വിക്രമന്‍ ഒളിച്ചുതാമസിച്ചത് പോലീസ് സഹായത്തോടെ

Sunday 21 May 2017 1:55 pm IST

കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജിനെ വധിച്ച കേസിലെ പ്രധാനപ്രതി വിക്രമന്‍ ഒളിവില്‍ കഴിഞ്ഞത് പോലീസിന്റെ സഹായത്തോടെയാണെന്ന് വ്യക്തമായി. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ ഒളിവിലായിരുന്ന വിക്രമനെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍തിരച്ചില്‍ നടത്താന്‍ പോലും പോലീസ് തയ്യാറായില്ല. സിപിഎം നേതാക്കള്‍ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് വിക്രമന് കോടതിയില്‍ കീഴടങ്ങുന്നതിനുള്ള സൗകര്യവും പോലീസ് ഒരുക്കിക്കൊടുത്തു. ഏറെ വിവാദമായ കൊലപാതകത്തിലും പ്രതികളെ പിടിക്കാനുള്ള യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും കൈകഴുകുകയായിരുന്നു പോലീസ്. സിപിഎമ്മിന്റെ കേന്ദ്രങ്ങളില്‍ വിക്രമന്‍ ഒളിവില്‍ കഴിഞ്ഞത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയായിരുന്നു. ഇതിനിടയില്‍ പറശ്ശിനിക്കടവിലെ ആന്തൂരില്‍ വിക്രമനുണ്ടെന്ന വിവരം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നെങ്കിലും ചോരുകയായിരുന്നു. ടിപി വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി പരക്കംപാഞ്ഞ പോലീസ് പാര്‍ട്ടികേന്ദ്രങ്ങള്‍ ഇളക്കിമറിച്ചിരുന്നു. എന്നാല്‍ മനോജ് വധക്കേസിലെ പ്രതി വിക്രമന് പോലീസിനെ ഭയക്കാതെ തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ സുഖവാസം നയിക്കാനായി. ഇതിനിടയില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളെ നേരിടാനുള്ള പരിശീലനവും വിക്രമന് ലഭിച്ചു. പഠിപ്പിച്ചുവിട്ടതാണ് ചോദ്യം ചെയ്യലില്‍ വിക്രമന്‍ പറഞ്ഞു വയ്ക്കുന്നത്. ഒരു പ്രമുഖ സിപിഎം അഭിഭാഷകന്റെ കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ വിക്രമനെ സംരക്ഷിച്ചവരെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. കഴിഞ്ഞ പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിലെ ഒരു വിഭാഗമാണ് മനോജ് വധക്കേസില്‍ സിപിഎമ്മിന് വേണ്ടി പോലീസില്‍ ചരട് വലിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള സാധ്യത കൂടിയതോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സിപിഎം തയ്യാറായത്. അന്വേഷണം യഥാര്‍ത്ഥ ദിശയിലാണെന്ന് വരുത്തിത്തീര്‍ത്ത് സിബിഐക്ക് വിടുന്നത് തടയുകയാണ് ലക്ഷ്യം. കോടതിയില്‍ കീഴടങ്ങിയതിനാല്‍ രഹസ്യ കസ്റ്റഡിയും ചോദ്യം ചെയ്യലും ഒഴിവാക്കാനുമായി. രണ്ടാം പ്രതിയെയും ഇത്തരത്തില്‍ കോടതിയിലെത്തിക്കാന്‍ സിപിഎം നീക്കം നടത്തുന്നുണ്ട്. സിബിഐ അന്വേഷിച്ചാല്‍ പ്രതിപ്പട്ടിക ജില്ലാ സെക്രട്ടറി വരെ നീളുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. പാര്‍ട്ടി കേന്ദ്രത്തില്‍ നിന്നും സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിച്ചാണ് വിക്രമനെ കോടതിയില്‍ ഹാജരാക്കിയതെന്നും ഗ്രാമപഞ്ചായത്തിന്റെ വാഹനം ഇതിനായി ദുരുപയോഗം ചെയ്തതെന്നും ബിജെപി ആരോപിച്ചിരുന്നു. ഇത് ശരി വെക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. താന്‍ ഓട്ടോയിലെത്തിയെന്നാണ് വിക്രമന്‍ നല്‍കിയ മൊഴി. എന്നാല്‍ അന്ന് ഓട്ടോ പണിമുടക്കായിരുന്നു. കോടതിയില്‍ സുഹൃത്തിനോടൊപ്പം വിക്രമന്‍ ബൈക്കിലെത്തിയതിന് തൊട്ടുപിന്നാലെ ഒരു പോലീസ് ജീപ്പും എത്തിച്ചേര്‍ന്നുവെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നു. ബൈക്കിന് എസ്‌കോര്‍ട്ടായി കാറില്‍ സിപിഎമ്മിന്റെ അക്രമിസംഘം സഞ്ചരിച്ചതായും സൂചനയുണ്ട്. കെ.സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.