച്ചൂടില്‍ എത്തുന്നതിനുള്ള കാരണവും മറ്റൊന്നല്ല. നദികള്‍ക്ക്‌ കുറുകെയുള്ള പാലങ്ങളില്‍നിന്നും കോഴിവേയ്സ്റ്റും അറവുശാലാ മാലിന്യങ്ങളും ബാര്‍ബര്‍ ഷാപ്പില്‍നിന്നുള്ള മാലിന്യങ്ങളും കച്ചവടസ്ഥാപനങ്ങളില്‍നിന്നും മീന്‍, പച്ചക്കറി മാര്‍ക്കറ്റില്‍നിന്നും നിക്ഷേപിക്കുന്നവര്‍ അറിഞ്ഞുകാണില്ല ഒരുപക്ഷെ തനിക്ക്‌ പനി പിടിച്ചത്‌ ഇങ്ങനെ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ത്തിയതുമൂലമാണെന്ന്‌. കേരളത്തിലെ കുടിവെള്ള സ്രോതസ്സുകളില്‍ പ്രധാന സ്ഥാനം നദികള്‍ക്ക്‌ തന്നെയാണ്‌. എന്നാല്‍ പുഴകളെ വിവിധ തരത്തില്‍ നാം നശിപ്പിച്ചുകൊണ്ടിരിക്കയാണ്‌. മണല്‍വാരി നദികളെ കയങ്ങളാക്കി. വ്യവസായ മാലിന്യങ്ങള്‍ പുഴവെള്ളത്തെ വിഷമയമാക്കി. ഖര-ദ്രവ മാലിന്യങ്ങള്‍ നദികളിലെ ജലം രോഗാണുക്കളുടെ വിഹാര സ്ഥലമാക്കി. ആധുനിക മനുഷ്യന്‍ ചത്തതെല്ലാം ആറ്റിലെറിഞ്ഞു. പുഴ കര കയ്യേറി പുഴകളുടെ തീരപ്രദേശങ്ങള്‍ ശുഷ്ക്കമാക്കി. വനമേഖല നശിപ്പിച്ച്‌ വേനല്‍ക്കാല നീരൊഴുക്ക്‌ നിലയ്ക്കുന്ന അവസ്ഥയാക്കി. ഇതുമൂലം ഒട്ടുമിക്ക പുഴകളിലേയ്ക്കും കായലില്‍നിന്നും കടലില്‍നിന്നും ഉപ്പുവെള്ളം വേലിയേറ്റ സമയത്ത്‌ കൂടുതല്‍ അകത്തോട്ടു കയറുന്ന അവസ്ഥയുണ്ടാക്കി. നദിയെ കലങ്ങാതെയും വൃത്തിയാക്കിയും ശുചീകരിച്ചും കിണറുകള്‍ക്ക്‌ നീരുറവ നല്‍കിയും നൂറ്റാണ്ടുകളായി നദിയുടെ അടിത്തട്ടില്‍ ഊറിയ മണല്‍ശേഖരം കൊള്ളയടിച്ചു. ഇതുമൂലം ഉള്‍നാടന്‍ മത്സ്യപ്രജനനം ദുഷ്ക്കരമാക്കി. പുഴവെള്ളം കലങ്ങിമറിഞ്ഞ്‌ ജലശുദ്ധീകരണത്തെ പ്രതികൂലമായി ബാധിച്ചു. നഗരവല്‍ക്കരണത്തിന്റെ പേരില്‍ നഗരാവശിഷ്ടങ്ങള്‍ തള്ളുന്നതിനായി നദിയെ ഉപയോഗിച്ചു. ഒരു നദിയുടെ സാധാരണ ഒഴുക്കുപോലും തടഞ്ഞ്‌ സംവഹനശേഷി മറികടന്ന്‌ അണക്കെട്ടുകള്‍ നിര്‍മിച്ചു. ചില നദികളില്‍നിന്നും വെള്ളം ഗതിമാറ്റി ഒഴുക്കിവിട്ടു. പാടശേഖരങ്ങളിലും മറ്റു കൃഷിയിടങ്ങളിലും ഹൈറേഞ്ച്‌ എസ്റ്റേറ്റുകളിലും തളിച്ച കീടനാശിനികളും ആവശ്യത്തിലധികം ഉപയോഗിച്ച രാസവളങ്ങളും മഴവെള്ളം നദികളിലെത്തിച്ചു. ഖാനലോഹങ്ങളും മാരകരാസമാലിന്യങ്ങളും നദിയുടെ അടിത്തട്ടില്‍ ഊറിയടിഞ്ഞു. ഇതൊന്നും വകവയ്ക്കാതെ പുഴകള്‍ നമുക്ക്‌ കുടിവെള്ളം നല്‍കുന്നു. കാര്‍ഷിക മേഖലയെ നീരു നല്‍കി പരിപോഷിപ്പിക്കുന്നു. വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും കുടിവെള്ളം നല്‍കുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക്‌ തീര്‍ത്ഥവും ജലജീവികള്‍ക്ക്‌ ആയുസ്സും നല്‍കുന്നു. കേരളത്തിലെ വ്യവസായമേഖല, തൊഴില്‍മേഖല, വൈദ്യുതി രംഗം, കുടിവെള്ള വിതരണം, ഉള്‍നാടന്‍ മത്സ്യമേഖല, നിര്‍മാണ മേഖല എന്നിവയെയെല്ലാം സംസ്ഥാനത്തെ നദികള്‍ സഹായിച്ചുകൊണ്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ വനംവകുപ്പ്‌, റവന്യൂ വകുപ്പ്‌, കൃഷി വകുപ്പ്‌, ജലവിഭവ വകുപ്പ്‌, ടൂറിസം വകുപ്പ്‌, വൈദ്യുതി വകുപ്പ്‌, ആരോഗ്യ വകുപ്പ്‌, മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യവസായ വകുപ്പ്‌, ഡാം സേഫ്റ്റി അതോറിറ്റി, ശാസ്ത്ര സാങ്കേതിക വകുപ്പ്‌ തുടങ്ങിയ വിഭാഗങ്ങളെല്ലാം കേരളത്തിലെ നദികളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നുണ്ടെങ്കിലും ഒരൊറ്റ വകുപ്പുപോലും നദികളെ സംരക്ഷിക്കുവാന്‍ ചെറുവിരല്‍പോലും അനക്കുന്നില്ല എന്നതാണ്‌ സത്യം. മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു വകുപ്പിന്‌ മാത്രമായി നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അസാധ്യവുമാണ്‌. ഈ സാഹചര്യത്തിലാണ്‌ റിവര്‍ അതോറിറ്റിയെന്ന ആശയം കേരള നദീ സംരക്ഷണ സമിതിപോലുള്ള സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്‌. ഈ തലമുറയുടേയും വരുംതലമുറയുടെയും ജല ആവശ്യങ്ങള്‍ നിറവേറ്റുക, എല്ലാവര്‍ക്കും ജലം ലഭിക്കുക, പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സുസ്ഥിരമായ ജല ഉപയോഗം സാധ്യമാക്കുക, ഉയര്‍ന്നുവരുന്ന ജല ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കാണുക, നദിയിലെ ആവാസ വ്യവസ്ഥകളും ജൈവവൈവിധ്യവും സംരക്ഷിക്കുക, ജലമലിനീകരണവും നദിയെ നശിപ്പിക്കലും ഒഴിവാക്കുക, തടയുക, അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുക, വരള്‍ച്ചയും വെള്ളപ്പൊക്കവും തടയുക, എല്ലാക്കാലവും ഒരു നിശ്ചിത അളവ്‌ ജലം നദികളിലൂടെ ഒഴുകുക എന്നീ ഉദ്ദേശ്യങ്ങളാണ്‌ റിവര്‍ അതോറിറ്റി വഴി സാധ്യമാകേണ്ടത്‌. ഒരു മനുഷ്യന്റെ ജലാവശ്യങ്ങളും സമൂഹത്തിന്റെ ജലാവശ്യങ്ങളും മൃഗങ്ങളുടെ ജലാവശ്യങ്ങളും നിറവേറ്റുവാന്‍ റിവര്‍ അതോറിറ്റിയ്ക്കാകണം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കുളിക്കുന്നതിനും കൃഷിയ്ക്കും മറ്റ്‌ ആവശ്യങ്ങള്‍ക്കും നദികളിലെ ജലം ലഭ്യമാക്കണം. നദികളില്‍ തടയണ കെട്ടുന്നതും അണകെട്ടുന്നതും ഗതാഗതം നടത്തുന്നതും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ നദീതീരം ഉപയോഗിക്കുന്നതും പരിസ്ഥിതി ആഘാതപഠനങ്ങള്‍ക്ക്‌ ശേഷമായിരിക്കണം. ജലം മലിനമാക്കുന്നതും പുഴവെള്ളം ഗതിമാറ്റുന്നതും ജലത്തിന്റെ ഗുണമേന്മ ചോര്‍ത്തുന്നതും ഒരു പരിധിയില്‍ കൂടുതല്‍ പുഴവെള്ളം ലഭ്യമാക്കുന്നതും റിവര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാകണം. നദിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടേയും ജല ഉപയോഗം റിവര്‍ അതോറിറ്റി നിയന്ത്രിക്കും. സംസ്ഥാന റിവര്‍ അതോറിറ്റിക്ക്‌ ക്വാസി ജുഡീഷ്യറി പവര്‍ ഉണ്ടായിരിക്കണം. നിലവിലുള്ളതോ റിട്ടയര്‍ ചെയ്തതോ ആയ ഹൈക്കോടതി ജഡ്ജിയായിരിക്കും റിവര്‍ അതോറിറ്റിയുടെ ചെയര്‍മാന്‍. നദിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെ തലവന്മാരും നദിയുമായി പ്രവര്‍ത്തിക്കുന്ന മൂന്ന്‌ പരിസ്ഥിതി സന്നദ്ധ സംഘടനാംഗങ്ങള്‍ തുടങ്ങി 20 ഓളം അംഗങ്ങള്‍ കേരള സംസ്ഥാന റിവര്‍ അതോറിറ്റിയില്‍ ഉണ്ടാകും. നദിയിലെ ഒഴുക്ക്‌ നിലനിര്‍ത്തുവാനുള്ള പ്രതിവിധികള്‍ ആരായുക, മലിനീകരണം നിയന്ത്രിക്കുക, ജല ഗുണമേന്മയ്ക്കായി നിയമങ്ങള്‍ ഉണ്ടാക്കുക, പുഴയിലെ ജലം ഉപയോഗിക്കുന്നതിന്‌ പരിധി നിശ്ചയിക്കുക, നദിക്കര കയ്യേറ്റം തടയുക, മണല്‍ വാരല്‍ നിയന്ത്രിക്കുക, ജല ഗതാഗതം, ഉള്‍നാടന്‍ മത്സ്യബന്ധനം എന്നിവയ്ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങി റിവര്‍ അതോറിറ്റി സ്ഥാപിതമാകുമ്പോള്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക, നദിയുടെ നാശത്തിന്‌ കാരണമാകുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക, നദികളുടെ നാശം ഒഴിവാക്കുവാനായി ഒരു നദീസംരക്ഷണ സേന ഉണ്ടാക്കുക, നദിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുക, കൂടാതെ സംസ്ഥാന തലത്തില്‍ റിവര്‍ അതോറിറ്റിയുണ്ടെങ്കിലും ഓരോ നദിക്കും പ്രത്യേകം നദീ ബോര്‍ഡ്‌ രൂപീകരിക്കണം, നിലവിലുള്ളതോ റിട്ടയര്‍ ചെയ്തതോ ആയ ജില്ലാ ജഡ്ജിയായിരിക്കും റിവര്‍ ബോര്‍ഡുകളുടെ ചെയര്‍മാന്മാര്‍. തികച്ചും ജനകീയ അടിത്തറയോടെ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പാക്കിയാകണം റിവര്‍ ബോര്‍ഡുകള്‍ രൂപീകരിക്കേണ്ടത്‌. ജലവിഭവ മാനേജ്മെന്റില്‍ ഗവേഷണപരിചയമുള്ള ഒരു ശാസ്ത്രജ്ഞരെയാണ്‌ റിവര്‍ ബോര്‍ഡുകളുടെ വൈസ്‌ ചെയര്‍മാന്മാരാക്കേണ്ടത്‌. സംസ്ഥാന റിവര്‍ അതോറിറ്റി നിശ്ചയിക്കുന്ന ചുമതലകളാണ്‌ റിവര്‍ ബോര്‍ഡുകള്‍ക്കുണ്ടാകുക. നദിയെ അതിന്റെ പൂര്‍ണതയില്‍ കാണുകയെന്ന കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ നദികളുടെ സമ്പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുകയെന്നതാണ്‌ സംസ്ഥാന റിവര്‍ അതോറിറ്റിയുടെ പ്രധാന ചുമതല. ഉത്ഭവം മുതല്‍ പതനംവരെയുള്ള നദിയുടെ പാതയും ഇരുകരകളും വൃഷ്ടിപ്രദേശവും നീര്‍ത്തടപ്രദേശങ്ങളും ചേര്‍ന്നതാണ്‌ നദി. അതുകൊണ്ടുതന്നെ ഇന്നത്തെപ്പോലെ നദികളെ പഞ്ചായത്ത്‌ അടിസ്ഥാനത്തിലും താലൂക്ക്‌ അടിസ്ഥാനത്തിലും കാണുന്നത്‌ അശാസ്ത്രീയമാണ്‌. റിവര്‍ അതോറിറ്റി വരുമ്പോള്‍ ഈ പ്രശ്നം ഉണ്ടാകില്ല. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുംമൂലം നദികളിലൂടെ ഉയര്‍ന്നുവരാന്‍ പോകുന്ന കടല്‍ജലത്തെയാണ്‌ കേരളം ഭയപ്പെടേണ്ടത്‌. കാരണം അങ്ങനെ സംഭവിച്ചാല്‍ കേരള ജനതയുടെ കുടിവെള്ളവും കൃഷിയുമാണ്‌ നഷ്ടമാകുക. ഇതുമൂലമുണ്ടാകാനിടയുള്ള അതിരൂക്ഷമായ കുടിവെള്ളക്ഷാമം ചെറുക്കുവാന്‍ നദികളുടെ സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്തേ മതിയാകൂ. അതിനായി റിവര്‍ അതോറിറ്റി രൂപീകരിക്കല്‍ മാത്രമാണ്‌ കരണീയമായിട്ടുള്ളത്‌. ഡോ.സി.എം.ജോയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.