കൊച്ചി മെട്രോ; രണ്ടാംകൊച്ചി മെട്രോ രണ്ടാംഘട്ടംഅംഗീകാരമായി

Sunday 21 May 2017 6:46 am IST

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. മെട്രോ പദ്ധതിക്കായി തയ്യാറാക്കിയ 25 കോടി രൂപയുടെ പാക്കേജും പുനരധിവാസ നയവും യോഗം അംഗീകരിച്ചു. മെട്രോ റെയില്‍ കടന്നു പോകുന്ന റൂട്ടിലെ സമാന്തര റോഡുകളുടെ വികസനത്തിന് 31.10 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ ദീര്‍ഘിപ്പിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ആണ് അംഗീകരിച്ചത്. 2016 ല്‍ ആദ്യഘട്ടം പൂര്‍ത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടം തുടങ്ങും. 11.17 കിലോ മീറ്റര്‍ പാതക്ക് 1600 കോടിയാണ് വേണ്ടത്. ഇനി ഇതിന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിക്കണം. സമാന്തര റോഡുകളുടെ വികസനത്തിന് 11.10 കോടി രൂപയുടെ പ്രവൃത്തികള്‍ കെ എം ആര്‍ എല്‍ സ്വന്തം ഫണ്ട് ഉപയോഗിച്ച് നിര്‍വഹിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നിയമപരമായി കെ എം ആര്‍ എല്ലിന് ബാധ്യതയില്ല. എങ്കിലും മികച്ച പുനരധിവാസ പാക്കേജ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. കുടിയൊഴിക്കപ്പെടുന്ന 332 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. മെട്രോ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും പരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള നിര്‍ദേശങ്ങളും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. സീനസ് കണ്‍സള്‍ട്ടന്റ്‌സ് എന്ന കമ്പനിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിനുമായി 2.17 കോടിയുടെ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.