ഓണം ബംബര്‍ ഭാഗ്യക്കുറി വിറ്റത് അരക്കോടി ടിക്കറ്റുകള്‍

Wednesday 17 September 2014 1:37 am IST

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംബര്‍ ഭാഗ്യക്കുറി വില്‍പ്പനയില്‍ റെക്കോര്‍ഡ്. ഇന്നലെ വരെ നാല്‍പ്പത്തൊമ്പതര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. നറുക്കെടുപ്പിന് രണ്ട് ദിവസം കൂടി ബാക്കിയിരിക്കെ വില്‍പ്പന 51 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ കൂടിയ വില്‍പ്പനയാകുമത്. അച്ചടിച്ച ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു എന്ന പ്രത്യേകതയുമുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ ഓണം ബംബര്‍ വില്‍പ്പന 46 ലക്ഷമായിരുന്നു. ആറ് സീരീസുകളിലായി പുറത്തിറക്കിയ തിരുവോണം ബംബര്‍ ടിക്കറ്റിന്റെ വില 200 രൂപയാണ്. ഒന്നാംസമ്മാനം ഒരാള്‍ക്ക് ആറ് കോടി രൂപ. രണ്ടാം സമ്മാനം ഒരുകോടി വീതം ആറു പേര്‍ക്കും മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 12 പേര്‍ക്കും നല്‍കും. അവസാന സമ്മാനം അഞ്ഞൂറ് രൂപയാണ്. ആകെ 29 കോടിയോളം സമ്മാനത്തുക നല്‍കുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പ് ഈ മാസം 19 ന് ഉച്ചകഴിഞ്ഞ് രണ്ടരക്കാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് സമ്മാനഘടനയിലും മറ്റും മാറ്റംവരുത്തിയാണ് ഇത്തവണ ബംബര്‍ പുറത്തിറക്കിയത്. നേരത്തെ ഒന്നാം സമ്മാനം അഞ്ചുകോടി രൂപയും സ്വര്‍ണ്ണവുമായിരുന്നു. അഞ്ച് സീരീസുകള്‍. ടിക്കറ്റ് വില 200 രൂപ തന്നെ. മൂന്ന് ദിവസം അവധിയായിട്ട് കൂടി ടിക്കറ്റ് വില്‍പ്പന ഇത്തവണ കുതിച്ചുയര്‍ന്നത് അധികൃതരേയും അമ്പരപ്പിച്ചിരിക്കുകയാണ്. പാലക്കാട്,കോട്ടയം,എറണാകുളം ജില്ലകളിലാണ് കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. സാമ്പത്തിക പ്രതിസന്ധികൊണ്ട് ഞെരുങ്ങുന്ന സര്‍ക്കാറിന് ലോട്ടറി വില്‍പ്പനയിലെ വര്‍ദ്ധന ചെറിയൊരാശ്വാസമാകും. സമ്മാനതുകയുടെ 30 ശതമാനമാണ് വിവിധ നികുതിയായി സര്‍ക്കാരില്‍ അടക്കേണ്ടത്. 51 ലക്ഷം ടിക്കറ്റുകള്‍ വിറ്റാല്‍ കിട്ടുക 102 കോടി രൂപ. ഇതില്‍ സമ്മാനത്തുകയും ഏജന്റുമാരുടെ കമ്മീഷനും മറ്റു ചെലവുകളും കിഴിക്കണം. എം.കെ.രമേഷ്‌കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.