പിള്ളയുടെ ഫോണ്‍വിളി: പ്രതിപക്ഷം സഭ വിട്ടു

Monday 3 October 2011 11:57 pm IST

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി പ്രശ്നത്തില്‍ നിയമസഭ ഇന്നലെയും ബഹളത്തിലായി. ഈ വിഷയത്തില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതിനെതുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്തു. മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ജയില്‍ എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. റിപ്പോര്‍ട്ട്‌ ഇന്നു സര്‍ക്കാരിനു ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പ്രാബല്യത്തില്‍ വന്ന ജയില്‍ നിയമപ്രകാരം തടവില്‍ കഴിയുന്ന പ്രതിക്ക്‌ ജയില്‍ വകുപ്പിന്റെ അനുമതിയോടെ ഫോണ്‍ വിളിക്കാമെന്നു വ്യവസ്ഥയുണ്ട്‌. അതിനാല്‍, ബാലകൃഷ്ണപിള്ള നടത്തിയതു നിയമലംഘനമല്ല, ശിക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ള ചട്ടലംഘനമാണ്‌. അനുമതിയില്ലാതെ ഫോണ്‍ വിളിച്ചിട്ടുണ്ടെങ്കില്‍ ചട്ടലംഘനം നടത്തിയതിനു നിയമപ്രകാരമുള്ള നടപടിയുണ്ടാവും. പിള്ള ഫോണ്‍ വിളിച്ചതുപോലെ പിള്ളയെ ഫോണ്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനും തെറ്റ്‌ ചെയ്തു. ജയില്‍ നിയമപ്രകാരം തടവില്‍ കഴിയുന്ന പ്രതിയെ ഫോണ്‍ വിളിച്ച കുറ്റത്തിനു ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റം ചെയ്യുന്നതുപോലെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേസന്വേഷണത്തില്‍ അലംഭാവമില്ല. ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴിയിലെ വൈരുധ്യം പോലിസിനെ കുഴയ്ക്കുകയാണ്‌. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ല. അധ്യാപകന്റെ ഭാഗത്തുനിന്നും ഉദ്ദേശിച്ച സഹകരണം ലഭിക്കുന്നുമില്ല. അതിനാല്‍, ശക്തമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പിള്ള തന്നെ ഫോണ്‍ വിളിച്ചിട്ടില്ല. തെറ്റായ പ്രചാരണം നടത്തി യഥാര്‍ഥ പ്രശ്നത്തില്‍നിന്നും വഴിതിരിച്ചുവിടാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിക്കുകയായിരുന്നു.. ഫോണില്‍ സംസാരിച്ചെന്ന്‌ പിള്ളയുടെ മൊഴി തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട്‌ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയില്‍നിന്ന്‌ ചീഫ്‌ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ മൊഴിയെടുത്തു. പിള്ള ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ്‌ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്‌. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇന്ന്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കും. മൊബെയില്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറില്ലെന്ന്‌ ബാലകൃഷ്ണപിള്ള ചീഫ്‌ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്ക്‌ മൊഴി നല്‍കിയതായാണ്‌ അറിയുന്നത്‌. എന്നാല്‍ മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌. പ്രത്യേക സാഹചര്യത്തില്‍ ചാനല്‍ പ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ഫോണില്‍ സംസാരിച്ചത്‌. തന്റെ സഹായിയാണ്‌ ഫോണെടുത്തത്‌. താന്‍ വിസമ്മതിച്ചെങ്കിലും അത്യാവശ്യ കാര്യമാണെന്ന്‌ പറഞ്ഞതിനാലാണ്‌ സംസാരിക്കാന്‍ തയ്യാറായത്‌. ഫോണില്‍ സംസാരിക്കുന്നത്‌ തെറ്റാണെന്നും മാധ്യമപ്രവര്‍ത്തകനോട്‌ പറഞ്ഞിരുന്നു. തന്റെ സംഭാഷണം പരസ്യമാക്കുമെന്ന്‌ കരുതിയില്ലെന്നും അദ്ദേഹം മൊഴി നല്‍കിയതായി അറിയുന്നു. ചീഫ്‌ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഇന്ന്‌ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബാലകൃഷ്ണപിള്ളയ്ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകുക.