മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താന്‍ വളഞ്ഞവഴിയുമായി തമിഴ്‌നാട്

Wednesday 17 September 2014 10:38 pm IST

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുയര്‍ത്താന്‍ വളഞ്ഞവഴിയുമായി തമിഴ്‌നാട്. മുല്ലപ്പരിയാര്‍ ഡാമില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് നാലിലൊന്നായി ചുരുക്കിക്കൊണ്ടാണ് ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാട് യത്‌നിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ലാതായിട്ടും 133 അടി വെള്ളം ഉള്ളത് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതുകൊണ്ടാണ്. കഴിഞ്ഞ നാളുകളില്‍ 150 ദശലക്ഷം ഘനഅടി ജലമാണ് തമിഴ്‌നാട് ഒരു ദിവസം കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം 43 ദശലക്ഷം ഘനഅടി വെള്ളം മാത്രമാണ് എടുക്കുന്നത്. വെള്ളം 142 അടിയാക്കുവാനുള്ള വളഞ്ഞവഴിയാണിത്. മുല്ലപ്പെരിയാറില്‍ നിന്നും കടത്തിക്കൊണ്ടുപോകുന്ന വെള്ളം ലോവര്‍പെരിയാറില്‍ വൈദ്യുതിയുണ്ടാക്കുന്നതിന് വേണ്ടിയെടുത്തതിന് ശേഷം വൈഗ ഡാമിലെത്തിച്ച് കൃഷിയാവശ്യങ്ങള്‍ നടത്തുകയാണ് പതിവ്. ഇത്തവണ മുല്ലപ്പെരിയാറില്‍ നിന്നും വെളളം കൊണ്ടുപോകുന്നത് നാലിലൊന്നായി കുറച്ചതോടെ വൈദ്യുതി ഉത്പ്പാദനവും കൃഷിയാവശ്യങ്ങള്‍ക്കായുള്ള വെള്ളവും കുറഞ്ഞു. വൈഗ ഡാമില്‍ 33 ശതമാനം വെള്ളം മാത്രമാണുള്ളത്. 150 ദശലക്ഷം ഘനയടി തമിഴ്‌നാട് കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ വൈഗ ഡാമില്‍ 60 ശതമാനത്തിനടുത്ത് വെള്ളം ഉണ്ടാകുമായിരുന്നു. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് മുന്നില്‍ തമിഴ്‌നാട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേരളത്തിന് ലഭിച്ചത്. സംഗീത് രവീന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.