ദേശീയ ഗെയിംസിന്റെ സ്റ്റേഡിയം നിര്‍മാണം പ്രതിസന്ധിയില്‍

Sunday 21 May 2017 12:48 pm IST

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ ഇടപെടല്‍ മൂലം ദേശീയഗെയിംസിനുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണം പ്രതിസന്ധിയില്‍. ഗെയിംസിന്റെ ഉദ്ഘാടന സമാപന മത്സരങ്ങള്‍ നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണമാണു പ്രതിസന്ധിയിലായിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് നിര്‍മിക്കുന്ന റോഡ് അനുമതിയില്ലാതെ വീതികൂട്ടി നിര്‍മിക്കുന്നു എന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആക്ഷേപം. ഇതുകാണിച്ചു റോഡ് നിര്‍മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി നോട്ടീസ് നല്‍കി. റോഡ് നിര്‍മാണം നിര്‍ത്തിയതോടെ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. 24 മീറ്റര്‍ എന്ന നിബന്ധന മറികടന്നു 36 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആക്ഷേപം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. യോഗത്തില്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം വേണമെന്ന് മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന സെനറ്റ് യോഗങ്ങളൊന്നും ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്തിരുന്നില്ല. സെനറ്റിന്റെ അംഗീകാരമില്ലാതെ റോഡ് നിര്‍മാണം നടത്തിയെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആരോപണം. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ ഭൂമിയില്‍ നിര്‍മിച്ചു യൂണിവേഴ്‌സിറ്റിക്കു തന്നെ കൈമാറുന്ന സ്റ്റേഡിയത്തിനെതിരെ നിലപാടെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ഗെയിംസ് അധികൃതര്‍ പറഞ്ഞു. റോഡ് വീതികൂട്ടി നിര്‍മിച്ചു എന്നതു ശരിയാണ്. എന്നാല്‍ റോഡിന്റെ വീതി എന്തായിരിക്കണം എന്നതു സംബന്ധിച്ചു നിബന്ധനകളൊന്നും മുന്‍പുണ്ടായിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചു സ്റ്റേഡിയങ്ങള്‍ക്ക് എന്‍ട്രിയും എക്‌സിറ്റും വേണമെന്നാണ്. എന്നാല്‍ കാര്യവട്ടം സ്റ്റേഡിയത്തിന് ഒരു എന്‍ട്രന്‍സ് മാത്രമേ ഉള്ളൂ. അതിനാലാണ് അല്‍പം വീതികൂട്ടി നിര്‍മിച്ചതെന്നും ഗെയിംസ് അധികൃതര്‍ പറഞ്ഞു. ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്ക് 50000ത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം ഇത്രയധികം പേര്‍ വരുമ്പോള്‍ മതിയായ വീതിയില്‍ റോഡ് നിര്‍മിച്ചില്ലെങ്കില്‍ ഗതാഗത പ്രശ്‌നമുണ്ടാകും. മാത്രമല്ല ഉദ്ഘാടനത്തിനും സമാപനത്തിനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖരും എത്തുന്നുണ്ട്. ഗെയിംസിനായി കായികതാരങ്ങളെ എത്തിക്കുന്ന വലിയ വോള്‍വോ ബസുകള്‍ പോലുള്ള വാഹനങ്ങള്‍ കടന്നു വരുന്നതിനും വീതിയേറിയ റോഡ് അനിവാര്യമാണ്. 12 മീറ്റര്‍ ഉയരത്തില്‍ മണ്ണടിച്ച് അതിനു മുകളിലാണ് റോഡ് നിര്‍മിക്കുന്നത്. റോഡിന്റെ വീതി 24 മീറ്ററാണെങ്കിലും 12 മീറ്റര്‍ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണിന്റെ അടിവശം 36 മീറ്ററോളം വീതിയില്‍ കിടക്കും. ഇതാണ് റോഡ് വീതി കൂട്ടി നിര്‍മിക്കുന്നു എന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ഗെയിംസ് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.