സൈക്കിള്‍ മെക്കാനിക്കുകളുടെ പണിയായുധങ്ങള്‍ തുരുമ്പെടുക്കുന്നു

Sunday 21 May 2017 7:50 am IST

വിളപ്പില്‍ശാല: നാട്ടിന്‍പുറങ്ങളിലെ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകളില്‍ മിക്കതിനും പൂട്ടുവീണു. മെക്കാനിക്കുകളുടെ പണിയായുധങ്ങള്‍ തുമ്പിച്ചുതുടങ്ങി. ഒരു പതിറ്റാണ്ടുമുന്‍പ് നമ്മുടെ നിരത്തുകളില്‍ നിത്യസാന്നിധ്യമായിരുന്ന സൈക്കിളുകള്‍ ഇന്ന് വിസ്മൃതിയിലേക്ക് മറഞ്ഞു. മണിക്കൂറുകളോളം നോക്കിനിന്നാല്‍പോലും ഒരു സൈക്കിള്‍ യാത്രികനെ കാണാന്‍ കഴിയില്ല. പത്രം, പാല്‍, മത്സ്യം തുടങ്ങിയവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുവരെ തൊഴിലാളികള്‍ ഒരുകാലത്ത് സൈക്കിളുകളെ ആശ്രയിച്ചിരുന്നു. സൈക്കിളുകള്‍ മലയാളികളില്‍ ഭൂരിഭാഗവും ഉപേക്ഷിച്ചുകഴിഞ്ഞു. പകരം മോട്ടോര്‍ ബൈക്കുകളില്‍ യാത്ര തുടര്‍ന്നപ്പോള്‍ പട്ടിണിയിലേക്ക് നീങ്ങുന്നത് ഒരുകൂട്ടം സൈക്കിള്‍ മെക്കാനിക്കുകളാണ്. ദിവസേന 500 രൂപയോളം വരുമാനമുണ്ടായിരുന്ന ഇവര്‍ ഇന്ന് 100 രൂപ പോലും തികച്ചുകിട്ടാതെ ദുരിത ജീവിതം നയിക്കുകയാണ്. മറ്റ്‌തൊഴിലുകള്‍ വശമില്ലാത്തതിനാലും സൈക്കിളുകളോടുള്ള അമിത സ്‌നേഹവും, പ്രായം നല്‍കിയ അവശതയും മൂലം ചിലര്‍ മാത്രം ഇന്നും ഈ തൊഴിലുമായി മുന്നോട്ടുപോകുന്നു. അതും എത്രനാളത്തേക്കെന്ന് ഉറപ്പിലാത്ത സ്ഥിതിയിലാണ്. മണിക്കൂര്‍ നിരക്കില്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കിയും കൈയൊഴിവില്ലാതെ കേടുപാടുകള്‍ തീര്‍ത്തും വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന ഭൂതകാലത്തെ അയവിറക്കിയാണ് പല മെക്കാനിക്കുകളും തങ്ങളുടെ കൊച്ചുകടമുറിക്കുള്ളിലെ തുരുമ്പുപിടിച്ച സൈക്കിളുകളുടെ അവശിഷ്ടങ്ങള്‍ക്കരികില്‍ കഴിച്ചുകൂട്ടുന്നത്; കാറ്റുനിറയ്ക്കാനെങ്കിലും ഒരു സൈക്കിള്‍ യാത്രികന്‍ എത്തുമോയെന്ന പ്രതീക്ഷയോടെ. തൊട്ടടുത്ത മോട്ടോര്‍ ബൈക്ക് വര്‍ക്ക്‌ഷോപ്പുകളില്‍ തിരക്കൊഴിയാതെ മെക്കാനിക്കുകള്‍ പണിയെടുത്ത് പണം സമ്പാദിക്കുന്നത് കാണുമ്പോള്‍ തങ്ങളുടെ ദുര്‍ഗതിയോര്‍ത്ത് ഉള്ളൊന്നു തേങ്ങും. കുട്ടികള്‍ ഉപയോഗിക്കുന്ന ഫാന്‍സി സൈക്കിളുകളാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്. ലോഡിംഗിന് ഉപയോഗിക്കാനുള്ള സൈക്കിളുകള്‍ ഉണ്ടെങ്കിലേ മെക്കാനിക്കുകള്‍ക്ക് പണി ലഭിക്കൂ. ഫാന്‍സി സൈക്കിളുകള്‍ക്ക് അധികം പണിവരാറില്ല. മാത്രവുമല്ല, ഉപയോഗം കുറവായതിനാല്‍ പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാറില്ല. മുന്‍പ് ഒരു കവലയില്‍ രണ്ടുംമൂന്നും സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ഒരെണ്ണം കണ്ടുപിടിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. നാട്ടിന്‍പുറങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ കൂടിയായിരുന്നു സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകള്‍. സാധാരണക്കാര്‍ സ്വന്തം ഇരുചക്രവാഹനമെന്നഗമയില്‍ സൈക്കിളുകളുമായെത്തി കുശലം പറച്ചിലിനും നാട്ടുകാരുടെ ചര്‍ച്ചയ്ക്കും സൈക്കിള്‍വര്‍ക്ക്‌ഷോപ്പുകള്‍ സ്ഥിരം വേദികളാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആളും ആരവവും ഇല്ലാതെ ഈ പണിശാലകള്‍ നാട്ടിന്‍പുറത്തിന്റെ ദുഃഖമായ് ശേഷിക്കുന്നു. കായിക അധ്വാനത്തോട് മലയാളികള്‍ക്ക് താല്പര്യമില്ലാത്തതിനാല്‍ പഴയസൈക്കിള്‍ യുഗം വീണ്ടുമെത്തുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല. ശിവാകൈലാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.