കൊലയാളികള്‍ക്കുവേണ്ടി സിപിഎം പരസ്യമായി രംഗത്തിറങ്ങുന്നു

Sunday 21 May 2017 9:45 am IST

വിക്രമന്‍

കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.മനോജിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുമ്പോഴും കൊലയാളികള്‍ക്കുവേണ്ടി സിപിഎം പരസ്യമായി രംഗത്തിറങ്ങുന്നു. കൊലപാതകത്തില്‍ ഒറ്റപ്പെട്ടതും സിബിഐ അന്വേഷണം ഉറപ്പായതുമാണ് സിപിഎമ്മിന്റെ പുതിയ നീക്കത്തിന് പിന്നില്‍.

സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍ കയറിയിറങ്ങി കൊലപാതകത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുകയാണ് സിപിഎം. ഇതിനുപുറമേ കേസ് നടത്തിപ്പിന് ഫണ്ട് പിരിക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനും പാര്‍ട്ടി നീക്കം നടന്നുവരുന്നുണ്ട്.

രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുസമൂഹത്തില്‍ വിമര്‍ശനത്തിനിടയാക്കുമെന്നതിലാണ് വീടുകള്‍ കയറിയിറങ്ങി സിപിഎം വിശദീകരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജന്മാഷ്ടമി ശോഭായാത്രകള്‍ക്കെതിരായ പ്രചാരണത്തിന് കണ്ണൂര്‍ ജില്ലയില്‍ നേരത്തെ സിപിഎം സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ഇവരെത്തന്നെയാണ് മനോജ് വധക്കേസിലും പാര്‍ട്ടി പ്രതിരോധത്തിന് ഉപയോഗിക്കുന്നത്. എല്ലാ വീടുകളിലും ഒരേതരത്തിലുള്ള വിശദീകരണവുമല്ല നല്‍കുന്നത്. അനുഭാവികളുടെ മുന്നില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോള്‍ സിപിഎം വീടുകളില്‍ കൊലപാതകത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

സിബിഐ അന്വേഷണം ഉറപ്പായതാണ് ഉന്നതനേതാക്കളുടെ ഉറക്കം കെടുത്തുന്നത്. അന്വേഷണം ഗൂഢാലോചന നടത്തിയ നേതാക്കളിലേക്കെത്തുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ അണികളെ സജ്ജമാക്കേണ്ട ബാധ്യതയും സിപിഎമ്മിന് വന്നുപെട്ടിട്ടുണ്ട്. ഫസല്‍ വധക്കേസിലെ സിബിഐ അന്വേഷണത്തിനെതിരെ നേരത്തെ സിപിഎം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അന്വേഷണം നേതാക്കളിലെത്തുന്ന അവസരത്തില്‍ അണികളെ പരസ്യമായി രംഗത്തിറക്കുന്നതിനാണ് ഇപ്പോഴത്തെ ഗൃഹസന്ദര്‍ശനംകൊണ്ട് സിപിഎം ഉദ്ദേശിക്കുന്നത്.

സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള നീക്കങ്ങളും മറുഭാഗത്ത് സിപിഎം നടത്തുന്നുണ്ട്. കേസ് നടത്തിപ്പിന് ഫണ്ട് രഹസ്യമായി സ്വരൂപിക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെ. സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.