പി.ജയരാജനെ അറസ്റ്റ് ചെയ്യണം: കെ. സുരേന്ദ്രന്‍

Sunday 21 May 2017 8:44 am IST

കോഴിക്കോട്:മനോജ് വധക്കേസ് അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിയെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് സിപിഎം നേതാക്കളില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ സിപിഎം ജില്ലാനേതൃത്വം രംഗത്തുവന്നിരിക്കുകയാണ്. അന്വേഷണത്തെ ഭീഷണിപ്പെടുത്തി അട്ടിമറിക്കാനും വഴിതെറ്റിക്കാനുമാണ് നീക്കം. നിയമവാഴ്ചക്കെതിരെയുള്ള ഈ പരസ്യമായ വെല്ലുവിളി ഗൗരവമായെടുക്കണം. ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ സിപിഎം അനുവര്‍ത്തിച്ച അതേനയം തന്നെയാണ് ഈ കേസിലും തുടരുന്നത്. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് ഒരു നടപടിയും ഉണ്ടായിട്ടില്ല.പരസ്യമായി നിയമലംഘനം നടത്തുന്ന ഗുരുതരമായ സാഹചര്യത്തില്‍പോലും കുറ്റകരമായ മൗനമാണ് ആഭ്യന്തരമന്ത്രി കൈക്കൊള്ളുന്നത്.മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.സിപിഎം അഭിഭാഷകര്‍ തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ച് കേസന്വേഷണം നടത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎമ്മിനെ പോലീസ് ഭയപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്. കീഴടങ്ങിയ പ്രതിയില്‍നിന്ന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തെളിവ് പുറത്തുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നില്ല.പ്രതികള്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണം. കേന്ദ്ര അന്വേഷണം വരുന്നതിനുമുമ്പ് തങ്ങള്‍ക്ക് ഹിതകരമായ തരത്തില്‍ കേസ് അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.ഏതെങ്കിലും തരത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നാല്‍ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ബിജെപി ശക്തിയായി എതിര്‍ക്കും. കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ് അട്ടിമറിച്ച സാഹചര്യമല്ല ഇന്നുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അപാകതകള്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. ടിപി. ചന്ദ്രശേഖരന്‍ വധത്തില്‍ കണ്ണൂര്‍ നേതൃത്വത്തിനെതിരെ പരസ്യമായ നിലപാടെടുത്ത വി.എസിന് കാര്യങ്ങളറിയാം. മനോജ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാത്ത നിലപാടാണ് വിഎസിനുള്ളത്.അത് പറ്റാവുന്ന രീതിയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്, സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.