വെള്ളക്കരം ഇരട്ടിയാക്കി; ഭൂനികുതിയിലും വര്‍ധന

Thursday 18 September 2014 12:32 pm IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കരം ഇരട്ടിയാക്കി. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. 10,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവരുടെ വെള്ളകരമാണ് വര്‍ധിപ്പിച്ചത്. അധികമായി ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒരു കിലോലിറ്റര്‍ വെള്ളത്തിന് നല്‍കിയിരുന്ന നാലുരൂപ ആറാക്കാനാണ് നിര്‍ദേശം. ഒരു വര്‍ഷമായി വാട്ടര്‍ അതോറിട്ടി ആവശ്യപ്പെടുന്നതാണ് കുടിവെള്ളക്കരം വര്‍ധന. 2008ലാണ് കുടിവെള്ളക്കരം അവസാനമായി വര്‍ധിപ്പിച്ചത്. നിലവില്‍ അഞ്ചു കിലോ ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു കിലോ ലിറ്റര്‍ വെള്ളത്തിന് നാലു രൂപയും മിനിമം 20 രൂപയുമാണ് വെള്ളക്കരം.

ഭൂനികുതി, മദ്യം, പുകയില വസ്തുക്കളുടെയും നികുതി കൂട്ടിയിട്ടുണ്ട്. മദ്യത്തിന്റെ നികുതി 20 ശതമാനമാണ് കൂട്ടിയിരിക്കുന്നത്. ബിയര്‍ വൈന്‍ എന്നിവയുടെ നികുതി50ല്‍ നിന്ന് 70 ശതമാനം ആക്കി ഉയര്‍ത്തി. അഞ്ച് ശതമാനം അധിക സെസ് ഏര്‍പ്പെടുത്തി. ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിന് അധിക സെസ് ഉപയോഗിക്കും. ഇതിലൂടെ 1200 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സിഗരറ്റിന്റെ നികുതി 22 ശതമാനത്തില്‍ നിന്നും 30 ശതമാനം ആക്കി ഉയര്‍ത്തി.

ഭൂമിയുടെ നികുതി പഞ്ചാത്തുകളില്‍ 20 സെന്റ് വരെ ഒരു രൂപയും 20 സെന്റിന് മുകളില്‍ സെന്റിന് രണ്ട് രൂപ വീതവും കൂടും. കോര്‍പ്പറേഷനുകളില്‍ നാല് സെന്റിന് മുകളില്‍ എട്ട് രൂപ കൂടും. മുനിസിപ്പാലിറ്റികളില്‍ ആറ് സെന്റിന് മുകളില്‍ നാല് രൂപയാണ് വര്‍ധിപ്പിക്കുക. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാറ്റമുണ്ടാകില്ല. അതേസമയം 10 രൂപയക്ക് മുകളിലുള്ള സര്‍ക്കാര്‍ സേവന ഫീസുകളും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ വിദേശ യാത്രകള്‍ കുറയ്ക്കാനും തീരുമാനമായി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മന്ത്രിമാര്‍ വിദേശയാത്ര ചെയ്യില്ല.

ബാറുകള്‍ അടച്ചു പൂട്ടുന്നതോടെ സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന ഭീമമായ നഷ്ടം മറികടക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. ബജറ്റിലല്ലാതെ ഇതാദ്യമായാണ് സര്‍ക്കാര്‍ വിവിധ തരം നികുതികള്‍ ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.