വാദ്യപ്പെരുമഴയില്‍ ദിലീപ് ചരിത്രം തിരുത്തി

Sunday 21 May 2017 7:36 am IST

കൊടകര(തൃശൂര്‍): തായമ്പകയുടെ പുതിയ താളവട്ടവുമായി ശുകപുരം ദിലീപ് ചരിത്രംകുറിച്ചു. മനക്കരുത്തും കൈക്കരുത്തും സമന്വയിപ്പിച്ച് അഞ്ചു ദിനരാത്രങ്ങളോളം വാദ്യപ്പെരുമഴയിലാറാടിച്ച് ദിലീപ് ചരിത്രത്തിന്റെ നെറുകയിലേക്ക് കൊട്ടിക്കയറിയപ്പോള്‍ നെല്ലായി തുപ്പങ്കാവ് ക്ഷേത്ര മൈതാനത്ത് തിങ്ങിനിറഞ്ഞ പുരുഷാരം നൃത്തച്ചുവടുകള്‍വച്ചു. 101 മണിക്കൂര്‍ തുടര്‍ച്ചയായി തായമ്പക കൊട്ടിയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ ശുകപുരം സ്വദേശി ദിലീപ് തന്റെ തന്നെ ലിംക റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. ഇന്നലെ രാവിലെ 9 മണിയോടെ ദിലീപ് പുത്തന്‍ നേട്ടത്തിന്റെ താള പ്രപഞ്ചത്തില്‍ ലയിച്ചു. 2011ല്‍ 25 മണിക്കൂര്‍ ഒറ്റത്തായമ്പക കൊട്ടി ദിലീപ് കന്നി റെക്കോര്‍ഡിന്റെ മധുരംനുണഞ്ഞിരുന്നു. 101 മണിക്കൂര്‍ ലക്ഷ്യമിട്ടുള്ള മാരത്തോണ്‍ തായമ്പകയില്‍ ദിലീപിനൊപ്പം ആദ്യം താളമിട്ടത് പ്രസിദ്ധ വാദ്യവിദഗ്ധന്‍ പദ്മശ്രീ പെരുവനം കുട്ടന്‍ മാരാരാണ്. അമ്പതില്‍പ്പരം കലാകാരന്മാര്‍ ഇദ്ദേഹവുമൊത്ത് തായമ്പകയില്‍ പങ്കുചേര്‍ന്നു. നൂറു കണക്കിന് വാദ്യക്കാര്‍ പിന്നണിയില്‍ നിരന്നു. തൃക്കൂര്‍ ശ്രീഹരി, ചെര്‍പ്പുളശ്ശേരി രാജു, പെരുവനം സതീശന്‍ മാരാര്‍, തൃത്താല ശങ്കരകൃഷ്ണ പൊതുവാള്‍, ചൊവ്വല്ലൂര്‍ മോഹന വാരിയര്‍, കല്ലുവഴി പ്രകാശ്, പെരുവാരം സന്തോഷ്, ചെര്‍പ്പുളശ്ശേരി ശ്രീജേഷ്, തൃത്താല ശ്രീനി, ചെറുശ്ശേരി ആനന്ദ്, വടകര സുനില്‍ കുമാര്‍, വടകര സതീശന്‍, പോനൂര്‍ കൃഷ്ണദാസ്, കലാമണ്ഡലം സനൂപ്, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, പോരൂര്‍ ഹരിദാസ്, പോരൂര്‍ ഉണ്ണിക്കൃഷ്ണന്‍, പനമണ്ണ ശശി, കലാനിലയം ഉദയന്‍ നമ്പൂതിരി, ചെറുതാഴം ചന്ദ്രന്‍, ആറങ്ങോട്ടുകര ശിവന്‍, അത്താലൂര്‍ ശിവന്‍, ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചേന്ദമംഗലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം ദേവരാജന്‍, തൃത്താല കേശവദാസ്, ഡോ: നന്ദിനി വര്‍മ്മ, നീലേശ്വരം സതീഷ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വാദ്യവിദ്വാന്മാരാണ് 'നാദബ്രഹ്മം 2014' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ദിലീപിനൊപ്പം വേദി പങ്കിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.